പെപ് വന്നാല്‍ 'യായാ' യാത്രയാകും
|ആഫ്രിക്കന്‍ കരുത്തനായ യായാ ടുറെ സിറ്റി വിടാന്‍ ഒരുങ്ങുന്നു.
മാഞ്ചസ്റ്റര്‍ സിറ്റിയെ കളി പഠിപ്പിക്കാന്‍ മാനുവല്‍ പെല്ലഗ്രിനിക്ക് പകരക്കാരനായി അടുത്ത സീസണില്‍ പെപ് ഗാര്‍ഡിയോള എത്തുന്നുവെന്ന വാര്‍ത്തകള്‍ വന്നതിനു പിന്നാലെ ആഫ്രിക്കന്‍ കരുത്തനായ യായാ ടുറെ സിറ്റി വിടാന്‍ ഒരുങ്ങുന്നു. ഈ സീസണ് അവസാനിക്കുന്നതോടെ സിറ്റിയോട് വിട പറയാനാണ് ടുറെയുടെ തീരുമാനമെന്ന് താരത്തിന്റെ ഏജന്റ് ദിമിത്രി സെലുക് സ്ഥിരീകരിച്ചു.
സിറ്റിയുമായി കരാര്‍ പുതുക്കേണ്ടെന്നാണ് ടുറെയുടെ തീരുമാനം. അതിനു കാരണക്കാരനാകുന്നത് പെപ് ഗാര്‍ഡിയോള എന്ന അതികായനും. ടുറെക്കായി വലയെറിഞ്ഞിരിക്കുന്നവരില് പ്രീമിയര്‍ ലീഗിലെ വമ്പന്മാരായ ആഴ്സണലും സിറ്റിയുടെ കടുത്ത എതിരാളികളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ചെല്സിയുമെല്ലാമുണ്ട്. എന്നാല്‍ ഇവരില്‍ ആര്‍ക്കും പച്ചക്കൊടി കാണിക്കാന്‍ ഇതുവരെയും ടുറെ തയാറായിട്ടില്ല. പണത്തിന്റെ പേരിലുള്ള വിലപേശലൊന്നുമല്ല ഈ അമാന്തത്തിനു കാരണം. ഏതു ക്ലബ്ബ് തനിക്ക് ഇണങ്ങുമെന്ന ആശയക്കുഴപ്പം മാത്രം. ടീമില്‍ കിട്ടുന്ന പ്രധാന്യം അടിസ്ഥാനമാക്കിയായിരിക്കും ടുറെയുടെ അന്തിമ തീരുമാനം.
അടുത്ത സീസണില്‍ ഗാര്‍ഡിയോള സിറ്റിയിലെത്തുമെന്ന വാര്‍ത്തകള്‍ വന്നതിനു പിന്നാലെ ടുറെ ക്ലബ്ബ് വിടുമെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ബാഴ്സലോണയില്‍ ഗാര്‍ഡിയോള യുഗം വാഴുന്ന കാലത്താണ് ടുറെ സ്പാനിഷ് ക്ലബ്ബില്‍ നിന്നു മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് മാറുന്നത്. അക്കാലത്തു തന്നെ ടുറെയും ഗാര്‍ഡിയോളയും തമ്മിലുള്ള സൌന്ദര്യപ്പിണക്കങ്ങള്‍ അങ്ങാടിപ്പാട്ടായിരുന്നു. ഇതു തന്നെയാകാം ഗാര്‍ഡിയോളയുടെ വരവ് ടുറെയെ സിറ്റി വിടാന്‍ പ്രേരിപ്പിച്ചതുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.