900 റണ്‍സുമായി അജയ്യനായി കൊഹ്‍ലി
|ട്വന്‍റി20യില്‍ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ അര്‍ധശതകങ്ങള്‍ നേടുന്ന താരമെന്ന നേട്ടവും കൊഹ്‍ലി ഇന്നലെ കൈപ്പിടിയിലൊതുക്കി. കുട്ടിക്രിക്കറ്റിന്‍റെ ......
ഐപിഎല്ലില്‍ മിന്നുന്ന ഫോം തുടരുന്ന ഇന്ത്യന്‍ താരം വിരാട് കൊഹ്‍ലി തച്ചുടയ്ക്കാത്ത റെക്കോഡുകളില്ല. ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരായ നിര്‍ണായക മത്സരത്തില്‍ ഇന്നലെ നായകന്‍റെ ഇന്നിങ്സ് പുറത്തെടുത്ത കൊഹ്‍ലി അര്‍ധശതകവുമായി ടീമിനെ പ്ലേ ഓഫ് റൌണ്ടിലെത്തിച്ചു. ഒരു ഘട്ടത്തില്‍ ബംഗളൂരുവിനെ സംബന്ധിച്ചിടത്തോളം സ്വപ്നം കാണാന്‍ പോലും പറ്റാത്ത സ്ഥാനത്തേക്ക് തന്‍റെ ബാറ്റിങ് മികവുമായി ഒറ്റയ്ക്ക് കൈപിടിച്ച് ഉയര്‍ത്തുകയായിരുന്നു കൊഹ്‍ലി. ഐപിഎല്ലിന്‍റെ ഒരു എഡിഷനില്‍ 900 റണ്‍ കുറിക്കുന്ന താരമെന്ന ബഹുമതി ഇന്നലത്തെ ഇന്നിങ്സോടെ കൊഹ്‍ലി സ്വന്തമാക്കി. ട്വന്‍റി20യില്‍ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ അര്‍ധശതകങ്ങള്‍ നേടുന്ന താരമെന്ന നേട്ടവും കൊഹ്‍ലി ഇന്നലെ കൈപ്പിടിയിലൊതുക്കി. കുട്ടിക്രിക്കറ്റിന്‍റെ രാജാവെന്ന് അറിയപ്പെടുന്ന സാക്ഷാല്‍ ക്രിസ് ഗെയിലിന്‍റെ നേട്ടമാണ് ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ പഴങ്കഥയാക്കിയത്. 2012ല്‍ 16 തവണയായിരുന്നു ഗെയില്‍ അര്‍ധശതകം പൂര്‍ത്തിയാക്കിയിരുന്നത്.
ഈ സീസണില്‍ മൂന്നാം ശതകം കുറിച്ച കൊഹ്‍ലി ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ തവണ നൂറിന്‍റെ മികവു നേടുന്ന താരമെന്ന ബഹുമതി നേരത്തെ സ്വന്തമാക്കിയിരുന്നു. ഐപിഎല്ലില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടുന്ന താരമെന്ന ഖ്യാതി ഗെയിലിനെ മറികടന്ന് കൊഹ്‍ലി സ്വന്തമാക്കിയതും ഈ വര്‍ഷം തന്നെ. 15 മത്സരങ്ങളില്‍ നിന്നും 733 റണ്‍സെന്ന ഗെയിലാട്ടത്തെ കൊഹ്‍ലി മറികടന്നതാകട്ടെ കേവലം 12 മത്സരങ്ങളില്‍ നിന്നും.