Sports
Sports

കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഫുട്ബോൾ സ്കൂളിന് ബ്രസീലിന്‍റെ പിന്തുണ

Sithara
|
1 Jun 2018 3:05 PM GMT

കേരളത്തിൽ ഫുട്ബോളിന് ലഭിക്കുന്ന വര്‍ധിച്ച ആരാധനയാണ് ബ്രസീലിന്റെ പിന്തുണക്ക് പിന്നിൽ.

കൌമാരക്കുതിപ്പിന് കേരളം വേദിയാകുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ ഫുട്ബോൾ സ്കൂളിന് ബ്രസീലിന്റെ പിന്തുണ. കേരളത്തിൽ ഫുട്ബോളിന് ലഭിക്കുന്ന വര്‍ധിച്ച ആരാധനയാണ് ബ്രസീലിന്റെ പിന്തുണക്ക് പിന്നിൽ. ബ്രസീൽ എംബസിയിൽ നിന്ന് എത്തിയ ട്രെയ്ഡ് ഓഫീസർ കേരളത്തിലെ കുട്ടികൾക്ക് ജഴ്സി നൽകി അവരോടൊപ്പം കളിക്കുകയും ചെയ്തു.

കൌമാരക്കാരുടെ ലോകകപ്പ് മത്സരത്തിന് കേരളത്തിലേക്ക് എത്തുമ്പോൾ ഈ നാടിന് ഇത്ര ഫുട്ബോൾ പ്രണയമുണ്ടെന്ന് ബ്രസീൽ എംബസി പ്രതിനിധി അറിഞ്ഞിരുന്നില്ല. കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ ജഴ്സി കൂടി കണ്ടതോടെ ആവേശം അലതല്ലി. അതോടെ ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ സ്കൂൾ കുട്ടികൾക്ക് ബ്രസീലിന്റെ സ്വന്തം മഞ്ഞ ജഴ്സിയും നൽകി. ഇന്ത്യയും ബ്രസീലും തമ്മിൽ 70 വർഷമായി നിലനിൽക്കുന്ന ബന്ധത്തിൽ ഫുട്ബോളിന് വലിയ സ്വാധീനമുണ്ടെന്ന് ബ്രസീൽ എംബസി ട്രേഡ് ഓഫീസർ റുയി സാന്തോസ് റോക്കാ കാമർഗോ പറഞ്ഞു.

ഫുട്ബോൾ സ്കൂളിലെ 140 കുട്ടികളെ വിവിധ ടീമുകളായി തിരിച്ച് സൌഹൃദ മത്സരവും നടത്തി. ഇന്ത്യയിൽ കൂടുതൽ ആരാധകരുള്ള ടീമാണ് കേരള ബ്ലാസ്റ്റേഴ്സെന്നും ബ്രസീൽ പ്രതിനിധി പറഞ്ഞു. ആവേശത്തോടെയുള്ള കേരളത്തിലെ ഫുട്ബോൾ ആസ്വദിക്കാനായതിലെ സന്തോഷവും പങ്കുവെച്ചാണ് അദ്ദേഹം മൈതാനം വിട്ടത്.

Similar Posts