Sports
കരീബിയന്‍ കരുത്തിലലിഞ്ഞ് വിരാടവീര്യം; ഇന്ത്യ പുറത്ത്കരീബിയന്‍ കരുത്തിലലിഞ്ഞ് വിരാടവീര്യം; ഇന്ത്യ പുറത്ത്
Sports

കരീബിയന്‍ കരുത്തിലലിഞ്ഞ് വിരാടവീര്യം; ഇന്ത്യ പുറത്ത്

admin
|
27 May 2018 11:35 AM GMT

കണക്കും കരുത്തും തുണക്കാതെ പോയ പോരില്‍ നിര്‍ഭാഗ്യം കൂടി കൂട്ടിനെത്തിയതോടെ ഇന്ത്യയെ ജയം കൈവിട്ടു.

കണക്കും കരുത്തും തുണക്കാതെ പോയ പോരില്‍ നിര്‍ഭാഗ്യം കൂടി കൂട്ടിനെത്തിയതോടെ ഇന്ത്യയെ ജയം കൈവിട്ടു. കരീബിയന്‍ കരുത്തില്‍ വിരാടവീര്യം അലിഞ്ഞുപോയപ്പോള്‍ ഇന്ത്യ വഴങ്ങിയത് ഏഴു വിക്കറ്റിന്റെ പരാജയം. രണ്ടാം സെമിയില്‍ വെസ്റ്റിന്‍ഡീസിനോട് തോറ്റ് ആതിഥേയര്‍ ട്വന്റി 20 ലോകകപ്പിലെ കുതിപ്പിന് സഡന്‍ ബ്രേക്കിട്ടു.

ഇന്ത്യ ഉയര്‍ത്തിയ 193 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം 19.4 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ് മറികടന്നു. നോബോളിന്റെ രൂപത്തില്‍ രണ്ടു തവണ ഭാഗ്യം തുണച്ചപ്പോള്‍ നഷ്ടപ്പെട്ടുപോയെന്ന് കരുതിയ വിക്കറ്റ് തിരിച്ചുകിട്ടിയ സൈമണ്‍സ് തന്നെയാണ് ഇന്ത്യക്ക് വാരിക്കുഴിയൊരുക്കിയത്. 51 പന്തില്‍ നിന്നു അഞ്ച് സിക്സറിന്റെയും ഏഴു ബൌണ്ടറികളുടെയും അകമ്പടിയോടെ 83 റണ്‍സ് അടിച്ചുകൂട്ടിയ സൈമണ്‍സ് ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍ക്ക് മേല്‍ നിരാശയുടെ കര്‍ട്ടണിട്ടു. സൈമണ്‍സിനു കൂട്ടായി ആന്ദ്രെ റസ്സലും തീപാറുന്ന പ്രകടനം പുറത്തെടുത്തതോടെ വിന്‍ഡീസിന്റെ വിജയം അനായാസമായി. 20 പന്തുകള്‍ നേരിട്ട റസ്സല്‍ 43 റണ്‍സ് അടിച്ചെടുത്തു. നേരത്തെ 36 പന്തുകളില്‍ നിന്നു അര്‍ധ ശതകം കുറിച്ച ജോണ്‍സണ്‍ ചാള്‍സ്(52) വിന്‍ഡീസിന് മികച്ച തുടക്കമാണ് നല്‍കിയത്. അഞ്ച് റണ്‍സെടുത്ത ക്രിസ് ഗെയിലിന്റെ വിക്കറ്റ് തെറിപ്പിച്ച ബുംറ വിന്‍ഡീസിനെ ഞെട്ടിച്ചെങ്കിലും കരീബിയന്‍ കരുത്തിന്റെ നെടുംതൂണ്‍ ഒരു ഗെയില്‍ മാത്രമല്ലെന്ന് തെളിയിക്കുന്നതായിരുന്നു പിന്നീടങ്ങോട്ടുള്ള പ്രകടനം. ആശിഷ് നെഹ്റെ ഒഴികെ പന്തെടുത്തവരെല്ലാം കരീബിയന്‍ ബാറ്റ്സ്‍മാന്‍മാരുടെ കരുത്തറിഞ്ഞു. അവസാന ഓവര്‍ എറിയാനെത്തിയ കൊ‍ഹ്‍ലിയെ ഗാലറിയില്‍ എത്തിച്ചാണ് റസ്സല്‍ വിന്‍ഡീസിന് കലാശപ്പോരിനുള്ള ടിക്കറ്റെടുത്തു നല്‍കിയത്. ഭാഗ്യത്തിന്റെ നിഴലില്‍ വിന്‍ഡീസിനെ വിജയത്തിലേക്ക് നയിച്ച സൈമണ്‍സാണ് മാന്‍ ഓഫ് ദ മാച്ച്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ നിശ്ചിത 20 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തു. 31 പന്തുകളില്‍ നിന്നും 43 റണ്‍സെടുത്ത രോഹിത് ശര്‍മയും 35 പന്തില്‍ നിന്നു 40 റണ്‍സെടുത്ത അജന്‍ക്യ രഹാനെയും ടീമിന് നല്‍കിയ മികച്ച അടിത്തറയില്‍ നിന്നു ശതകത്തോളം പ്രഭാവമുള്ള അര്‍ധ സെഞ്ച്വറി പ്രകടനവുമായി സൂപ്പര്‍താരം വിരാട് കൊഹ്‍ലിയിലൂടെ ഇന്ത്യ കൂറ്റന്‍ സ്‍കോര്‍ കെട്ടിപ്പടുക്കുകയായിരുന്നു. അര്‍ധ സെഞ്ച്വറിക്ക് ശേഷം കൊഹ്‍ലി ബാറ്റിങ് വിസ്‍ഫോടനം നടത്തിയതോടെ ഇന്ത്യയുടെ സ്‍കോര്‍ മിന്നല്‍വേഗത്തില്‍ കുതിച്ചുയര്‍ന്നു. ബ്രാത്ത്‍വെയ്റ്റിനെയും ബ്രാവോയെയും ഒരുപോലെ തുടര്‍ച്ചയായി അതിര്‍ത്തി കടത്തിയ കൊഹ്‍ലി പതിവുപോലെ കളിയുടെ കടിഞ്ഞാണ്‍ ഇന്ത്യയുടെ വരുതിലാക്കി. മികച്ച പിന്തുണയുമായി നായകന്‍ ധോണിയും കൂടി ക്രീസില്‍ നിലയുറപ്പിച്ചതോടെ കൊഹ്‍ലിയുടെ പ്രഹരശേഷി പതിന്‍മടങ്ങ് വര്‍ധിച്ചു. അവസാന ഓവറുകളില്‍ കൊഹ്‌‍ലി - ധോണി മാസ് വെടിക്കെട്ടിനാണ് ക്രിക്കറ്റിന്റെ കളിമുറ്റമായ മുംബൈ വാങ്കഡെ സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്. കൊ‍ഹ്‍ലി 47പന്തുകള്‍ നേരിട്ട് 89 റണ്‍സുമായി പുറത്താകെ നിന്നു. ധോണി 9 പന്തില്‍ നിന്നു 15 റണ്‍സെടുത്തു.

Similar Posts