ട്വന്റി 20 പരമ്പരയും ഇന്ത്യക്ക്
|കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് മൈതാനത്ത് ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം കാണാനായി മഴയത്തും മണിക്കൂറുകളോളം ക്ഷമയോടെ കാത്തിരുന്ന ആരാധകരെ ടീം ഇന്ത്യ നിരാശപ്പെടുത്തിയില്ല.
ക്രിക്കറ്റ് ആവേശം എട്ട് ഓവറിലേക്ക് ആറ്റിക്കുറുക്കിയ മത്സരത്തില്‍ ഇന്ത്യക്ക് ആറ് റണ്‍സ് ജയം. കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് മൈതാനത്ത് ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം കാണാനായി മഴയത്തും മണിക്കൂറുകളോളം ക്ഷമയോടെ കാത്തിരുന്ന ആരാധകരെ ടീം ഇന്ത്യ നിരാശപ്പെടുത്തിയില്ല. ഇന്ത്യ ഉയര്‍ത്തിയ 68 റണ്‍സ് വിജയലക്ഷ്യത്തിന് ആറ് റണ്‍സകലെ ന്യൂസിലന്‍റ് കിതച്ചുവീണു. ഏകദിന പരമ്പരക്ക് പിന്നാലെ ട്വന്റി 20 പരമ്പരയും ഇന്ത്യ ന്യൂസിലന്റിനെ തോല്‍പിച്ച് സ്വന്തമാക്കി.
ബൗളര്‍മാരുടെ മികച്ച പ്രകടനമാണ് താരതമ്യേന ചെറിയ സ്‌കോറായിട്ടും ജയം കൈപ്പിടിയിലൊതുക്കാന്‍ ഇന്ത്യയെ സഹായിച്ചത്. രണ്ട്ഓവറില്‍ വെറും എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത യുസ്‌വേന്ദ്ര ചാഹലും രണ്ട് ഓവറില്‍ പത്ത് റണ്‍ മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്ത ബുംറയും ഇന്ത്യന്‍ നിരയില്‍ കൂടുതല്‍ തിളങ്ങി. ചാഹല്‍ എറിഞ്ഞ ആറാം ഓവറാണ് കളി ഇന്ത്യയുടെ വരുതിയിലാക്കിയത്. ഈ ഓവറില്‍ വെറും മൂന്ന് റണ്‍സ് മാത്രം വിട്ടുകൊടുത്ത ചാഹല്‍ കിവീസിനെ വരിഞ്ഞു മുറുക്കി.
ഏഴാം ഓവറില്‍ കൂറ്റനടിക്ക് നിര്‍ബന്ധിതനായ ന്യൂസിലന്റിന്റെ നിക്കോളിസ് ബുംറക്ക് വിക്കറ്റ് നല്‍കി. ഇതേ ഓവറില്‍ ഇല്ലാത്ത റണ്ണിനോടി ബ്രൂസ് പാണ്ഡ്യയുടെ ഏറില്‍ റണ്ണൗട്ടാവുകയും ചെയ്തു. ആദ്യ ഓവറില്‍ തുടങ്ങി ഏഴാം ഓവര്‍ വരെ നിശ്ചിത ഇടവേളകളില്‍ വിക്കറ്റ് നേടിയ ഇന്ത്യന്‍ ബൗളര്‍മാര്‍ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. എട്ട് ഓവറുകള്‍ എണ്ണി തീര്‍ന്നപ്പോള്‍ ന്യൂസിലന്‍റ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സിലൊടുങ്ങി.
മഴ രസംകൊല്ലിയായി എത്തിയിട്ടും രണ്ടര മണിക്കൂറോളം ആവേശം കൈവിടാതെ സൂക്ഷിച്ച കാര്യവട്ടത്തെ കാണികളോടാണ് ഇരുടീമുകളും നന്ദി പറയേണ്ടത്. മഴമൂലം എട്ട് ഓവറാക്കി ചുരുക്കിയ മത്സരം രാത്രി ഏഴിന് പകരം ഒമ്പതരയോടെയാണ് ആരംഭിച്ചത്. നിര്‍ണ്ണായകമായ ടോസിന്റെ അനുഗ്രഹം കിവീസിനാണ് ലഭിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംങിനിറങ്ങിയ ഇന്ത്യയുടെ ഓപണര്‍മാര്‍ വേഗം തന്നെ മടങ്ങി. രോഹിത് ശര്‍മയേയും(8) ധവാനേയും(6) തുടര്‍ച്ചയായ പന്തുകളില്‍ മടക്കി ടിംസൗത്തിയാണ് ന്യൂസിലന്റ് നിരയില്‍ തുടക്കത്തിലേ തിളങ്ങിയത്. കൂറ്റനടികള്‍ക്ക് മുതിര്‍ന്ന ക്യാപ്റ്റന്‍ കോഹ്ലി ആറ് പന്തുകളില്‍ നിന്നും ഒരു ഫോറും ഒരു സിക്‌സും പറത്തി 13 റണ്ണെടുത്ത് മടങ്ങി. ഇഷ് സോഥിയാണ് കോഹ്ലിയേയും ശ്രേയസ് അയ്യരേയും മടക്കിയത്.
അവസാന ഘട്ടത്തില്‍ മനീഷ് പാണ്ഡെയും(17) ഹാര്‍ദിക് പാണ്ഡ്യയും(15*) ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ 67ലെത്തിച്ചു. അവസാന ഓവറിലെ രണ്ടാം പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച പാണ്ഡെയെ ലോങ് ഓണില്‍ പറന്നു വന്ന് ഗോള്‍ കീപ്പറുടെ ശൈലിയില്‍ പന്ത് പിടിച്ചെടുത്ത് സാറ്റ്നര്‍ സഹതാരം സഹതാരത്തിന്റെ കൈകളിലേക്ക് പൂപോലെ ഇട്ടുകൊടുക്കുകയായിരുന്നു. ന്യൂസിലന്റിന്റെ ഫീല്‍ഡിംങ് മികവ് ഇന്ത്യന്‍ സ്‌കോറില്‍ പത്ത് റണ്‍സിന്റെയെങ്കിലും കുറവു വരുത്തി. എങ്കിലും പിന്നീട് ഇന്ത്യന്‍ ബൗളര്‍മാരിലേക്ക് കാണികളുടെ ആവേശം പടര്‍ന്നു കയറിയതോടെ ജയവും പരമ്പരയും ആതിഥേയര്‍ക്കൊപ്പം നിന്നു.