Sports
അത്ഭുതങ്ങളില്ല, റിയോയിലും ബോള്‍ട്ട് മാത്രംഅത്ഭുതങ്ങളില്ല, റിയോയിലും ബോള്‍ട്ട് മാത്രം
Sports

അത്ഭുതങ്ങളില്ല, റിയോയിലും ബോള്‍ട്ട് മാത്രം

Subin
|
27 May 2018 3:25 AM GMT

അത്ഭുതങ്ങളോ അട്ടിമറികളോ സംഭവിച്ചില്ല, ലോകത്തിലെ ഏറ്റവും വേഗമുള്ള മനുഷ്യന്‍ എന്ന സ്ഥാനം വിട്ടുകൊടുക്കാതെ ഹുസൈന്‍ ബോള്‍ട്ട് റിയോയിലും 100 മീറ്റര്‍ സ്വര്‍ണ്ണം നേടി

അത്ഭുതങ്ങളോ അട്ടിമറികളോ സംഭവിച്ചില്ല, ലോകത്തിലെ ഏറ്റവും വേഗമുള്ള മനുഷ്യന്‍ എന്ന സ്ഥാനം വിട്ടുകൊടുക്കാതെ ഉസൈന്‍ ബോള്‍ട്ട് റിയോയിലും 100 മീറ്റര്‍ സ്വര്‍ണ്ണം നേടി. 100 മീറ്റര്‍ 9.81 സെക്കന്റില്‍ പൂര്‍ത്തിയാക്കി ബോള്‍ട്ട് സ്വര്‍ണ്ണം നേടിയപ്പോള്‍ അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍(9.89) വെള്ളിയും കാനഡയുടെ ആേ്രന്ദ ഡി ഗാര്‍സ്യ(9.91) വെങ്കലവും നേടി.

ഒളിംപിക്‌സ് പോലുള്ള വലിയ വേദികളില്‍ അവസരത്തിനൊത്ത പ്രകടനം കാഴ്ച്ചവെക്കുന്ന ബോള്‍ട്ട് ശൈലി റിയോയിലും തെറ്റിയില്ല. ആടിപ്പാടിയായിരുന്നു റിയോയിലെ 100 മീറ്റര്‍ ഫൈനലിനും ബോള്‍ട്ട് എത്തിയത്. സമ്മര്‍ദ്ദം അതിജീവിക്കാന്‍ മത്സരത്തിനുമുമ്പ് കാമറക്ക് മുന്നിലെ കോമാളിക്കളികള്‍ക്കും മാറ്റമുണ്ടായില്ല. എങ്കിലും ചെറുതല്ലാത്ത സമ്മര്‍ദ്ദം ബോള്‍ട്ടിന്റെ മുഖത്ത് പ്രകടമായിരുന്നു.

വെടിയൊച്ചക്ക് പിന്നാലെ മത്സരം തുടങ്ങിയപ്പോള്‍ സഹതാരങ്ങള്‍ കുതിച്ചുപായുമ്പോഴും പതിഞ്ഞ തുടക്കമായിരുന്നു ബോള്‍ട്ടിന്റേത്. സെമിഫൈനലിലേക്കാള്‍ മോശം തുടക്കമായിരുന്നു ബോള്‍ട്ടിന്റേത്. ആദ്യ 60 മീറ്ററില്‍ 34കാരനായ അമേരിക്കന്‍ താരം ജസ്റ്റിന്‍ ഗാറ്റ്‌ലിനായിരുന്നു മുന്നിട്ടു നിന്നത്. ഈ അവസരത്തില്‍ ഗാറ്റ്‌ലിന്‍ നേടിയെന്ന് പോലും തോന്നിപ്പിച്ചു.

ഇഞ്ചോടിഞ്ച് പോരാട്ടമെന്ന തോന്നലില്‍ നിന്ന് ബോള്‍ട്ട് പതുക്കെ മുന്നിലേക്ക് കയറിവന്നു. ഫിനിഷിംഗ് പോയിന്റിലേക്ക് അടുക്കും തോറും ബോള്‍ട്ട് മാത്രമായിരുന്നു മുന്നില്‍. അനായാസമെന്ന് തോന്നിപ്പിക്കും വിധമുള്ള ഫിനിഷോടെ ഉസൈന്‍ ബോള്‍ട്ട് ലോകത്തിലെ ഏറ്റവും വേഗമുള്ള മനുഷ്യനുള്ള ബഹുമതി മൂന്നാം ഒളിംപിക്‌സിലും സ്വന്തമാക്കി. സെമി ഫൈനലിനെ അപേക്ഷിച്ച് 0.05 സെക്കന്റ് വേഗത മാത്രമാണ് ബോള്‍ട്ട് ഫൈനലില്‍ കൈവരിച്ചത്.

മൂന്നാം സ്ഥാനത്തിന് വേണ്ടിയായിരുന്നു കടുത്ത മത്സരം നടന്നത്. ജമൈക്കയുടെ യൊഹാന്‍ ബ്ലേക്കിനെ(9.93) പിന്തള്ളി കാനഡയുടെ ആന്ദ്രേ ഡി ഗ്രേസ്(9.91) വെങ്കലത്തില്‍ മുത്തമിട്ടു. ദക്ഷിണാഫ്രിക്കയുടെ അകാനി സിംബൈന്‍ 9.94 സെക്കന്റില്‍ അഞ്ചാമതെത്തി.

ബോള്‍ട്ടിന്റെ തന്നെ മികച്ച സമയങ്ങളോട് കിടപിടിക്കുന്നതല്ല റിയോയില്‍ കുറിച്ച 9.81 എന്ന സമയം. ബോള്‍ട്ടിന്റെ ഒളിംപിക്‌സിലെ ഏറ്റവും മോശം പ്രകടനമാണിത്. കഴിഞ്ഞ ലണ്ടന്‍ ഒളിംപിക്‌സില്‍ 9.63 സെക്കന്റ് സമയം കുറിച്ച് സ്വര്‍ണ്ണം നേടുമ്പോള്‍ കരിയറിലെ ഔന്നത്യത്തിലായിരുന്നു ബോള്‍ട്ട്. 2013ല്‍ മോസ്‌കോയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ 9.77 സെക്കന്റിലാണ് ബോള്‍ട്ട് സ്വര്‍ണം നേടിയത്. കഴിഞ്ഞവര്‍ഷം ബെയ്ജിംഗില്‍ 9.79 ആയിരുന്നു സമയം. അടുത്തവര്‍ഷം വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്ന ബോള്‍ട്ടിന്റെ വേഗം പടി പടിയായി കുറഞ്ഞുവരുകയാണോ എന്ന് സംശയിപ്പിക്കും വിധമായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. എങ്കിലും ഇപ്പോഴെല്ലാം മറ്റു താരങ്ങള്‍ക്ക് അപ്രാപ്യമായ ഉയരത്തിലാണ് ബോള്‍ട്ടുള്ളത്.

കൂടുതല്‍ വേഗം പ്രതീക്ഷിച്ചിരുന്നുവെന്നും ട്രിപ്പിള്‍ തികക്കാനായതില്‍ അതിയായ സന്തോഷമുണ്ടെന്നുമായിരുന്നു ബോള്‍ട്ടിന്റെ ആദ്യ പ്രതികരണം. ഈ സ്വര്‍ണം ജമൈക്കക്കാര്‍ക്കുള്ളതാണെന്നായിരുന്നു ബോള്‍ട്ട് ട്വിറ്ററിലൂടെ പ്രതികരിച്ചത്. പൊതുവെ സെമി മത്സരങ്ങളും ഫൈനലും തമ്മില്‍ രണ്ട് മണിക്കൂര്‍ ഇടവേളയുണ്ടാവാറുണ്ട്. എന്നാല്‍ ബോള്‍ട്ടിന് ഒരു മണിക്കൂറും 20 മിനിറ്റും മാത്രമാണ് ഇടവേള ലഭിച്ചത്. ഇതും പ്രകടനത്തെ ബാധിച്ചെന്ന് വേണം കരുതാന്‍.

ബോള്‍ട്ട് ഇനി റിയോയില്‍ വ്യക്തിഗത ഇനത്തില്‍ 200 മീറ്ററിലും ടീമിനത്തില്‍ 4*100 റിലേയിലും മത്സരിക്കുന്നുണ്ട്. പരിക്കും ഫൗള്‍സ്റ്റാര്‍ട്ടും ചതിച്ചില്ലെങ്കില്‍ 200ലും റിലേയിലും ബോള്‍ട്ട് സ്വര്‍ണ്ണം നേടുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്.

Similar Posts