Sports
വാല്‍വെര്‍ദെ ബാഴ്‍സലോണയുടെ പുതിയ കോച്ച്വാല്‍വെര്‍ദെ ബാഴ്‍സലോണയുടെ പുതിയ കോച്ച്
Sports

വാല്‍വെര്‍ദെ ബാഴ്‍സലോണയുടെ പുതിയ കോച്ച്

Ubaid
|
1 Jun 2018 1:35 AM GMT

ബാഴ്‍സയുടെ മുന്‍ താരം കൂടിയായ വാല്‍വെര്‍ദെ സ്പാനിഷ് ടീം എസ്പാനിയോള്‍ ഗ്രീക്ക് ടീം ഒളിമ്പ്യാക്കോസ് എന്നിവയുടെയും പരിശീലകനായിരുന്നു

ബാഴ്‍സലോണയുടെ പുതിയ കോച്ചായി അത്‍ലറ്റിക്കോ ബില്‍ബാവോയുടെ മുന്‍ കോച്ച് ഏണ‍സ്റ്റോ വാല്‍വെര്‍ദെയെ നിയമിച്ചു. ബാഴ്‍സ പ്രസിഡന്റ് ജോസെഫ് മരിയ ബര്‍ട്ടോമ്യൂവാണ് പുതിയ കോച്ചിനെ പ്രഖ്യാപിച്ചത്.രണ്ട് വര്‍ഷത്തെ കരാറിലാണ് നിയമനം. ലൂയിസ് എന്റിക്വെയുടെ കരാര്‍ അവസാനിച്ച സാഹചര്യത്തിലാണ് പകരക്കാരനെ കണ്ടെത്തിയത്. ബാഴ്‍സയുടെ മുന്‍ താരം കൂടിയായ വാല്‍വെര്‍ദെ സ്പാനിഷ് ടീം എസ്പാനിയോള്‍ ഗ്രീക്ക് ടീം ഒളിമ്പ്യാക്കോസ് എന്നിവയുടെയും പരിശീലകനായിരുന്നു. അടുത്ത സീസണില്‍ ചിരവൈരികളായ റയല്‍ മാഡ്രിഡുമായാണ് ബാഴ്സയുടെ ആദ്യ മത്സരം.

Ernesto Valverde is the new @FCBarcelona coach.
Welcome, Ernesto!#HolaValverde pic.twitter.com/XBjdEztHRe

— FC Barcelona (@FCBarcelona) May 29, 2017

കളിച്ചും കളിപ്പിച്ചുമുള്ള വലിയ പരിചയസമ്പത്ത് കൈമുതലാക്കിയാണ് ഏണസ്റ്റോ വാല്വര്‍ദെയെന്ന അമ്പത്തിമൂന്നുകാരന്‍ ലോകത്തെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്ലബുകളിലൊന്നായ ബാഴ്‍സയെ പരിശീലിപ്പിക്കാനെത്തുന്നത്. നേരത്തെ എസ്പാനിയോളിനെയും പരിശീലിപ്പിച്ചിട്ടുള്ള വാല്‍വെര്‍ദെയുടെ ലാലിഗയിലെ പരിചയസമ്പത്ത് തന്നെയാണ് ബാഴ്‍സ മാനേജ്മെന്‍റിനെ തൃപ്തരാക്കിയത്. ലൂയിസ് എന്‍റിക്വെയുടെ പകരക്കാനാരെന്ന ആരാധകരുടെ ദിവസങ്ങള്‍ നീണ്ട ചോദ്യങ്ങള്‍ക്കാണ് പ്രസിഡന്‍റ് ജോസഫ് മരിയ ബര്‍ട്ടോമ്യൂ ഉത്തരം നല്‍കിയത്.

ഏണസ്റ്റോ വാല്‍വെര്‍ദെയെന്ന അമ്പത്തിയൊന്നുകാരനെ വെറുതെയൊന്നും ബാഴ്‍സ പരിശീലകനാക്കില്ലെന്നതിന്‍റെ തെളിവ് അദ്ദേഹത്തിന്‍റെ കരിയര്‍ ലിസ്റ്റില്‍ വ്യക്തമാണ്. അത്‍ലറ്റിക്കോ ബില്‍ബാവോയെ കഴിഞ്ഞ നാല് സീസണകുളില്‍ പരിശീലിപ്പിച്ച വാല്‍വെര്‍ദെയുടെ ലാലിഗയിലെ പരിചയ സന്പത്തിന് തന്നെയാണ് ബാഴ്‍സ മാനേജ്മെന്‍റ് പ്രഥമ പരിഗണന നല്‍കിയത്. ബില്‍ബാവോയെ ഏറ്റവും കൂടുതല്‍ കാലം പരിശീലിപ്പിച്ച കോച്ചാണ് വാല്‍വെര്‍ദെ.

31 വര്‍ഷത്തിന് ശേഷം 2015ല്‍ ബില്‍ബോവോ സ്പാനിഷ് സൂപ്പര്‍ കപ്പ് നേടിയത് വാല്‍വെര്‍ദെയുടെ കീഴിലായിരുന്നു. ഫൈനലില്‍ തോല്‍പ്പിച്ചതാകട്ടെ ബാഴ്‍സയെയും. അതും ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക്. അത്‍ലറ്റിക്കോ ബില്‍ബാവോയുടെ യൂത്ത് ടീമിനെ പരിശീലിപ്പിച്ചാണ് വാല്‍വെര്‍ദെ പരിശീലക കരിയര്‍ ആരംഭിക്കുന്നത്.

ബാഴ്‍സലോണ നഗരത്തിലെ മറ്റൊരു ടീമായ എസ്പാനിയോളിന്റെ പരിശീലകനായും പിന്നീട് വാല്‍വെര്‍ദെ നിയമിതനായി. 2007 ല്‍ എസ്‍പാനിയോള്‍ യുവേഫ കപ്പിന്‍റെ ഫൈനലിലെത്തിയത് വാല്‍വെര്‍ദെക്ക് കീഴിലായിരുന്നു. പിന്നീട് ഗ്രീക്ക് ക്ലബ് ഒളിമ്പിയാക്കോസിനെയും പരിശീലിപ്പിച്ചു. 1988-90 കാലഘട്ടത്തില്‍ ഇതിഹാസ താരം യോഹാന്‍ ക്രൈഫിന് കീഴില്‍ ബാഴ്സയുടെ താരമായിരുന്നു വാല്‍വെര്‍ദെ.

എല്ലാം കൊണ്ടും സമ്പന്നമായ കരിയര്‍ ഹിസ്റ്ററിയുമായി വാല്വെര്‍ദെയെത്തുമ്പോള്‍ ബാഴ്സ ആരാധകര്‍ പ്രതീക്ഷിക്കുന്നതും അടുത്ത ലാലിഗ കിരീടമാണ്. എന്നാല്‍ വലിയ വെല്ലുവിളിയാണ് തുടക്കത്തില്‍ തന്നെ വാല്‍വെര്‍ദെയെ കാത്തിരിക്കുന്നതും. അടുത്ത സീസണില്‍ സ്പാനിഷ് സൂപ്പര്‍ കോപ്പ ഡേ എസ്പാനയില്‍ ചിരവൈരികളായ റയല്‍ മാഡ്രിഡുമായിട്ടാണ് ബാഴ്‍സയുടെ ആദ്യ മത്സരം.

Similar Posts