യൂറോ കപ്പ്: കറുത്തകുതിരകളായി സ്ലോവാക്യ
|റഷ്യക്ക് എതിരെ അട്ടിമറി വിജയം നേടി സ്ലോവാക്യ യൂറോകപ്പില്‍ കരുത്തു തെളിയിച്ചു.
യൂറോ കപ്പിലെ രണ്ടാം ഘട്ട മത്സരത്തില്‍ സ്ലൊവാക്യക്ക് ജയം. റഷ്യയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പിച്ചാണ് സ്ലൊവാക്യ ടൂര്‍ണമെന്‍റിലെ ആദ്യ ജയം നേടിയത്. തോല്‍വിയോടെ റഷ്യയുടെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ പരുങ്ങലിലായി.
മത്സരത്തിലുടനീളം പന്ത് കൈവശം വെച്ചത് റഷ്യയാണെങ്കിലും വിജയിക്കാനായത് സ്ലൊവാക്യക്കാണ്. മാറെക് ഹംസിക്കാണ് സ്ലൊവാക്യയുടെ വിജയക്കുതിപ്പിന് നേതൃത്വം നൽകിയത്. മുപ്പത്തിരണ്ടാം മിനിറ്റിലായിരുന്നു സ്ലൊവാക്യയുടെ ആദ്യ ഗോള്‍. സെന്റര്‍ ബോക്‌സിനു പുറത്തു നിന്ന് മാറെക് ഹംസിക് നീട്ടിയ നല്‍കിയ ബോള്‍ പ്രതിരോധനിരയെയും ഗോളിയും കബളിപ്പിച്ച് വെയ്സ്സ് ലക്ഷ്യത്തിലെത്തിച്ചു
വെയ്സിന്‍റെ പാസില്‍ ഹാസികാണ് രണ്ടാം ഗോള്‍ നേടിയത്. ഇടതു സൈഡില്‍ നിന്നും ഹാസികിന്‍റെ ബുള്ളറ്റ് ഷോട്ട് , ക്രോസ് ബാറില്‍ തട്ടി വലയില്‍ പതിക്കുമ്പോള്‍ നിഷ്പ്രഭരായി നില്‍ക്കാനെ റഷ്യന്‍ താരങ്ങള്‍ക്ക് കഴിഞ്ഞുള്ളൂ. 80ആം മിനിറ്റില്‍ ഡെനിസ് ഗ്ലുഷാക്കോവ് റഷ്യക്ക് വേണ്ടി സ്കോര്‍ ചെയ്തു. അവസാന മിനിറ്റുകളില്‍ റഷ്യയുടെ മുന്നേറ്റമാണ് കണ്ടത്. ആക്രമണം അഴിച്ചുവിട്ടെങ്കിലും ഷോട്ടുകള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് സമനില വഴങ്ങിയ റഷ്യയുടെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ ഇതോടെ പരുങ്ങലിലായി.