ഏഷ്യന്‍ കപ്പ് യോഗ്യത റൌണ്ട്; ഇന്ത്യന്‍ ടീമില്‍ നിന്നും സികെ വിനീത് പുറത്ത്
|ഗോള്‍ കീപ്പര്‍ ടി പി രഹനേഷും അനസ് എടത്തൊടികയും ടീമില്‍ ഇടംനേടിയിട്ടുണ്ട്. സെപ്തംബര്‍ 5 ന് മക്കാവുവിനെതിരെയാണ് ഇന്ത്യയുടെ മൂന്നാം മത്സരം
എഎഫ്സി ഏഷ്യന്‍ കപ്പ് യോഗ്യത റൌണ്ടിനുള്ള ഇന്ത്യന്‍ ഫുട്ബോള്‍ ടീമില്‍ നിന്ന് മലയാളി താരം സി കെ വിനീത് പുറത്ത്. എന്നാല്‍ ഗോള്‍ കീപ്പര്‍ ടി പി രഹനേഷും അനസ് എടത്തൊടികയും ടീമില്‍ ഇടംനേടിയിട്ടുണ്ട്. സെപ്തംബര്‍ 5 ന് മക്കാവുവിനെതിരെയാണ് ഇന്ത്യയുടെ മൂന്നാം മത്സരം. ആദ്യ രണ്ട് മത്സരങ്ങളില്‍ മ്യാന്മറിനെയും കിര്‍ഗിസ് റിപ്പബ്ലിക്കിനെയും ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.
ഈ മാസം ചെന്നൈയില്‍ പരിശീലന ക്യാംപില്‍ 34 പേരാണ് ഉള്ളത്. ആഗസ്റ്റ് 11 മുതലാണ് പരിശീലനം.
കഴിഞ്ഞ ഐ ലീഗ്, ഐഎസ്എല്‍ തുടങ്ങിയ ടൂര്‍ണമെന്റുകളില്‍ ടോപ് സ്കോററായിരുന്ന സി കെ വിനീതിനെ പക്ഷെ ടീമില്‍ നിന്ന് തഴഞ്ഞു. എന്നാല്‍ ഒഴിവാക്കിയത് സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമല്ല. എന്നാല്‍ ഐഎസ്എല്‍ അഞ്ചാം സീസണിലെ സുവര്‍ണ താരം അനസ് എടത്തൊടികയും ഗോള്‍വലക്ക് മുന്നിലെ ശക്തമായ സാന്നിധ്യമായ ടി പി രഹനേഷും കേരളത്തില്‍ നിന്ന് ഇടം പിടിച്ചു. ദോഹയില്‍ അടുത്തിടെ സമാപിച്ച എഎഎഫ്സി അണ്ടര്‍ 23 ചാംപ്യന്‍ഷിപ്പ് യോഗ്യതാ മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ സര്‍തക് ഗോളി, ദേവീന്ദര്‍ സിങ്, നിഖില്‍ പൂജാരി, അനിരുദ്ധ് ഥാപ്പ, മന്‍വിര്‍ സിങ് എന്നിവര്‍ സന്നാഹ ടീമില്‍ ഉള്‍പ്പെട്ടു.