കളിക്കളത്തില്‍ വിങ്ങിപ്പൊട്ടി മെസി
|മൂന്നു വര്‍ഷം, മൂന്നു ഫൈനലുകള്‍, മൂന്നിലും തോല്‍വി... ഇനിയും എത്ര നാള്‍. ഈ ചിന്തയാകാം ലയണല്‍ മെസിയെന്ന അതികായനെ രാജ്യാന്തര ഫുട്ബോളിനോട് മുഖംതിരിക്കാന്‍ പ്രേരിപ്പിച്ചത്.
മൂന്നു വര്‍ഷം, മൂന്നു ഫൈനലുകള്‍, മൂന്നിലും തോല്‍വി... ഇനിയും എത്ര നാള്‍. ഈ ചിന്തയാകാം ലയണല്‍ മെസിയെന്ന അതികായനെ രാജ്യാന്തര ഫുട്ബോളിനോട് മുഖംതിരിക്കാന്‍ പ്രേരിപ്പിച്ചത്. സ്വന്തം രാജ്യത്തിനായി ഒരു കിരീടം പോലും നേടിക്കൊടുക്കാന്‍ കഴിയാത്ത ഫുട്ബോള്‍ മാന്ത്രികന്‍ എന്ന നിലയിലായിരിക്കും മെസിയുടെ തലക്കായി വാളെടുത്തവരും അര്‍ജന്റീനയിലെ സ്വാര്‍ഥരായ ആരാധകരും ഇദ്ദേഹത്തെ ഓര്‍ക്കുക. ഇന്ന് ചിലിക്കെതിരെ നിര്‍ണായക നിമിഷത്തില്‍ മെസിയെന്ന കാല്‍പ്പന്തു കളിയുടെ രാജകുമാരന് പിഴച്ചത് ആരാധകര്‍ക്കും മെസിക്ക് പോലും മറക്കാനാവില്ല. പോസ്റ്റിന് പിന്നില്‍ നിന്നു പോലും മഴവില്‍ ഷോട്ട് പായിച്ച് പന്ത് വലയിലെത്തിക്കാന്‍ കെല്‍പ്പുള്ള ഒരു താരം പെനാല്‍റ്റി പുറത്തേക്ക് അടിച്ചു കളയണമെന്നുണ്ടെങ്കില്‍ ആ സമയം അയാള്‍ അനുഭവിച്ച സമ്മര്‍ദം ഊഹിക്കാന്‍ കഴിയും. പലപ്പോഴും തിരിച്ചടി ലഭിച്ചപ്പോഴൊക്കെ ലയണല്‍ മെസി എന്ന അഞ്ചടി ഏഴിഞ്ചുകാരന്‍ നെഞ്ചുറപ്പോടെ നിന്നു. എന്നാല്‍ ഇന്ന് മെസി പൊട്ടിക്കരഞ്ഞു. ചിലിയന്‍ താരങ്ങള്‍ പോലും ആശ്വസിപ്പിക്കാന്‍ ഓടിയടുത്തെങ്കിലും ആ കണ്ണീരടക്കാന്‍ ആര്‍ക്കുമായില്ല.