ഏഷ്യന്‍ ഗെയിംസ് നാല് പേര്‍ക്ക് ജൂഡോയില്‍ യോഗ്യത
|തൃശൂരിലെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പരിശീലന കേന്ദ്രത്തില്‍ ഏഷ്യന്‍ ഗെയിംസിനായുള്ള തയ്യാറെടുപ്പിലാണ് നാലു പേരും.
ഏഷ്യന്‍ ഗെയിംസിലെ ജുജുറ്റ്‌സു, ഖുറാഷ് എന്നീ ഇനങ്ങളില്‍ കേരളത്തില്‍ നിന്നുള്ള നാല് പേര്‍ക്ക് യോഗ്യത. കേരള പൊലീസിലെ മൂന്ന് പേരും തൃശൂര്‍ സെന്റ് മേരീസ് കോളേജിലെ വിദ്യാര്‍ഥിനിയുമാണ് രാജ്യത്തിനായി ഗോദയിലിറങ്ങുക. തൃശൂരിലെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പരിശീലന കേന്ദ്രത്തില്‍ ഏഷ്യന്‍ ഗെയിംസിനായുള്ള തയ്യാറെടുപ്പിലാണ് നാലു പേരും.
ഇന്‍ഡോനേഷ്യയില്‍ ഓഗസ്റ്റില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ രാജ്യത്തിനായി മെഡല്‍ നേടാനുള്ള ഒരുക്കത്തിലാണ് കേരള പൊലീസിലെ മൂന്ന് പേര്‍. തൃശൂര്‍ ചാഴൂര്‍ സ്വദേശി ശാശ്വത് 77 കിലോഗ്രാമില്‍ താഴെയുള്ള വിഭാഗത്തില്‍ ജുജുറ്റ്‌സുവിലാണ് മത്സരിക്കുന്നത്. പാലക്കാട് സ്വദേശി ഷിബു 85 കിലോക്ക് താഴെയും. പട്ടിക്കാട് സ്വദേശി അശ്വിന്‍ ഖുറാഷില്‍ 90 കിലോഗ്രാമിന് മുകളിലുള്ള വിഭാഗത്തിലാണ് ഇറങ്ങുക. സ്‌പോര്‍ട്‌സ് കൗണ്‍സിലിന് കീഴില്‍ പരിശീലനം നടത്തുന്ന മൂവരെയും കൂടാതെ തൃശൂര്‍ സെന്റ് മേരീസ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ബിനിഷയും ഖുറാഷില്‍ ഏഷ്യന്‍ ഗെയിംസില്‍ രാജ്യത്തിന്റെ മെഡല്‍ പ്രതീക്ഷയുമായിറങ്ങും.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പരിശീലകനായ ശരത് ചന്ദ്രന്റെയും പൊലീസിലെ പരിശീലകനായ ലിജോയുടെയും പരിശീലനമാണ് നാലുപേര്‍ക്കും യോഗ്യത നേടി കൊടുത്തത്. ഇന്ത്യയില്‍ നിന്നാകെ 22 പേരാണ് ഈയിനങ്ങളില്‍ ഏഷ്യന്‍ ഗെയിംസിനിറങ്ങുക.