ഇന്ത്യ ശ്രീലങ്ക ടെസ്റ്റ് പരമ്പര നാളെ മുതല്‍
|ലങ്കക്കെതിരായ മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര കൂടി നേടിയാല്‍ ലോക റാങ്കിങ്ങിലെ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിക്കാം.
ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരക്ക് നാളെ തുടക്കം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണ് ആദ്യ മത്സരം. പരമ്പര നേടി ഒന്നാം സ്ഥാനം ഉറപ്പിക്കാനാകും കോഹ്‍ലിയുടെയും സംഘത്തിന്‍റെയും ശ്രമം.
ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും മികച്ച ഫോം തുടരുന്ന ഇന്ത്യക്ക് ഇനി ലങ്കന്‍ പരീക്ഷയാണ്. കിവീസിനെതിരായ ട്വന്റി-20 പരന്പര സ്വന്തമാക്കി എത്തുന്ന ടീമിന് ലങ്കക്കെതിരായ മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര കൂടി നേടിയാല്‍ ലോക റാങ്കിങ്ങിലെ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിക്കാം. 2012 ന് ശേഷം സ്വന്തം മണ്ണില്‍ ടെസ്റ്റ് പരമ്പര തോറ്റിട്ടില്ല എന്നത് ഇന്ത്യന്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. കൂടാതെ ലങ്കയേക്കാള്‍ മികച്ച നിരയെ അണിനിരത്താന്‍ ശാസ്ത്രിക്കും സംഘത്തിനും സാധിച്ചിട്ടുണ്ട്.
ലങ്ക ഇതുവരെ ഇന്ത്യന്‍ മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പര ജയിച്ചിട്ടുമില്ല. പക്ഷെ പാകിസ്താനെതിരായ പരമ്പര നേട്ടം അവരിലും നേരിയ പ്രതീക്ഷക്ക് ഇടയാക്കിയിട്ടുണ്ട്. നായകന്‍ വിരാട് കോഹ്‍ലി, കുല്‍ദീപ് യാദവ്, രോഹിത് ശര്‍മ, വൃദ്ധിമാന്‍ സാഹ, ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്ക് പുറമെ മുരളി വിജയ്, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ലോകേഷ് രാഹുല്‍, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവരും പതിനഞ്ചംഗ ടീമിലുണ്ട്. അശ്വിന്‍, ജഡേജ സ്പിന്‍ കരുത്ത് തിരിച്ചെത്തുന്നത് പ്രതീക്ഷയാണ്. ബാറ്റിങ്ങില്‍ ചേതേശ്വര്‍ പൂജാര, കോഹ്‍ലി, രഹാനെ എന്നിവരില്‍ കൂടുതല്‍ പ്രതീക്ഷ വെക്കുന്നു. മികച്ച ഫോമില്‍ തുടരുന്ന ഹാര്‍ദിക് പാണ്ഡ്യക്ക് വിശ്രമം നല്‍കുകയായിരുന്നു.
ദിനേശ് ചാണ്ഡിമല്‍ നയിക്കുന്ന ലങ്കന്‍ ടീമില്‍ ആഞ്ചലോ മാത്യൂസ് രങ്കണ ഹെറാത്ത്, ദിമുത്ത് കരുണ രത്നെ, നിരോശന്‍ ഡിക്വല്ലെ, ദില്‍റുവാന്‍ പെരേരെ തുടങ്ങി നിലവിലെ സജീവ താരങ്ങളുണ്ട്. രാവിലെ 9.30 ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം.