ഇന്ത്യ ബംഗ്ലാദേശ് മത്സരത്തിനെതിരെ അന്വേഷണം വേണമെന്ന് മുന്‍ പാക് താരം
|മികച്ച കളിക്കാര്‍ ബംഗ്ലാദേശിനുണ്ട്. ഇന്ത്യക്കെതിരെ സമനില പോലും നേടാതെ ബംഗ്ലാ ബാറ്റിംഗ് തകര്‍ന്നത് അവിശ്വസനീയമാണ്...
ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ ബംഗ്ലാദേശ് മത്സരത്തിനെതിരെ ഐസിസി തല അന്വേഷണം വേണമെന്ന ആവശ്യവുമായി മുന്‍ പാക് സ്പിന്‍ ബൗളര്‍ തൗസീഫ് അഹമ്മദ്. മത്സരത്തിന്റെ അവസാനം സംശയകരമാണെന്നും ഇത് സംബന്ധിച്ച് ഐസിസി അഴിമതി വിരുദ്ധവിഭാഗം തന്നെ അന്വേഷണം നടത്തണമെന്നുമാണ് തൗസീഫ് ആവശ്യപ്പെട്ടിരിക്കുന്നത്.
അവസാന മൂന്ന് പന്തുകളില്‍ വെറും രണ്ട് റണ്‍സ് മാത്രമായിരുന്നു ബംഗ്ലാദേശിന് വേണ്ടിരുന്നത്. മൂന്ന് പന്തില്‍ മൂന്ന് വിക്കറ്റ് വലിച്ചെറിഞ്ഞ ബംഗ്ലാദേശ് ഇന്ത്യക്ക് ഒരു വിക്കറ്റ് ജയം സമ്മാനിച്ചു. അവസാന ഓവറിലെ ബംഗ്ലാദേശ് ബാറ്റിംഗിന്റെ തകര്‍ച്ച വിശ്വാസ്യയോഗ്യമല്ലെന്നാണ് 57കാരനായ തൗസീഫി അഹമ്മദിയുടെ ആരോപണം. 34 ടെസ്റ്റുകളിലും 70 ഏകദിനങ്ങളിലും പാകിസ്താനുവേണ്ടി കളിച്ചിട്ടുള്ള താരമാണ് അദ്ദേഹം.
ബംഗ്ലാദേശിനെ ഇപ്പോള്‍ അനുഭവസമ്പത്തില്ലാത്ത ടീമായി കരുതാനാകില്ല. മികച്ച കളിക്കാര്‍ അവര്‍ക്കുണ്ട്. ഇന്ത്യക്കെതിരെ സമനില പോലും നേടാനാവാതെ ബംഗ്ലാ ബാറ്റിംഗ് തകര്‍ന്നത് അവിശ്വസനീയമാണ്. - തൗസീഫ് പറയുന്നു. പാകിസ്താന് എ ടീമിന്റെ പരിശീലകനായിരുന്ന തൗസീഫ് തന്നെയാണ് പാകിസ്താന് സൂപര്‍ ലീഗിലെ ജേതാക്കളായ ഇസ്ലാമബാദ് യുണൈറ്റഡിനെ പരിശീലിപ്പിച്ചതും.
'സത്യത്തില്‍ എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല. ഇന്ത്യ ബംഗ്ലാദേശ് മത്സരത്തെക്കുറിച്ച് ഐസിസി അന്വേഷണം നടത്തുന്നതാണ് നല്ലത്. ക്രിക്കറ്റില്‍ ഇത്തരം കാര്യങ്ങള്‍ നടക്കുന്നതിനെക്കുറിച്ച് എല്ലാവര്ക്കും അറിയാം. അതുകൊണ്ടുതന്നെ അന്വേഷണം നടത്തുന്നതില്‍ തെറ്റില്ല' തൗസീഫ് അഹ്മദ് പറയുന്നു.