കൊഹ്‍ലിക്ക് പൂട്ടിടുകയാകും വിജയത്തിലേക്കുള്ള വഴിയെന്ന് സ്മിത്ത്
|കൊഹ്‌ലിയും താനും തമ്മിലുള്ള താരതമ്യങ്ങളില്‍ കാര്യമില്ലെന്നും ഇന്ത്യന്‍ നായകനെ എളുപ്പത്തില്‍ പുറത്താക്കുകയാണ് ലക്ഷ്യമെന്നും സ്മിത്ത്
ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‍ലിയെ സ്വാഭാവിക ശൈലിയില്‍ കളിക്കാനനുവദിക്കാതെ പൂട്ടിടാന്‍ ആയാല്‍ ഇന്ത്യക്കെതിരായ ഏകദിന, ട്വന്‍റി20 പരമ്പരയില്‍ തങ്ങളുടെ സാധ്യത വര്‍ധിക്കുമെന്ന് ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്ത്. അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്‍റി20 മത്സരങ്ങളും അടങ്ങുന്ന പരമ്പരക്കായി ഇന്ത്യയിലെത്തിയ ഓസീസ് നായകന്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു. ഏകദിനങ്ങളില്‍ കൊഹ്‍ലിയുടെ റെക്കോഡ് അസാമാന്യമാണെന്നും സ്മിത്ത് ചൂണ്ടിക്കാട്ടി. കൊഹ്‌ലിയും താനും തമ്മിലുള്ള താരതമ്യങ്ങളില്‍ കാര്യമില്ലെന്നും ഇന്ത്യന്‍ നായകനെ എളുപ്പത്തില്‍ പുറത്താക്കുകയാണ് ലക്ഷ്യമെന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു.
കൊഹ്‍ലിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഉള്ള വ്യത്യാസങ്ങള്‍ എന്നെ അലട്ടുന്നില്ല, നമുക്കെല്ലാം അറിയുന്നതുപോലെ ഏകദിന ക്രിക്കറ്റില്‍ ഇന്ന് നിലവിലുള്ള മികച്ച താരങ്ങളിലൊരാളാണ് അദ്ദേഹം. പരമ്പരയില്‍ പരമാവധി മത്സരങ്ങളിലും കൊഹ്‍ലിക്ക് തടയിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് കഴിഞ്ഞാല്‍ തീര്‍ച്ചയായും അത് പരമ്പര വിജയത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാകും. അശ്വിനും ജഡേജയുമില്ലെന്ന് കരുതി ഇന്ത്യയുടെ സ്പിന്‍ ശക്തിയെ നിസാരമായി കാണുന്നില്ല. ടെസ്റ്റുമായി താരതമ്യം ചെയ്യുമ്പോള്‍ ഏകദിനം കളി തന്നെ വേറെയാണ്. അക്സര്‍ പട്ടേല്‍ ഏകദിനങ്ങളില്‍ തിളങ്ങിയ ബൌളറാണ്, ചഹാലും കുല്‍ദിപ് യാദവും മികച്ച ബൌളര്‍മാരാണ്. കരുതലോടെ ബാറ്റ് ചെയ്താല്‍ മാത്രമെ ഇന്ത്യയുടെ ഭീഷണി മറികടക്കാനാകൂ - ഓസീസ് നായകന്‍ നയം വ്യക്തമാക്കി.,