Sports
മെസിയില്ലാത്ത ലോകകപ്പോ?മെസിയില്ലാത്ത ലോകകപ്പോ?
Sports

മെസിയില്ലാത്ത ലോകകപ്പോ?

admin
|
31 May 2018 8:39 AM GMT

ഫലത്തില്‍ മെസി എന്ന താരത്തിന് ചുറ്റും തിരിയുന്ന അര്‍ജന്‍റീനിയ ടീമിന്‍റെ കൈകളിലല്ല അവരുടെ ഭാവി എന്ന് സാരം. ഗ്രൂപ്പില്‍ അഞ്ചാമതായി എത്തിയാല്‍ തന്നെ ന്യൂസിലാന്‍ഡുമായി സ്വന്തം മണ്ണിലും അല്ലാതെയും നടക്കുന്ന പ്ലേ ഓഫ് മത്സരങ്ങളില്‍ ജയിക്കണം

ആധുനിക ഫുട്ബോളിന്‍റെ എല്ലാമെല്ലാമായ മെസി എന്ന മിശിഹ ഇല്ലാത്ത ലോകകപ്പോ? സ്വന്തം മണ്ണില്‍ പെറുവിനെതിരെ ഗോള്‍രഹിത സമനില വഴങ്ങിയതോടെ അര്‍ജന്‍റീനയുടെയും കാല്‍പന്ത് കളി ആരാധകരെയും അലട്ടുന്ന ചോദ്യമിതാണ്. മൂന്ന് വര്ഷങ്ങള്‍ക്ക് മുമ്പ് ബ്രസീല്‍ ലോകകപ്പില്‍ രണ്ടാമതെത്തിയ മെസിയും സംഘവും റഷ്യയിലേക്ക് നേരിട്ടുള്ള യോഗ്യത എന്ന സ്വപ്നങ്ങളാണ് ഇന്നലെ തച്ചുടച്ചത്. ബാര്‍സക്കായി വല കിലുക്കുമ്പോഴും കിരീട നേട്ടങ്ങളുടെ തേരിലേറുമ്പോഴും മെസി എന്ന താരത്തെ അര്‍ജന്‍റീനിയന്‍ കുപ്പായത്തില്‍ ഇവയുടെ തനിയാവര്‍ത്തനം എന്നും അന്യം നിന്നു പോയ മെസിയെ സംബന്ധിച്ചിടത്തോളം ഏറെ നിരാശാജനകമാണ് ഈ അവസ്ഥ. ഇനി റഷ്യയില്‍ ബൂട്ട് കെട്ടണമെങ്കില്‍ യോഗ്യത റൌണ്ടിലെ അവസാന മത്സരം ജയിച്ചാല്‍ മാത്രം പോര. മറിച്ച് അത്ഭുതങ്ങള്‍ക്കായി കാത്തിരിക്കുകയും വേണം. ഫലത്തില്‍ മെസി എന്ന താരത്തിന് ചുറ്റും തിരിയുന്ന അര്‍ജന്‍റീനിയ ടീമിന്‍റെ കൈകളിലല്ല അവരുടെ ഭാവി എന്ന് സാരം. ഗ്രൂപ്പില്‍ അഞ്ചാമതായി എത്തിയാല്‍ തന്നെ ന്യൂസിലാന്‍ഡുമായി സ്വന്തം മണ്ണിലും അല്ലാതെയും നടക്കുന്ന പ്ലേ ഓഫ് മത്സരങ്ങളില്‍ ജയിക്കണം. ഇതിന് ആദ്യം വേണ്ടത് അഞ്ചാം സ്ഥാനത്ത് എത്തലാണ്. എന്നാല്‍ ഇക്കാര്യത്തിലും ഇപ്പോള്‍ ഒരുറപ്പുമില്ല.


ക്വിറ്റോയില്‍ ഇക്വഡോറിനെതിരെ കളിക്കാനിറങ്ങുമ്പോള്‍ അര്‍ജന്‍റീന ഏറ്റവും കൂടുതല്‍ ഭയക്കുന്നത് സാഹചര്യങ്ങളെയാണ്. സമുദ്രനിരപ്പില്‍ നിന്നും 2,800 അടി മുകളിലുള്ള സ്റ്റേഡിയത്തിലെ കളി മെസിക്കും സംഘത്തിനും ഏറെ കഠിനമായിരിക്കും. ടീം ഒരിക്കലും ഒത്തുപോകാത്ത സാഹചര്യങ്ങളാണ് അവിടുത്തേത് എന്നതു തന്നെ പ്രധാന കാരണം. കഴിഞ്ഞ നാല് മത്സരങ്ങളില്‍ ജയം അന്യം നിന്ന ടീമിന് ഇവിടെ ഒരു സമനില പോലും മരണ കുരുക്കാണ്. ഏതുവിധേനയെയും ജയിച്ചേ തീരൂ. കഴിയുന്നത്ര വലിയ മാര്‍ജിനില്‍ ആണ് ആ ജയമെങ്കില്‍ അത്രയും ഗുണകരമാകും, അവസാന നിമിഷത്തിലെ രണ്ട് ഗോളുകളുടെ ഫലത്തില്‍ കൊളംബിയയെ പരാഗ്വെ വീഴ്ത്തിയതോടെ അര്‍ജന്‍റീനയെ സംബന്ധിച്ചിടത്തോളം മുന്നിലെ പാത കുറച്ച് ലളിതമായിട്ടുണ്ട്. ആ മത്സരത്തിലെ ഫലം മറിച്ചായിരുന്നെങ്കില്‍ അതോടെ തീരുമായിരുന്നു മെസിയുടെയും സംഘത്തിന്‍റെയും റഷ്യന്‍ സ്വപ്നങ്ങള്‍. ഒരു ജയം അത്ഭുതങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന അവസ്ഥയിലേക്ക് എത്തിച്ചതിന് അര്‍ജന്‍റിന പരാഗ്വെയോട് നന്ദി പറയുന്നുണ്ടാകും.

പെറുവും അര്‍ജന്‍റീനയും ഇപ്പോള്‍ തുല്യ പോയിന്‍റുകള്‍ പങ്കുവയ്ക്കുന്നുണ്ടെങ്കിലും ഗോള്‍ ശരാശരിയുടെ കാര്യത്തില്‍ പെറുവാണ് മുന്നില്‍. കണക്കിലെ കളികള്‍ പ്രസക്തമാകുമ്പോള്‍ ഇത് കേവലം മുന്നിലല്ല. പരാഗ്വക്കെതിരെ അവസാന നിമിഷം വരെ മുന്നിട്ടു നിന്ന് പരാജയം വഴങ്ങിയ കൊളംബിയയാണ് പെറുവിന്‍റെ അടുത്ത എതിരാളികള്‍. ഈ മത്സരം പെറു തോല്‍ക്കുകയും ഇക്വഡോറിനെതിരെ അര്‍ജന്‍റീന ജയിക്കുകയും ചെയ്താല്‍ റഷ്യയിലും മെസി കളിക്കാനിറങ്ങുമെന്ന് ഉറപ്പിക്കാം. അര്‍ജന്‍റീനയെ പോലെ പ്രതിഭകളുടെ ഈറ്റില്ലമായ ഒരു ടീമിന് ഭൂഷണമല്ല ഈ നിലയെങ്കിലും ആശിക്കാന്‍ എന്തെങ്കിലും ഉണ്ടല്ലോ എന്നത് വലിയൊരു ആശ്വാസമാണ്.

Similar Posts