കൂളായി കളിക്കൂ, ഭൂംറക്കുള്ള ധോണിയുടെ ഉപദേശം വൈറലാകുന്നു
|ഇയാന്‍ മോര്‍ഗന്‍റെ റണ്‍ ഔട്ടിലേക്കും അതുവഴി ഇന്ത്യന്‍ ജയം അരക്കിട്ട് ഉറപ്പിച്ചതിനും കാരണക്കാരനായ ജസ്പ്രിത് ഭൂംറക്ക് ധോണി നല്‍കിയ ചെറിയ വലിയ സന്ദേശമാണ് സോഷ്യല്‍
കളിക്കളത്തിലെ സമ്മര്‍ദ നിമിഷങ്ങളെ ആശങ്കകയില്ലാതെ അഭിമുഖീകരിക്കുന്നതില്‍ ധോണിയെ വെല്ലുന്ന മറ്റൊരു താരം ഇന്ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇല്ലെന്ന് തന്നെ പറയാം. നായക വേഷം അഴിച്ചുവച്ചെങ്കിലും ടീമിലെ വളര്‍ന്നു വരുന്ന കളിക്കാരുടെ ഇഷ്ട ഉപദേശകനാണ് മഹിയിപ്പോഴും. ഇയാന്‍ മോര്‍ഗന്‍റെ റണ്‍ ഔട്ടിലേക്കും അതുവഴി ഇന്ത്യന്‍ ജയം അരക്കിട്ട് ഉറപ്പിച്ചതിനും കാരണക്കാരനായ ജസ്പ്രിത് ഭൂംറക്ക് ധോണി നല്‍കിയ ചെറിയ വലിയ സന്ദേശമാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം.
ഒന്പത് പന്തില്‍ ജയത്തിന് 27 റണ്‍ ആവശ്യമായിരുന്ന ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷകള്‍ നൂറു കടന്ന് നില്‍ക്കുന്ന നായകന്‍ മോര്‍ഗനിലായിരുന്നു. പരമാവധി സ്ട്രൈക്ക് മോര്‍ഗന് ലഭിച്ചാല്‍ ലക്ഷ്യം അപ്രാപ്യമല്ലെന്നായിരുന്നു ഇംഗ്ലണ്ട് ക്യാന്പിന്‍റെയും കളി നിരീക്ഷകരുടെയും വിലയിരുത്തല്‍. ഭൂംറയുടെ പന്തിന് നേരെ പ്ലങ്കറ്റ് ശക്തമായി ബാറ്റ് വീശിയെങ്കിലും ബാറ്റിന്‍റെ അഗ്ര ഭാഗത്ത് കൊണ്ട പന്ത് ബൌളറുടെ കൈകളിലെത്തി. ഓരോ റണ്‍സും നിര്‍ണായകമായതിനാല്‍ നോണ്‍ സ്ട്രൈക്കിലുള്ള മോര്‍ഗന്‍ ഇതിനോടകം തന്നെ ഏറെ മുന്നോട്ട് കുതിച്ചിരുന്നു. പന്ത് കൈവശപ്പെടുത്തിയ ഭൂംറ സ്റ്റമ്പിനടുത്തേക്ക് ഓടിയടുത്ത ശേഷം സ്റ്റമ്പ് എറിഞ്ഞു വീഴ്ത്തി.
നിര്‍ണായക പുറത്താക്കലില്‍ തന്‍റെ പങ്ക് പൂര്‍ത്തിയാക്കിയ സന്തോഷത്തോടെ ഓടിയടുക്കുന്ന ഭൂംറക്ക് ധോണി ആംഗ്യത്തിലൂടെയാണ് കളിക്കളത്തിലെ വലിയ സന്ദേശം നല്‍കിയത്. ഓടിയടുത്ത ശേഷം പന്ത് എറിയുന്നതിനു പകരം കൈയ്യില്‍ വച്ച് തന്നെ സ്റ്റമ്പ് ഇളക്കാമായിരുന്നില്ലെ എന്നാണ് ധോണി ചോദിച്ചത്. നിര്‍ണായക നിമിഷത്തില്‍ എറിഞ്ഞ പന്ത് സ്റ്റമ്പില്‍ തട്ടാതെ പോയിരുന്നെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരുമായിരുന്നുവെന്നും സമചിത്തത കൈവിടാതെ ബുദ്ധിപരമായ നീക്കമാണ് ഉചിതമെന്നും ഓര്‍മ്മപ്പെടുത്തുകയായിരുന്നു ധോണി.