ഐപിഎല്‍ നിര്‍ത്തിയാല്‍ വരള്‍ച്ച പരിഹരിക്കുമെങ്കില്‍ കളി ഉപേക്ഷിക്കാവുന്നതാണെന്ന് ദ്രാവിഡ്
|എന്തുകൊണ്ടാണ് ക്രിക്കറ്റിന് മാത്രമായി വേട്ടയാടുന്നത്? നീന്തല്‍, ഉദ്യാന സംരക്ഷണം തുടങ്ങിയ വിവിധ മേഖലകളില്‍ അനാവശ്യമായി ജലം ഒഴുകുന്പോള്‍ ക്രിക്കറ്റിനെ മാത്രം......
വിവാദങ്ങള്‍ സൃഷ്ടിക്കാനുള്ള എളുപ്പ മാര്‍ഗമായി ക്രിക്കറ്റ് മാറുന്നത് അത്യന്തം ഖേദകരമാണെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍മാരായ രാഹുല്‍ ദ്രാവിഡും സുനില്‍ ഗവാസ്കറും. വരള്‍ച്ച കണക്കിലെടുത്ത് മഹാരാഷ്ട്രയില്‍ നിന്നും 13 ഐപിഎല്‍ മത്സരങ്ങളുടെ വേദി മാറ്റണമെന്ന മുംബൈ ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു ഇരുവരും.
ജലക്ഷാമം മൂലം കര്‍ഷകര്‍ വിഷമത്തിലാണെന്നും ജീവന്‍ നഷ്ടമുണ്ടാകുന്നതും വളരെ ഗൌരവമേറിയ കാര്യമാണ്. എന്നാല്‍ ഇതിന് ഐപിഎല്ലുമായി ബന്ധപ്പിക്കുന്നത് അനാവശ്യ വിവാദങ്ങള്‍ക്ക് തിരികൊളുത്തി പ്രശ്നത്തെ ലളിതവത്ക്കരിക്കുമെന്ന് ഉറപ്പാണ്. വരള്‍ച്ചയും ക്രിക്കറ്റും ഏതുരീതിയിലാണ് ഒരേ അളവുകോല്‍ ബാധകമാകുക? ഐപിഎല്‍ ഉപേക്ഷിച്ചാല്‍ വരള്‍ച്ചക്ക് പൂര്‍ണ പരിഹാരമാകുകയാണെങ്കില്‍ തീര്‍ച്ചയായും നമ്മള്‍ കളി നിര്‍ത്തണം - ദ്രാവിഡ് പറഞ്ഞു.
വിവാദങ്ങള്‍ സൃഷ്ടിക്കുവാന്‍ കായികമേഖലയെ ബോധപൂര്‍വ്വം തെരഞ്ഞെടുക്കുന്ന പ്രവണത വര്‍ധിച്ചുവരികയാണെന്ന് ഗവാസ്കര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഐപിഎല്‍ സമയത്ത് ഏതെങ്കിലും രീതിയിലുള്ള വിഷയങ്ങള്‍ ഉയര്‍ന്നുവരുന്നത് പതിവായിരിക്കുകയാണ്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചെറുതായി കാണേണ്ട ഒന്നല്ല. നമ്മുടെ തീന്‍മേശകളിലേക്ക് ആഹാരം എത്തിക്കുന്നവരുടെ സങ്കടങ്ങള്‍ പരിഹരിക്കപ്പെടേണ്ടതുണ്ട്. എന്തുകൊണ്ടാണ് ക്രിക്കറ്റിന് മാത്രമായി വേട്ടയാടുന്നത്? നീന്തല്‍, ഉദ്യാന സംരക്ഷണം തുടങ്ങിയ വിവിധ മേഖലകളില്‍ അനാവശ്യമായി ജലം ഒഴുകുന്പോള്‍ ക്രിക്കറ്റിനെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.