Sports
ആശയവിനിമയത്തിലെ പാളിച്ചയാണ് ഗോയലിന് വിനയായതെന്ന് കായിക മന്ത്രാലയംആശയവിനിമയത്തിലെ പാളിച്ചയാണ് ഗോയലിന് വിനയായതെന്ന് കായിക മന്ത്രാലയം
Sports

ആശയവിനിമയത്തിലെ പാളിച്ചയാണ് ഗോയലിന് വിനയായതെന്ന് കായിക മന്ത്രാലയം

Damodaran
|
2 Jun 2018 7:44 PM GMT

താരങ്ങള്‍ക്കൊപ്പം സെല്‍ഫികള്‍ എടുത്തതും സംഘാടകരുടെ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇക്കാര്യങ്ങളെക്കുറിച്ച് വിശദീകരണക്കുറിപ്പില്‍.....

കായിക മന്ത്രി വിജയ് ഗോയല് ഒളിമ്പിക്സ് വേദിയിലെ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന വാര്‍ത്തയില്‍ വിശദീകരണവുമായി കായിക മന്ത്രലായം. അക്രഡിറ്റേഷന്‍ ഇല്ലാത്ത ഉദ്യോഗസ്ഥന്‍ വിജയ് ഗോയലിന്‍റെ കൂടെ ഉണ്ടായിരുന്നില്ലെന്നും, ഒളിമ്പിക്സ് സംഘാടകരുമായി ആശയ വിനിമയത്തിലുണ്ടായ പ്രശ്നമാണ് വിവാദത്തിനിടയാക്കിയതെന്നും മന്ത്രാലയം അവകാശപ്പെട്ടു.

കായിക മന്ത്രി വിജയ് ഗോയലിന്‍റെ കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍, നിയമപരമായ അക്രഡിറ്റേഷന്‍ ഇല്ലാതെ വേദിക്കരികില്‍ പ്രവേശിച്ചുവെന്നും, പ്രവേശം വിലക്കാന്‍ ശ്രമിച്ച വളണ്ടിയേഴ്സിനോട് മോശമായി പെരുമാറിയെന്നും അറിയിച്ച് റിയോയിലെ ഒളിമ്പിക്സ് സംഘാടകര്‍ ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. ചട്ടലംഘനം തുടരുകയാണെങ്കില്‍ മന്ത്രിയുടെ അക്രഡിറ്റേഷന്‍ റദ്ദാക്കുമെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങളിലടക്കം മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശവും പരിഹാസവുമാണ് ഉയര്‍ന്നത്. ഈ സാഹചര്യത്തിലാണ് വിശദീകരണ കുറിപ്പുമായി കായിക മന്ത്രാലയം രംഗത്തെത്തിയത്.

ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന് കത്ത് ലഭിച്ചുവെന്ന കാര്യം സ്ഥിരീകരിച്ച മന്ത്രാലയം, അക്രഡിറ്റേഷന്‍ ഇല്ലാതെ മന്ത്രിക്കൊപ്പം ഉദ്യോഗസ്ഥന്‍ വേദിക്കരികില്‍ പ്രവേശിച്ചുവെന്ന വാദം തള്ളി. ഇക്കാര്യത്തില്‍ സംഘാടകരുമായി ഉണ്ടായ ആശയ വിനിമയമാണ് പ്രശ്നമായത്. ഭാഷ തടസ്സമാണ് ഇതിന് കാരണമെന്നുംകുറിപ്പ് വിശദീകരിക്കുന്നു.

ഇന്ത്യന്‍ ഒഫീഷ്യലുകള്‍ ഒളിമ്പിക്സ് വേദികളിലെ സുരക്ഷ ചട്ടങ്ങളും നിയമങ്ങളും കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കുറപ്പില്‍ പറയുന്നു. അതേസമയം, മത്സരത്തിനിടെ ഇന്ത്യന്‍ താരങ്ങളുമായി മന്ത്രിയും താരങ്ങളും സംസാരിക്കാന്‍ ശ്രമിച്ചതും, താരങ്ങള്‍ക്കൊപ്പം സെല്‍ഫികള്‍ എടുത്തതും സംഘാടകരുടെ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇക്കാര്യങ്ങളെക്കുറിച്ച് വിശദീകരണക്കുറിപ്പില്‍ പരാമര്‍ശമൊന്നും ഇല്ല.

Similar Posts