അനുശോചന ട്വീറ്റ് കളിയാക്കലായി, നെയ്മറിന് പൊങ്കാല
|ബുദ്ധിശക്തിയേക്കാളേറെ ഇച്ഛാശക്തികൊണ്ട് ലോകത്തെ അമ്പരപ്പിച്ച മഹാപ്രതിഭയെ കളിയാക്കുന്ന വിധത്തില്‍ അനുസ്മരിച്ചെന്ന ആരോപണമാണ് നെയ്മര്‍ സോഷ്യല്‍മീഡിയയില്‍ നേരിടുന്നത്.
വിഖ്യാത ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംങിനെ അവഹേളിക്കുന്ന രീതിയില്‍ ട്വീറ്റ് ചെയ്ത നെയ്മറിന് പൊങ്കാല. കഴിഞ്ഞ ദിവസമാണ് സ്റ്റീഫന്‍ ഹോക്കിംങ് അന്തരിച്ചത്. അദ്ദേഹത്തിന്റെ വിയോഗത്തെ തുടര്‍ന്ന് ലോകത്തെ വിവിധ മേഖലകളിലെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു. ഇതില്‍ നെയ്മറുടെ അനുശോചനമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
പരിക്കിനെ തുടര്‍ന്ന് ചികിത്സയിലുള്ള നെയ്മര്‍ ഇപ്പോള്‍ വീല്‍ ചെയറിലാണ് സഞ്ചരിക്കുന്നത്. വീല്‍ചെയറിലിരുന്ന് ഉല്ലസിച്ച് ചിരിക്കുന്ന ചിത്രമാണ് ഹോക്കിംങിനെ അനുസ്മരിച്ച് നെയ്മര്‍ ട്വീറ്റ് ചെയ്തത്. അതിനൊപ്പം 'You have to have a positive attitude and get the best out of the situation you are in' എന്ന ഹോക്കിംങിന്റെ വാക്കുകളും ചേര്‍ത്തിട്ടുണ്ട്.
ഫെബ്രുവരി 26ന് മാഴ്‌സക്കെതിരെ നടന്ന മത്സരത്തിനിടെയായിരുന്നു നെയ്മറിന്റെ വലതുകാലിന് പരിക്കേറ്റത്. ഒരു മാസത്തെ വിശ്രമമാണ് നെയ്മറിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതിനിടെ അനുചിതമായ അനുശോചനത്തിലൂടെ സോഷ്യല്‍മീഡിയയുടെ പൊങ്കാല ഏറ്റുവാങ്ങുകയാണ് താരമിപ്പോള്‍.
നാഡീ കോശങ്ങളെ തളര്‍ത്തുന്ന മാരകവും അപൂര്‍വവുമായ മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് ഇരുപതാം വയസില്‍ ബാധിച്ചയാളാണ് സ്റ്റീഫന്‍ ഹോക്കിംങ്. അന്ന് പരമാവധി മൂന്നുവര്‍ഷം മാത്രം ആയുസ്സു വിധിച്ച വൈദ്യശാസ്ത്രത്തെ 56 വര്‍ഷം കൂടി ജീവിച്ച് ഹോക്കിംങ് അമ്പരപ്പിച്ചു. തമോഗര്‍ത്തങ്ങളെക്കുറിച്ചും പ്രപഞ്ച ഉല്‍പ്പത്തിയെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ പഠനങ്ങള്‍ ശാസ്ത്രലോകത്തിന് തന്നെ വഴികാട്ടിയായി.
2008വരെ ഇന്റല്‍ പ്രത്യേകമായി നിര്‍മ്മിച്ചുകൊടുത്ത വിരലനക്കങ്ങളെ വാക്കുകളാക്കാന്‍ ശേഷിയുള്ള പ്രത്യേക കമ്പ്യൂട്ടറിന്റെ സഹായത്തിലായിരുന്നു സ്റ്റീഫന്‍ ഹോക്കിംങ് ആശയവിനിമയം സാധ്യമാക്കിയത്. 2008ല്‍ രോഗം കലശലായതോടെ കവിളിലെ ചലനമനുസരിച്ച് കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറി. ബുദ്ധിശക്തിയേക്കാളേറെ ഇച്ഛാശക്തികൊണ്ട് ലോകത്തെ അമ്പരപ്പിച്ച മഹാപ്രതിഭയെ കളിയാക്കുന്ന വിധത്തില്‍ അനുസ്മരിച്ചെന്ന ആരോപണമാണ് നെയ്മര്‍ സോഷ്യല്‍മീഡിയയില്‍ നേരിടുന്നത്.