സ്പിന്‍ വല തീര്‍ത്ത് മിശ്ര
|വലം രണ്ട് പന്തുകള്‍ക്കിടെ പഞ്ചാബിന് നഷ്ടമായത് ബാറ്റിങ് നിരയിലെ രണ്ടു കരുത്തരെ. 111/9 എന്ന തീര്‍ത്തും ദുര്‍ബലമായ സ്കോറിലേക്ക്
ഐപിഎല്ലില്‍ കിങ്സ് ഇലവന് പഞ്ചാബിനെതിരായ മത്സരത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് അനായായ ജയം ഒരുക്കിയത് ബൌളര്‍മാരുടെ പ്രകടനമായിരുന്നു. ഐപിഎല്ലിലെ നൂറാം മത്സരം കളിക്കുന്ന അമിത് മിശ്രയായിരുന്നു വിക്കറ്റ് വേട്ടക്കാരില്‍ മുന്നില്‍. കേവലം മൂന്ന് ഓവറുകള്‍ മാത്രം എറിഞ്ഞ മിശ്ര വലവീശി പിടിച്ചത് പഞ്ചാബിന്റെ നാല് ബാറ്റ്സ്മാന്മാരെ. തിളങ്ങുന്ന പ്രകടനത്തോടെ കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ട 33 കാരനായ താരം ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനെന്ന നേട്ടവും എത്തിപ്പിടിച്ചു. 116 വിക്കറ്റുകളാണ് ടൂര്‍ണമെന്റ് ചരിത്രത്തില്‍ മിശ്ര ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്. 143 വിക്കറ്റുകളുള്ള ലതീഷ് മലിങ്കയാണ് പട്ടികയിലെ ഒന്നാമന്.
നായകന് സഹീര്‍ ഖാന് അര്‍പ്പിച്ച വിശ്വാസത്തിന്റെ ചിറകിലേറി എതിരാളികള്‍ക്ക് ചുറ്റും സ്പിന്‍ വല വിരിക്കുകയായിരുന്നു ടൂര്‍ണമെന്റിലെ വെറ്ററന്‍ താരങ്ങളിലൊരാളായ മിശ്ര. ഏഴാമത്തെ ഓവറില്‍ മിശ്രയെ സഹീര്‍ പന്ത് ഏല്‍പ്പിക്കുമ്പോള്‍ ഒന്നിന് 37 എന്ന താരതമ്യേന നല്ല നിലയിലായിരുന്നു പഞ്ചാബ് ടീം. അമിത പ്രതിരോധത്തിന് മുതിരാതെ ആക്രമണോത്സുക ഫീല്‍ഡൊരുക്കി സ്ലിപ്പില്‍ ഒരു ഫീല്‍ഡറെ പ്രതിഷ്ഠിച്ച സഹീറിന്റെ മനസറിഞ്ഞ മിശ്ര എതിരാളികളെ വരിഞ്ഞുകെട്ടി. പഞ്ചാബ് ടീമിനു മേല്‍ മിശ്രയുടെ ആധിപത്യം മനസിലാക്കാന്‍ കേവലം രണ്ട് പന്തുകള്‍ മതിയാകും. തന്റെ ആദ്യ ഓവറില്‍ ഷോണ്‍ മാര്‍ഷിനെതിരെ മിശ്ര എറിഞ്ഞ ക്ലാസിക്കല്‍ ലെഗ് ബ്രേക് ആണ് ആദ്യത്തേത്. ക്രീസ് വിട്ടറങ്ങി ബൌളറെ ആക്രമിക്കാന്‍ മാര്‍ഷിനെ പ്രേരിപ്പിക്കുന്ന തരം പന്ത്. പ്രതീക്ഷ തെറ്റിയില്ല , ക്രീസ് വിട്ട് കൂറ്റനടിക്കിറങ്ങിയ മാര്‍ഷിനെ പക്ഷേ പന്തിന്റെ ഗതി കീഴടക്കി. വിക്കറ്റിനു പിന്നില്‍ ഡീകോക്ക് തന്റെ ഭാഗം കൃത്യമായി നിര്‍വ്വഹിച്ചു. മാര്‍ഷ് കൂടാരത്തിലേക്ക് തിരികെ.
തന്റെ രണ്ടാം ഓവറില്‍ മനോഹരമായ ഒരു ഗൂഗ്ളിയുടെ സഹായത്തോടെ ഡേവിഡ് മില്ലറെ വിക്കറ്റിനു പിന്നില്‍ കുരുക്കി മിശ്ര വിജയാഹ്ളാദത്തിലേക്ക് കുതിച്ചു. കേവലം രണ്ട് പന്തുകള്‍ക്കിടെ പഞ്ചാബിന് നഷ്ടമായത് ബാറ്റിങ് നിരയിലെ രണ്ടു കരുത്തരെ. 111/9 എന്ന തീര്‍ത്തും ദുര്‍ബലമായ സ്കോറിലേക്ക് പഞ്ചാബിനെ പിന്തള്ളിയത് ആ ഇരട്ട പ്രഹരമാണ്.