പുകമഞ്ഞില്‍ ശ്വാസം കിട്ടാതെ ലങ്കന്‍ കളിക്കാര്‍, ഡല്‍ഹിക്കിത് അപമാനത്തിന്റെ ദിനം
|മത്സരം തുടരുന്നതിനെക്കുറിച്ചുള്ള അനിശ്ചിതാവസ്ഥ തുടരുന്നതിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഇന്നിംങ്സ് ഡിക്ലയര്‍ ചെയ്യാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. നിങ്ങള്‍ക്ക് പന്തെറിയാനാകില്ലെങ്കില്‍ ഞങ്ങള്‍ കാണിച്ചു തരാമെന്ന നിലയിലായിരുന്നു കോഹ്ലിയുടെ ഡിക്ലറേഷന്‍...
പല കാരണങ്ങള്‍ കൊണ്ട് ക്രിക്കറ്റ് മത്സരങ്ങള്‍ തടസപ്പെടാറുണ്ടെങ്കിലും വായുമലിനീകരണം കൊണ്ട് തടസപ്പെട്ട ചരിത്രം അധികമില്ല. ആ അപമാനത്തിന്റെ ചരിത്രം സ്വന്തമായിരിക്കുകയാണ് ഡല്‍ഹിയുടെ സ്വന്തം ഫിറോഷ് ഷാ കോട്ല സ്റ്റേഡിയം. കളിക്കളത്തില്‍ ശ്രീലങ്കന്‍ താരങ്ങളില്‍ പലരും കുഴഞ്ഞതോടെ മത്സരം തടസപ്പെട്ടു. ഒടുവില്‍ ഇന്ത്യന്‍ ഇന്നിംങ്സ് ഡിക്ലയര്‍ ചെയ്യാന്‍ വിരാട് കോഹ്ലി നിര്‍ബന്ധിതനാവുകയായിരുന്നു.
ഡല്‍ഹി ടെസ്റ്റിന്റെ രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് ശേഷമാണ് നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയത്. ശ്രീലങ്കന്‍ കളിക്കാരില്‍ അഞ്ച് പേര് മാസ്ക് ധരിച്ചാണ് ഫീല്ഡിലിറങ്ങിയിരുന്നത്. 12.32ന് പേസ് ബൗളര്‍ ലഹിരു ഗാമേജ് ശ്വാസമെടുക്കുന്നതില്‍ അസ്വസ്ഥത പ്രകടിപ്പിച്ചു. ടീം ഫിസിയോ വന്ന് നോക്കിയ ശേഷമാണ് കളി തുടര്‍ന്നത് 17 മിനുറ്റോളം ആ സമയത്ത് കളി തടസപ്പെട്ടിരുന്നു. കളി പുനരാരംഭിച്ച് വൈകാതെ വീണ്ടും തടസപ്പെട്ടു. ഇത്തവണ മറ്റൊരു പേസ് ബൗളറായ സുരങ്ക ലക്മലാണ് കളി തുടരാനാകാതെ കുഴഞ്ഞുപോയത്. ഉച്ചക്ക് 01.28ഓടെ ലക്മല്‍ ഫീല്‍ഡില്‍ നിന്ന് കയറുകയും ശ്രീലങ്ക പത്തുപേരുമായി കളി തുടരാന്‍ തീരുമാനിക്കുകയും ചെയ്തു.
തങ്ങളുടെ കളിക്കാരുടെ ബുദ്ധിമുട്ടിനെപ്പറ്റി ലങ്കന്‍ ക്യാപ്റ്റന്‍ അമ്പയര്‍മാരുമായി പങ്കുവെക്കുന്നുണ്ടായിരുന്നു. ശ്രീലങ്കന്‍ മാനേജര്‍ ഫീല്‍ഡിലെത്തി അമ്പയര്‍മാരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ഈ സാഹചര്യത്തില്‍ മത്സരം നിര്ത്തിവെക്കാനുള്ളസാധ്യതകളെപ്പറ്റിയായിരുന്നു ചര്‍ച്ചകള്‍. ഇതോടെ ഇന്ത്യന്‍ ക്യാമ്പും സജീവമാവുകയും പരിശീലകന് രവിശാസ്ത്രി തന്നെ ഫീല്‍ഡ് അമ്പയര്‍മാരുമായി ചര്ച്ചക്കായെത്തുകയും ചെയ്തു. അന്തരീക്ഷ മലിനീകരണം മൂലം കളിക്കാനാകാതെ മത്സരം നിര്‍ത്തിവെച്ചുവെന്ന നാണക്കേടാണ് ഇന്ത്യയെ ആ നിമിഷം തുറിച്ചു നോക്കിക്കൊണ്ടിരുന്നത്. അതിന്റെ എല്ലാ അസ്വസ്ഥതകളും പരിശീലകന് രവിശാസ്ത്രിയുടേയും കോഹ്ലിയുടേയും ശരീരഭാഷയിലുണ്ടായിരുന്നു.
മത്സരം തുടരുന്നതിനെക്കുറിച്ചുള്ള അനിശ്ചിതാവസ്ഥ തുടരുന്നതിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഇന്നിംങ്സ് ഡിക്ലയര്‍ ചെയ്യാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. നിങ്ങള്‍ക്ക് പന്തെറിയാനാകില്ലെങ്കില്‍ ഞങ്ങള്‍ കാണിച്ചു തരാമെന്ന നിലയിലായിരുന്നു കോഹ്ലിയുടെ ഡിക്ലറേഷന്‍. ആദ്യ പന്തില്‍ തന്നെ ശ്രീലങ്കന്‍ ഓപണറെ പുറത്താക്കി ഷാമി ക്യാപ്റ്റന്റേയും ഇന്ത്യയുടേയും മാനം കാക്കുകയും ചെയ്തു.
കുറച്ചുവര്‍ഷങ്ങളായി തണുപ്പുകാലത്തെ അന്തരീക്ഷ മലിനീകരണം ഡല്‍ഹിയില്‍ വലിയ പ്രശ്നങ്ങള്‍ക്കിടയാക്കിയിരുന്നു. ഈ നവംബറില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഡല്‍ഹി ഭരണകൂടം നിര്‍ബന്ധിതമായി. സ്കൂളുകള്‍ ഒരാഴ്ച്ചത്തേക്ക് അടച്ചിടുകയും ചെയ്തു. സ്മോഗിനെ തുടര്‍ന്ന് വാഹനാപകടങ്ങളും തുടര്‍ക്കഥയാണ്. കഴിഞ്ഞ വര്‍ഷം ബംഗാളും ഗുജറാത്തും തമ്മിലുള്ള രഞ്ജി മത്സരം സ്മോഗിനെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. ഡല്‍ഹിയിലെ പുകമഞ്ഞ്(സ്മോഗ്) ഒരു ദിവസം ശ്വസിക്കുന്നത് 44 സിഗരറ്റുകള്‍ വലിക്കുന്നതിന് തുല്യമാണെന്ന ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു.