Sports
അണ്ടര്‍ 17 ലോകകപ്പിന് പന്തുരുളാന്‍ മണിക്കൂറുകള്‍ ബാക്കിഅണ്ടര്‍ 17 ലോകകപ്പിന് പന്തുരുളാന്‍ മണിക്കൂറുകള്‍ ബാക്കി
Sports

അണ്ടര്‍ 17 ലോകകപ്പിന് പന്തുരുളാന്‍ മണിക്കൂറുകള്‍ ബാക്കി

Subin
|
31 May 2018 7:06 PM GMT

താരങ്ങളുടെ പ്രായ പരിധി സംബന്ധിച്ച് കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ ഫിഫ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ നൂറ്റാണ്ടില്‍ ജനിച്ചവര്‍ക്ക് മാത്രമേ ഇത്തവണ പന്തുതട്ടാനാകൂ.

ഫിഫ അണ്ടര്‍ 17 ലോകകപ്പിന് പന്തുരുളാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി കാത്തിരിപ്പിലാണ് ആറ് ഇന്ത്യന്‍ നഗരങ്ങളും ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷനും. ടീമുകളെല്ലാം എത്തി പരിശീലനവും ആരംഭിച്ചു

ആതിഥേയരായ ഇന്ത്യ ഉള്‍പ്പെടെ 24 ടീമുകളാണ് പന്തുതട്ടുന്നത്. ഏഷ്യയില്‍ നിന്ന് ഇന്ത്യക്ക് പുറമെ ഇറാഖ്, ഇറാന്‍, ജപ്പാന്‍, നോര്‍ത്ത് കൊറിയ എന്നിവരാണ് ഇത്തവണയുള്ളത്. ആഫ്രിക്കയില്‍നിന്നുമുള്ളത് ഘാന, ഗിനിയ, മാലി, നൈജര്‍ എന്നിവര്‍. നിലവിലെ ചാംപ്യന്മാരായ നൈജീരിയ ഇല്ലാത്തത് ടൂര്‍ണമെന്റിന്റെ വലിയ തിരിച്ചടിയാണ്. കോണ്‍കാകാഫ് മേഖലയില്‍നിന്ന് കോസ്റ്ററിക്ക, ഹോണ്ടുറാസ്, മെക്‌സിക്കോ എന്നിവര്‍ക്കൊപ്പം അമേരിക്കയും.

ബ്രസീല്‍, ചിലി, കൊളംബിയ, പരാഗ്വെ എന്നിവരാണ് തെക്കേ അമേരിക്കയില്‍ നിന്നെത്തുന്ന നാല് ടീമുകള്‍. ഓഷ്യാനയില്‍നിന്ന് ന്യൂ കാല്‍ഡോണിയയും ന്യൂസിലാന്‍ഡുമാണുള്ളത്. കരുത്തരായ സ്‌പെയിനും ഫ്രാന്‍സും ഇംഗ്ലണ്ടും ജര്‍മനിയും തുര്‍ക്കിയും യൂറോപ്പില്‍ നിന്നെത്തുമ്പോള്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആവേശമാണ്. ആറ് സ്‌റ്റേഡിയങ്ങളില്‍ കാണികളുടെ എണ്ണം വീണ്ടും പരിമിതപ്പെടുത്തിയിട്ടുണ്ട്. കൊച്ചിയിലും ഇതുണ്ടാകും.

കൊച്ചിയില്‍ നടക്കുന്ന ബ്രസീല്‍ സ്‌പെയിന്‍ പോരാട്ടത്തിനാകും കാണികളുടെ പങ്കാളിത്തം കൂടുതലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ചില മത്സരങ്ങളുടെ ടിക്കറ്റ് വില്‍പന ഇപ്പോഴും അനങ്ങിയിട്ടില്ല. ടീമുകള്‍ എല്ലാം എത്തി പരിശീലനവും തുടങ്ങിക്കഴിഞ്ഞു. ഇതിനിടയില്‍ താരങ്ങളുടെ പ്രായ പരിധി സംബന്ധിച്ച് കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ ഫിഫ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ നൂറ്റാണ്ടില്‍ ജനിച്ചവര്‍ക്ക് മാത്രമേ ഇത്തവണ പന്തുതട്ടാനാകൂ.

2000ത്തിന് മുമ്പ് ജനിച്ചവരുണ്ടെങ്കില്‍ ടീമുകള്‍ പ്രതിസന്ധിയിലാകും. ഇത് നിരീക്ഷിക്കാനും മനസ്സിലാക്കാനും സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇന്ത്യക്കിത് ഒരു വലിയ ടൂര്‍ണമെന്റ് നടത്തിപ്പ് മാത്രമല്ല, ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചക്കുള്ള ചവിട്ട് പടിയാണ്. ഫുട്‌ബോളിലെ ഉറങ്ങിക്കിടക്കുന്ന സിംഹം എന്ന് വിശേഷിപ്പിക്കുന്ന ഇന്ത്യക്ക് പുതിയ താരങ്ങളെ വാര്‍ത്തെടുക്കാനും ഈ ടൂര്‍ണമെന്റ് കൊണ്ട് സാധിക്കും.

Similar Posts