Sports
നുണക്കഥയെന്ന് ബിസിസിഐ; ടീം അസ്വസ്ഥരെന്ന് റിപ്പോര്‍ട്ട്നുണക്കഥയെന്ന് ബിസിസിഐ; ടീം അസ്വസ്ഥരെന്ന് റിപ്പോര്‍ട്ട്
Sports

നുണക്കഥയെന്ന് ബിസിസിഐ; ടീം അസ്വസ്ഥരെന്ന് റിപ്പോര്‍ട്ട്

admin
|
28 May 2018 9:09 AM GMT

പരിശീലനത്തിന്‍റെ ഭാഗമായി നെറ്റ്സില്‍ ബാറ്റ് ചെയ്യുകയായിരുന്ന കൊഹ്‍ലി കുംബ്ലെയെ കണ്ട് പരിശീലനം അവസാനിപ്പിച്ചതായുള്ള റിപ്പോര്‍ട്ട് ഇരുവരും തമ്മിലുള്ള ഭിന്നതയുടെ ആഴം വ്യക്തമാക്കുന്നതാണ്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ അനില്‍ കുംബ്ലെയും നായകന്‍ വിരാട് കൊഹ്‍ലിയും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കെ എല്ലാം ഭദ്രമാണെന്നും പ്രചരിക്കുന്നത് കേവലം നുണക്കഥകളാണെന്നും അവകാശവാദവുമായി ബിസിസിഐ രംഗത്ത്. ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം കുംബ്ലൈയുടെ നിയമന കാലയളവ് അവസാനിക്കുന്നതിനാലുള്ള സ്വാഭാവിക നടപടിക്രമങ്ങള്‍ പിന്തുടരുക മാത്രമാണ് ബിസിസിഐ ചെയ്യുന്നതെന്നും ആക്റ്റിംഗ് സെക്രട്ടറി അമിതാബ് ചൌധരി പറഞ്ഞു. കുംബ്ലെയുടെ പ്രകടനത്തില്‍ ബിസിസിഐ മാത്രമല്ല ഇന്ത്യ മുഴുവന്‍ സംതൃപ്തരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിശീലകനും നായകനും തമ്മിലുള്ള ഭിന്നതകള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത് ടീമംഗങ്ങളെയും അസ്വസ്ഥരാക്കിയിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. ഏതൊരു നായകനെയും പരിശീകലനെയും പോലെ സാധാരണ രീതിയില്‍ തന്നെയാണ് കുംബ്ലെയും കൊഹ്‍ലിയും പെരുമാറുന്നതെന്നും ടീം വൃത്തങ്ങള്‍ പറഞ്ഞതായി ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്താനെതിരായ നിര്‍ണായക ഉദ്ഘാടന മത്സരത്തിനുള്ള ടീമിന്‍റെ തയ്യാറെടുപ്പുകളെ ഇത്തരം കഥകള്‍ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് സൂചന.

അതേസമയം ചാമ്പ്യന്‍സ് ട്രോഫി അവസാനിക്കുന്നതോടെ പരിശീലക സ്ഥാനത്തു നിന്നും ഒഴിയാനുള്ള കുംബ്ലെയുടെ പ്രഖ്യാപനവും ഉണ്ടാകുമെന്നാണ് അറിയുന്നത്. നിലവിലെ പ്രശ്നങ്ങള്‍ കുംബ്ലെയും അലോരസപ്പെടുത്തുന്നവയാണ്. പരിശീലനത്തിന്‍റെ ഭാഗമായി നെറ്റ്സില്‍ ബാറ്റ് ചെയ്യുകയായിരുന്ന കൊഹ്‍ലി കുംബ്ലെയെ കണ്ട് പരിശീലനം അവസാനിപ്പിച്ചതായുള്ള റിപ്പോര്‍ട്ട് ഇരുവരും തമ്മിലുള്ള ഭിന്നതയുടെ ആഴം വ്യക്തമാക്കുന്നതാണ്.

പ്രശ്നപരിഹാരത്തിനായി ഗാംഗുലി ഉള്‍പ്പെടെ ശ്രമിക്കുന്നുണ്ടെങ്കിലും ഇത് എളുപ്പമാകില്ലെന്നാണ് അണിയറ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. എല്ലാം നിഷേധിച്ച് ബിസിസിഐ രംഗതെത്തിയെങ്കിലും കുംബ്ലെയും കൊഹ്‍ലിയുമായി സംസാരിക്കാനായി സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി അധ്യക്ഷനായ വിനോദ് റായ് ഇംഗ്ലണ്ടില്‍ എത്തുന്നതിനുള്ള കാരണം വിശദമാക്കന്‍ ഇവര്‍ക്ക് കഴിയുന്നില്ല. ക്രിക്കറ്റിനെക്കാളുപരി ഈഗോ പ്രശ്നങ്ങളാണ് നിലവില്‍ അരങ്ങുവാഴുന്നതെന്ന് വ്യക്തം.

Similar Posts