കേരള പ്രീമിയര്‍ ലീഗില്‍ ഇന്ന് ഫൈനല്‍ പോരാട്ടം
|തൃശൂര്‍ കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ വൈകിട്ട് നാലിനാണ് മത്സരം.
കേരള പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ഫൈനലില്‍ ഇന്ന് എഫ്സി തൃശൂര്‍ - കെഎസ്ഇബി പോരാട്ടം. തൃശൂര്‍ കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ വൈകിട്ട് നാലിനാണ് മത്സരം.
രണ്ട് മാസം നീണ്ട് നിന്ന കേരള പ്രീമിയര്‍ ലീഗിന്റെ നാലാം പതിപ്പിന്റെ ജേതാക്കളെ ഇന്നറിയാം.11 ടീമുകള്‍ 49 മത്സരങ്ങളില്‍ ഏറ്റുമുട്ടിയതിനൊടുവിലാണ് കലാശക്കളിക്ക് എഫ്സി തൃശൂരും കെഎസ്ഇബിയും യോഗ്യത നേടിയത്. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി എത്തിയ ഇരു ടീമുകളും സെമിയില്‍ പെനാല്‍റ്റി ഷൂട്ടൌട്ടിന്റെ സമ്മര്‍ദ്ദം അതിജീവിച്ചാണ് ഫൈനലിലെത്തിയത്. യുവാക്കാളുടെ സംഘമാണ് എഫ്സി തൃശൂര്‍. 80 ശതമാനവും 20 വയസുള്ള കളിക്കാരെ ഉള്‍പ്പെടുത്തിയാണ് എഫ്സി തൃശൂര്‍ ടീമുണ്ടാക്കിയിരിക്കുന്നത്. ഈ ചുറുചുറുക്കില്‍ തന്നെയാണ് ടീമിന്റെ പ്രതീക്ഷയും.
സന്തോഷ് ട്രോഫിയില്‍ കേരളത്തെ നയിച്ചിട്ടുള്ള വി.വി സുര്‍ജിത്താണ് കെഎസ്ഇബിയുടെ നായകന്. മുന്നേറ്റത്തിലും പ്രതിരോധത്തിലും സന്തോഷ് ട്രോഫി താരങ്ങളടക്കമുള്ള പരിചയ സമ്പന്നരുള്ളത് കെഎസ്ഇബിക്ക് ആത്മവിശ്വാസം കൂട്ടുന്നു.