'ചൈനമാന്‍' ആ വിളിയിലൊരു വംശീയാധിക്ഷേപമുണ്ട്
|എന്താണ് 'ചൈനമാന്‍ ബൗളിംങ്'? ആരെയാണ് 'ചൈനമാന്‍' ബൗളറെന്ന് വിളിക്കുന്നത്?...
ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനൊപ്പം പ്രസിദ്ധമായ പ്രയോഗമാണ് 'ചൈനമാന്‍'. ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ ചൈനമാന്‍ ബൗളറാണ് കുല്‍ദീപ്. എന്താണ് 'ചൈനമാന്‍ ബൗളിംങ്'? ആരെയാണ് 'ചൈനമാന്‍' ബൗളറെന്ന് വിളിക്കുന്നത്? സത്യത്തില്‍ ചൈനമാന്‍ എന്ന വിളിക്ക് ഒരു വംശീയാധിക്ഷേപത്തിന്റെ ചരിത്രം കൂടി പറയാനുണ്ട്.
കൈക്കുഴകൊണ്ട് പന്ത് തിരിക്കുന്ന ഇടംകയ്യന്‍ ലെഗ് സ്പിന്നര്‍മാരെയാണ് ചൈനമാന്‍ എന്ന് വിളിക്കുന്നതെന്ന് ഒറ്റവാക്കില്‍ പറയാം. വലംകൈ ലെഗ് സ്പിന്നര്‍മാര്‍ ബാറ്റ്സ്മാനില്‍ നിന്നും പുറത്തേക്ക് പന്ത് തിരിക്കുമ്പോള്‍ ചൈനമാന്‍ ബൗളര്‍മാര്‍ അകത്തേക്കാണ് പന്ത് തിരിക്കുക. വലംകൈ ബാറ്റ്സ്മാന്മാര്ക്ക് കുത്തി തിരിഞ്ഞ് അകത്തേക്ക് വരുന്ന പന്തുകള്‍ കൂടുതല്‍ വെല്ലുവിളിയാകാറുണ്ട്. കൈക്കുഴകൊണ്ടാണ് പന്ത് തിരിക്കുന്നത് എന്നതുകൊണ്ട് തന്നെ പന്തിന്റെ വേഗം വായുവിലുള്ള ചലനവും ഇത്തരം ബൗളര്‍മാരുടെ പന്തുകളില്‍ കൂടുതലാണ്. ലെഫ്റ്റ് ആം അണ്‍ഓര്‍ത്തഡോക്സ് സ്പിന്‍ എന്നും ചൈനമാന്‍ ബൗളര്‍മാരെ വിശേഷിപ്പിക്കാറുണ്ട്.
ചൈനമാന്‍ ബൗളര്‍ എന്ന പ്രയോഗം ക്രിക്കറ്റില്‍ ആദ്യം നടക്കുന്നത് 84 വര്‍ഷം മുമ്പാണ്. വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് ക്രിക്കറ്റ് താരം എല്ലിസ് ആഷോങാണ് ആദ്യമായി ചൈനമാന്‍ എന്ന വിളി കേട്ടത്. ചൈനീസ് വംശവേരുകളുള്ള ക്രിക്കറ്റ് താരമാണ് ആഷോങ്. ചൈനീസ് വംശജനായ ആദ്യ ക്രിക്കറ്റ് താരമെന്ന റെക്കോഡും ആഷോങിന്റെ പേരിലാണുള്ളത്. ഓള്‍ഡ് ട്രാഫോഡില്‍ 1933ല്‍ നടന്ന ടെസ്റ്റ് മത്സരമാണ് വേദി. ആതിഥേയരായ ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസുമാണ് ഏറ്റുമുട്ടുന്നത്.
ഇടംകയ്യന്‍ സ്പിന്നറായ ആഷോങിന്റെ പ്രത്യേകത കൈക്കുഴകൊണ്ട് അപ്രതീക്ഷിത വേഗത്തില്‍ തിരിയുന്ന പന്തുകളായിരുന്നു. ആഷോങിന്റെ അത്തരമൊരു കൈക്കുഴ പ്രയോഗത്തില്‍ ഇംഗ്ലീഷ് ബാറ്റ്സ്മാന് വാള്‍ട്ടര്‍ റോബിന്‍സ് പുറത്തായി. പുറത്തായതിന്റെ അരിശത്തില്‍ ' വൃത്തികെട്ട ചൈനക്കാരന്റെ(ചൈനമാന്‍) സ്വപ്നം നടന്നു' എന്ന് പിറുപിറുത്താണ് പവലിയനിലേക്ക് നടന്നത്.
ചൈനാമാന്‍ എന്ന പ്രയോഗം ഇത്തരത്തില്‍ കൈക്കുഴകൊണ്ട് ലെഗ് സ്പിന്നെറിയുന്ന ഇടം കയ്യന്മാരെ പൊതുവെ വിളിക്കാനുപയോഗിച്ചു. എണ്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൈനമാന്‍ എന്നത് ചൈനീസ്, ജാപ്പനീസ്, ഇന്തോനേഷ്യന്‍ വംശജര്‍ക്കെതിരെ നടത്തിയിരുന്ന ഒരു വംശീയാധിക്ഷേപ പ്രയോഗമായിരുന്നു. ക്രിക്കറ്റ് മൈതാനത്ത് എതിര് ടീം അംഗത്തിനെതിരെ ഒരു കളിക്കാരന് നടത്തിയ വംശീയാധിക്ഷേപം പിന്നീട് ക്രിക്കറ്റ് പ്രയോഗമായി മാറുന്നതിനെതിരെ എതിര്‍പ്പുകളും ഉയരുന്നുണ്ട്.
എണ്ണത്തില്‍ വളരെ കുറവാണെന്നതാണ് ചൈനമാന്‍ ബൗളര്‍മാരെ ക്രിക്കറ്റിലെ മാണിക്യങ്ങളാക്കി മാറ്റുന്നത്. ആസ്ത്രേലിയയുടെ ബ്രാഡ് ഹോങും ദക്ഷിണാഫ്രിക്കയുടെ പോള്‍ ആഡംസുമാണ് ഇവരില്‍ പ്രസിദ്ധരായവര്. വെസ്റ്റിന്ത്യന്‍ പേസ് ബൗളര്‍ ഗാരി സോബേഴ്സ് ചൈനാമാന്‍ ബൗളര്‍മാരുടെ പട്ടികയിലെ അപൂര്‍വ അംഗമാണ്. ഇടംകയ്യന്‍ പേസ് ബൗളറായ ഗാരി സോബേഴ്സ് കൈക്കുഴ ഉപയോഗിച്ചും പന്ത് തിരിച്ചിരുന്നുവെന്നതാണ് ഈ പട്ടികയിലും ഇടം നേടാനായി പറയപ്പെടുന്ന കാരണം.
ഒരുകാലത്ത് ഷൈന്‍ വോണിന് പിന്നില്‍ നിഴലായിരുന്ന ബ്രാഡ് ഹോഗ് അവസരം ലഭിച്ചപ്പോള്‍ ഉദിച്ചുയരുക തന്നെ ചെയ്ത താരമാണ്. ആസ്ത്രേലിയയുടെ രണ്ട് ലോകകപ്പില്‍(2003, 2007) ഹോഗ് അംഗമായിരുന്നു. 123 ഏകദിനങ്ങളില്‍ നിന്ന് 156 വിക്കറ്റുകള്‍ ഹോഗ് വീഴ്ത്തിയിട്ടുണ്ട്. ഐപിഎല്ലിലും പിന്നീട് ബിഗ് ബാഷ് ലീഗിലും 45കാരനായ ഹോഗ് ഹിറ്റാണ്. ഹോഗിനെ അപേക്ഷിച്ച് ടെസ്റ്റില്‍ തിളങ്ങിയ താരമാണ് ദക്ഷിണാഫ്രിക്കയുടെ പോള്‍ ആഡംസ്. 45 ടെസ്റ്റുകളില്‍ നിന്ന് 134 വിക്കറ്റുകളും 24 ഏകദിനത്തില്‍ നിന്ന് 29 വിക്കറ്റുകളും ആഡംസ് വാഴ്ത്തി.