Sports
ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ-പാക് ഫൈനല്‍ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ-പാക് ഫൈനല്‍
Sports

ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ-പാക് ഫൈനല്‍

Jaisy
|
28 May 2018 7:25 AM GMT

123 റണ്‍സുമായി രോഹിത് ശര്‍മ്മയും 96 റണ്‍സുമായി കോഹ്‌ലിയും പുറത്താകാതെ നിന്നു

രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ ബലത്തില്‍ ബംഗ്ലാദേശിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ പ്രവേശിച്ചു. ഞായറാഴ്ച ഓവലില്‍ നടക്കുന്ന ഫൈനലില്‍ ചിരവൈരികളായ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളി. ബംഗ്ലാദേശ് മുന്നോട്ട് വെച്ച് 265 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 40.1 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 123 റണ്‍സുമായി രോഹിത് ശര്‍മ്മയും 96 റണ്‍സുമായി കോഹ്‌ലിയും പുറത്താകാതെ നിന്നു. 46 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് പുറത്തായത്.

ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. പതിവില്‍ നിന്ന് വിപരീതമായി അടിച്ചുതകര്‍ത്ത ധവാന്‍ പത്ത് ഓവറില്‍ തന്നെ ഇന്ത്യന്‍ സ്‌കോര്‍ 60 കടത്തി. അര്‍ധ സെഞ്ച്വറിക്ക് നാല് റണ്‍സ് അകലെ വെച്ച് ധവാന്‍ പുറത്താകുമ്പോള്‍ സ്‌കോര്‍ 14.4 ഓവറില്‍ 87 എത്തിയിരുന്നു. 34 പന്തില്‍ നിന്ന് ഏഴ് ബൗണ്ടറിയും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു ധവാന്റെ ഇന്നിങ്‌സ്. കോഹ്‌ലിയും രോഹിത് ചേര്‍ന്ന് മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞപ്പോള്‍ നോക്കിനില്‍ക്കാനെ ബംഗ്ലാദേശിനായുള്ളൂ. ഈ കൂട്ടുകെട്ട് പൊളിക്കാന്‍ ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ചെങ്കിലും ബംഗ്ലാദേശിന് നിരാശയായിരുന്നു ഫലം. അതിനിടെ രോഹിത് കരിയറിയെ പതിനൊന്നാം ശതകം സ്വന്തമാക്കി.

ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യത്തേതും. മുസ്തഫിസുര്‍ റഹ്മാനെ സിക്‌സറിന് പറത്തിയായിരുന്നു രോഹിതിന്റെ സെഞ്ച്വറി നേട്ടം. 129 പന്തില്‍ നിന്ന് ഒരു സിക്‌സറും പതിനഞ്ച് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു രോഹിതിന്റെ ഇന്നിങ്‌സ്. കോഹ്‌ലി 78 പന്തില്‍ നിന്ന് പതിമൂന്ന് ബൗണ്ടറികളുടെ അകമ്പടിയോടെയാണ് 96 റണ്‍സ് നേടിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 264 റണ്‍സെടുത്തത്. 70 റണ്‍സെടുത്ത ഓപ്പണര്‍ തമീം ഇഖ്ബാലാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ഒരു ഘട്ടത്തില്‍ മികച്ച സ്‌കോറിലേക്ക് നീങ്ങുകയായിരുന്ന ബംഗ്ലാദേശിനെ മധ്യഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വീഴ്ത്തുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് വീണു. സൗമ്യ സര്‍ക്കാറിനെ ഭുവനേശ്വര്‍ പൂജ്യത്തിന് പുറത്താക്കുകയായിരുന്നു. 6.5 ഓവറില്‍ ഭുവി ഇന്ത്യക്ക് വീണ്ടും വിക്കറ്റ് നല്‍കി. 19 റണ്‍സെടുത്ത സാബിര്‍ റഹ്മാനെ ജദേജയുടെ കൈകളില്‍ അവസാനിപ്പിച്ചു.

എന്നാല്‍ മൂന്നാം വിക്കറ്റില്‍ തമീം ഇഖ്ബാലും മുഷ്ഫിഖുര്‍ റഹീമും കളിയുടെ ഗതി മാറ്റി. 31ന് രണ്ട് എന്ന നിലയില്‍ തകര്‍ന്ന ബംഗ്ലാദേശിനായി മൂന്നാം വിക്കറ്റില്‍ 123 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി സഖ്യം ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തി. 154ന് മൂന്ന് എന്ന ശക്തമായ നിലയിലായിരുന്നു ബംഗ്ലാദേശ്. 300 റണ്‍സിലേറെ പോകുമെന്ന ഘട്ടത്തിലാണ് കേദാര്‍ ജാദവ് തമീം ഇഖ്ബാലിനെ വീഴ്ത്തിയത്. 70 റണ്‍സെടുത്ത തമീമിനെ ബൗള്‍ഡ് ആക്കുകയായിരുന്നു. 82 പന്തില്‍ നിന്ന് ഒരു സിക്‌സറും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു തമീമിന്റെ ഇന്നിങ്‌സ്. തമീം പോയതോടെ ബംഗ്ലാദേശിന്റെ തകര്‍ച്ചയും തുടങ്ങി. 15 റണ്‍സെടുത്ത ഷാക്കീബ് അല്‍ ഹസനെ ജദേജ മടക്കി. 61 റണ്‍സെടുത്ത മുഷ്ഫിഖുര്‍ റഹീമിനെക്കൂടി കേദാര്‍ ജാദവ് പുറത്താക്കിയതോടെ 179ന് അഞ്ച് എന്ന നിലയില്‍ ബംഗ്ലാദേശ് തകര്‍ന്നു.

85 പന്തില്‍ നിന്ന് നാല് ബൗണ്ടറികളുടെ അകമ്പടിയോടെയായിരുന്നു മുഷ്ഫിഖുറിന്റെ ഇന്നിങ്‌സ്. മഹ്മൂദുള്ള (21) മൊസദ്ദക്ക് ഹുസൈന്‍(18) എന്നിവരെ ഭുംറ മടക്കി. അവസാനത്തില്‍ നായകന്‍ മഷ്‌റഫെ മൊര്‍താസയുടെ ബാറ്റിങ്ങാണ് (25 പന്തില്‍ 30) ബംഗ്ലാദേസ് സ്‌കോര്‍ 260 കടത്തിയത്. തസ്‌കിന്‍ അഹമ്മദ് 11 റണ്‍സെടുത്തു. ഇരുവരും പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ഭുംറ, കേദാര്‍ ജാദവ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും ജദേജ ഒരു വിക്കറ്റും വീഴ്ത്തി.

Similar Posts