Sports
റിയോയില്‍ ഉയര്‍ത്തെഴുന്നേറ്റ കാനറികള്‍ സ്വര്‍ണം കൊത്തിപ്പറന്നപ്പോള്‍റിയോയില്‍ ഉയര്‍ത്തെഴുന്നേറ്റ കാനറികള്‍ സ്വര്‍ണം കൊത്തിപ്പറന്നപ്പോള്‍
Sports

റിയോയില്‍ ഉയര്‍ത്തെഴുന്നേറ്റ കാനറികള്‍ സ്വര്‍ണം കൊത്തിപ്പറന്നപ്പോള്‍

Alwyn K Jose
|
2 Jun 2018 5:38 PM GMT

ലോകകപ്പിലും കോപയിലും നേരിട്ട തിരിച്ചടിയോടെ അകാല തകര്‍ച്ചയിലേക്ക് നീങ്ങുകയാണെന്ന് തോന്നിയ ബ്രസീലിന്റെ അത്ഭുതകരമായ തിരിച്ചുവരവാണ് റിയോയില്‍ കണ്ടത്.

ഒളിമ്പിക്സിലെ സ്വര്‍ണ മെഡല്‍ നേട്ടം ബ്രസീല്‍ ഫുട്ബോളിന് ചെറിയ ആശ്വാസമൊന്നുമല്ല പകരുന്നത്. ലോകകപ്പിലും കോപയിലും നേരിട്ട തിരിച്ചടിയോടെ അകാല തകര്‍ച്ചയിലേക്ക് നീങ്ങുകയാണെന്ന് തോന്നിയ ബ്രസീലിന്റെ അത്ഭുതകരമായ തിരിച്ചുവരവാണ് റിയോയില്‍ കണ്ടത്. ബ്രസീലില്‍ ഇന്നലെ രാത്രി മുതല്‍ തുടങ്ങിയ വിജയാഘോഷം ഇപ്പോഴും തുടരുകയാണ്.

കായിക ലോകത്ത് റിയോ ഒളിമ്പിക്സ് ബാക്കിയാക്കുന്ന ഓര്‍മ്മചിത്രങ്ങളില്‍ ഒന്നാമത്തേത് ഈ കരയുന്ന നെയ്മറായിരിക്കും. ബൊലേ ഹൊറിസോണ്ടിയിലെ നിരാശാകണ്ണീരല്ലായിത്. മാറക്കാനയിലെ ആനന്ദക്കണ്ണീരാണ്. കാനറികള്‍ക്കിത് വെറുമൊരു സ്വര്‍ണനേട്ടം മാത്രമല്ല. ഫുട്ബോളിലെ ആദ്യ ഒളിമ്പിക് സ്വര്‍ണമെന്ന സ്വപ്നസാക്ഷാല്‍ക്കാരവുമല്ല. അതിനപ്പുറം ചാരത്തില്‍ നിന്നുള്ള കാനറികളുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റ വീരഗാഥയാണ്.

ലോകകപ്പിലും പിന്നാലെ വന്ന കോപയിലും തകര്‍ന്നടിഞ്ഞപ്പോള്‍ എല്ലാവരും വിധിയെഴുതിയതാണ്, ബ്രസീല്‍ ഫുട്ബോളിന് മേല്‍ മൂടി നിന്ന അസ്തമയച്ചുവപ്പിനെ ആശങ്കയോടെ കണ്ടതാണ്. പക്ഷെ ഒളിമ്പിക്സ് വന്നു. കോപക്ക് പോലും വിട്ടുകൊടുക്കാതെ കാത്തുവെച്ച നെയ്മര്‍ നാട്ടുകാര്‍ക്ക് മുന്നില്‍ കളിക്കാനിറങ്ങി. കരഞ്ഞു കലങ്ങിയ കണ്ണുകളില്‍ പ്രതീക്ഷകള്‍ വിരിഞ്ഞു. ഓരോ മത്സരവും ജയിച്ച് നെയ്മറും സംഘവും ഫൈനലിലെത്തി. അവിടെ ജര്‍മ്മനിക്കെതിരെ മധുരപ്രതികാരവും. ഒളിമ്പിക്സിനെത്തുന്ന ഓരോ ഫുട്ബോള്‍ ടീമുകളും അതത് രാജ്യങ്ങളുടെ ഭാവി ടീമാണെന്നതിനാല്‍ ബ്രസീലിന് ആശ്വസിക്കാം. ഇല്ല കാനറികളുടെ ചിറക് തളര്‍ന്നിട്ടില്ല. പുതിയ രക്ഷകനായി കാക്കേണ്ടതുമില്ല. നെയ്മറുണ്ടവര്‍ക്ക്, തുണയായി കാവലായി.

Similar Posts