മഞ്ഞുരുക്കാന്‍ പോര്‍ച്ചുഗലിനു കഴിഞ്ഞില്ല
|അന്‍പതാം മിനിറ്റില്‍ ഐസ്ലണ്ടിനായി ബിയാന്റ്സണ് നേടിയ ഗോള്‍ അത്യാകര്‍ഷകം മാത്രമല്ല റൊണാള്‍ഡോയുടേയും കൂട്ടരുടേയും സമനില തെറ്റിക്കുന്നതുമായിരുന്നു. തുടര്‍ന്നുണ്ടായ പോര്‍ച്ചുഗീസുകാരുടെ എല്ലാ മുന്നേറ്റങ്ങളും തടി മിടുക്കിലും മുന്നിലായിരുന്ന ഐസ്ബെര്‍ഗുകളുടെ മുന്നില്‍ നിഷ്പ്രഭമായിപ്പോയി...
കൊടുങ്കാറ്റിന്റെ ഗതിവേഗവുമായിട്ടായിരുന്നു ഐസ്ബര്‍ഗുകള്‍ ഇന്ന് പോര്‍ച്ചുഗലിനെതിരെ പാഞ്ഞടുത്തത്. ലോക എട്ടാം നമ്പറുകാരായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിന്റെ അനായാസ വിജയമായിരുന്നു സകലമാന പന്തയക്കാരും ലോക റാങ്കിങ്ങില്‍ മുപ്പത്തിനാലാം സ്ഥാനക്കാരായ ഐസ് ലണ്ടിനു എതിരെ വിധിച്ചിരുന്നത്.
ആദ്യ പന്ത് തന്നെ പോര്‍ച്ചുഗല്‍ പ്രതിരോധനിര കടത്തി അശാന്തി സൃഷ്ടിച്ച സീഗ് തോര്‍ സണ്‍ ഇന്നത്തെ മത്സരം എങ്ങിനെ ആയിരിക്കും എന്ന് സൂചനയും നല്കി. 4-1-3-1-1 രീതിയില്‍ നാനിയേയും റൊണാള്‍ഡോയേയും മുന്നില്‍ നിര്‍ത്തി ആക്രമണം അഴിച്ചുവിട്ട പോര്‍ച്ചുഗല്‍ എട്ടാം മിനിറ്റില്‍ ആദ്യ ഗോളിന് അടുത്ത് എത്തുകയും ചെയ്തു മൊട്ടീനോയുടെ എണ്ണം പറഞ്ഞ പാസില്‍ ചാടിവീണ നാനിയുടെ ഹെഡര്‍ ഗോളി ഹാള്‍ ടോസന്‍ അത്ഭുതകരമായി രക്ഷിച്ചു.
തൊട്ടടുത്ത മിനിറ്റില്‍ ഐസ്ബര്‍ഗുകളുടെ പ്രത്യാക്രമണം. മധ്യനിരക്കാരന് ഗുഡ്മുണ്ട്സണ്‍ ഒറ്റയ്ക്ക് കൊണ്ടുപോയി എതിര്‍വശത്ത് ഉണ്ടായിരുന്ന ബിയാന്റ്സണ്ണിനു മറിച്ചത് പിടിച്ചെടുക്കുവാന്‍ ഗോളി പാട്രെഷ്യോക്ക് ഏറെ പണിപ്പെടേണ്ടി വന്നു ഇതിനിടയില്‍ അപകടകാരിയായ റൊണാള്‍ഡോയെ രണ്ടു ഐസ്ലണ്ട് മധ്യനിരക്കാര്‍ അനങ്ങാനാകാതെ പൂട്ടിയിരുന്നു. ഇത് മുതലാക്കിയ നാനി അപകടകരമായ മുന്നറ്റങ്ങളുമായി ഹാള്ഡൊണ്നെ പരീക്ഷിച്ചുകൊണ്ടിരുന്നു.
ഗതിവേഗത്തില്‍ മുന്നിലായിരുന്ന ഐസ്ലണ്ട് മുന്നേറ്റനിരയുടെ കടന്നാക്രമണങ്ങള്‍ മികപ്പോഴും പെപ്പെയുമായുള്ള കയ്യാംകളിയില്‍ ചെന്നെത്തിയപ്പോള്‍ മത്സരം നിയന്ത്രിച്ചിരുന്ന തുര്ക്കിക്കാരന് റഫറി സക്കീറിന് പിടിപ്പതു പണിയായി. മറുവശത്ത് തടവില്‍ ആയിരുന്ന റൊണാള്‍ഡോ തന്ത്രപരനീക്കങ്ങളുമായി പലപ്പോഴും പൂട്ടുപൊട്ടിച്ച് പുറത്തെത്തി. മൂട്ടീനൊ, ഗുരേരോ, ഗോമസ് എന്നിവരുമായി കാമ്പയിന് ചെയ്തു കൊണ്ടെത്തിച്ച പന്തുകള്‍ നാനിയുടെ കാലുകളില്‍ നിന്ന് വഴുതിപ്പോയിരുന്നു. എന്നാല്‍ ഈ പിഴവുകള്ക്കൊക്കെ പ്രായ്ശ്ചിത്തം ചെയ്തുകൊണ്ട് മുപ്പത്തിഒന്നാം മിനിറ്റില്‍ നാനി തന്നെ ഐസ്ലണ്ടുകാരെ ഞെട്ടിച്ച ഗോളും നേടി.
ഇടതുവശത്തുനിന്നുള്ള ആന്ദ്രെ ഗോമസിന്റെ ചന്തമേറിയ പാസ് ഒന്ന് തോടുകയേ വേണ്ടിയിരുന്നുള്ളൂ നാനിക്ക് പോര്‍ച്ചുഗലിനായി ലീഡു നേടാന്‍. ഇതോടെ കളിയുടെ കടിഞ്ഞാണ്‍ പോര്‍ച്ചുഗീസുകാരുടെ കൈകളിലായി. അടുത്ത ഗോള്‍ എപ്പോഴെന്ന സംശയമേ ഉണ്ടായിരുന്നുള്ളൂ. ഇവിടെയാണ് ഐസ് ലണ്ടുകാരുടെ പോരാട്ടവീര്യം പ്രകടമായത്. കടുത്ത ആക്രമണത്തെ നേരിട്ടിട്ടും അവര്‍ പ്രതിരോധത്തിന് തുനിയാതെ ആക്രമണം തന്നെ ലക്ഷ്യമാക്കി മുന്നേറിക്കൊണ്ടിരുന്നു. ഒന്നാംപകുതി പോര്‍ച്ചുഗലിന്റെ ഒരു ഗോള്‍ ലീഡുമായി കടന്നുപോയി.
ഒന്നാം പകുതിയുടെ തനിയാവര്‍ത്തനം തന്നെയായി രണ്ടാം പകുതി. ഐസ്ലണ്ടുകാരുടെ സംയുക്ത മുന്നേറ്റം. അന്‍പതാം മിനിറ്റിലെ ബിയാന്റ്സണ് നേടിയ ഗോള്‍ അത്യാകര്‍ഷകം മാത്രമല്ല റൊണാള്‍ഡോയുടേയും കൂട്ടരുടേയും സമനില തെറ്റിക്കുന്നതുമായിരുന്നു. തുടര്‍ന്നുണ്ടായ പോര്‍ച്ചുഗീസുകാരുടെ എല്ലാ മുന്നേറ്റങ്ങളും തടി മിടുക്കിലും മുന്നിലായിരുന്ന ഐസ്ബെര്‍ഗുകളുടെ മുന്നില്‍ നിഷ്പ്രഭമായിപ്പോയി. അവസാന നിമിഷവും പൊരുതി മുന്നേറിയ റൊണാള്‍ഡോക്കും കൂട്ടര്‍ക്കും നിരവധി ഫൗള്‍ കികുകള് ലഭിച്ചിട്ടും അതൊക്കെ ഐസ്ആന്ഡ് പ്രതിരോധത്തില്‍ തട്ടി നിഷ്ഫലമായിപ്പോയി. യോഗ്യതാ മല്‍സരങ്ങളില്‍ തുര്‍ക്കിക്കും ഹോളണ്ടിനും എതിരെയുള്ള വിജയം ആകസ്മികമല്ലായിരുന്നു എന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു ഐസ്ലണ്ടുകാരുടേത്.