യുഎസ് ഓപ്പണിന് ഇന്ന് തുടക്കം
|ടോപ് സീഡുകളായ നൊവാക് ജോക്കോവിച്ചിനും സെറീന വില്യംസിനും ആദ്യ റൌണ്ട് മത്സരങ്ങള്‍ കടുപ്പമേറിയതാണ്.
ഈ വര്‍ഷത്തെ അവസാന ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റായ യുഎസ് ഓപ്പണിന് ഇന്ന് തുടക്കമാകും. ടോപ് സീഡുകളായ നൊവാക് ജോക്കോവിച്ചിനും സെറീന വില്യംസിനും ആദ്യ റൌണ്ട് മത്സരങ്ങള്‍ കടുപ്പമേറിയതാണ്. ഒളിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാവ് ആന്‍ഡി മറെ ആദ്യ മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക് താരം ലൂകാസ് റൊസോലിനെ നേരിടും.
ടോപ് സീഡുകളായ നൊവാക് ജോക്കോവിച്ചും സെറീന വില്യംസും തന്നെയാണ് ഫ്ലഷിങ് മെഡോയിലെ ശ്രദ്ധാകേന്ദ്രങ്ങള്‍. ഒളിമ്പിക്സില്‍ മോശം പ്രകടനത്തെ തുടര്‍ന്ന് ആദ്യ റൌണ്ടില്‍ പുറത്തായ ജോക്കോവിച്ചിനും സെറീനക്കും തിരിച്ചുവരവിനും കൂടിയുള്ള അവസരമാണ് യുഎസ് ഓപ്പണ്‍. എന്നാല്‍ പരിക്കില്‍ നിന്നും പൂര്‍ണമായും മോചിതമാകാത്തത് ഇരുവരെയും അലട്ടുന്നുണ്ട്. കൈകുഴക്കേറ്റ പരിക്കാണ് ജോക്കോവിച്ചിന്റെ തലവേദന. തോളിനേറ്റ പരിക്കില്‍ നിന്നും സെറീന വില്യംസ് പൂര്‍ണമായും മോചിതമായിട്ടില്ല. പോളണ്ട് താരം ജേഴ്സ് ജാനോവിച്ചിനെയാണ് ആദ്യ മത്സരത്തില്‍ ജോക്കിവിച്ചിന് നേരിടേണ്ടത്. ചെക്ക് റിപ്പബ്ലിക് താരം ജിറി വെസ്ലിയാണ് സെറീനക്ക് എതിരാളി. ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവും രണ്ടാം സീഡുമായ ആന്‍ഡി മറെയും ഒളിമ്പിക്സില്‍ മികച്ച പ്രകടനം കാഴ്‍ച്ചവെച്ച അര്‍ജന്റീനിയന്‍ താരം ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയും യുഎസ് ഓപ്പണിലെ കിരീട സാധ്യത കല്‍പ്പിക്കപ്പെടുന്ന താരങ്ങളാണ്. വനിതകളില്‍ റോബര്‍ട്ടോ വിന്‍സിയും ആങ്കലിക് കെര്‍ബറും ഇന്നിറങ്ങും. പരിക്ക് വേട്ടയാടുന്നുണ്ടെങ്കിലും റാഫേല്‍ നദാല്‍ മത്സരിക്കും. ഡെനിസ് ഇസ്തോമിനാണ് റാഫയുടെ എതിരാളി. പരിക്കില്‍ നിന്ന് മുക്തനാകാത്തത് മൂലം റോജര്‍ ഫെഡററിന് ഇത്തവണ കളിക്കാനാകില്ല.