തീ ഇല്ലാതെ പുകയുണ്ടാകില്ലെന്ന വാദം വങ്കത്തം, ഐപിഎല്‍ വിവാദത്തില്‍ മനസ് തുറന്ന് ധോണി
|ആളുകള്‍ എന്ത് പറയുന്നു എന്നത് എന്റെ വിഷയമല്ല, ക്രിക്കറ്റിനെ സഹായിക്കാന്‍ എപ്പോഴും മുന്‍ പന്തിയിലുണ്ടായിരുന്ന വ്യക്തിയായാണ് ശ്രീനിവാസനെ ഞാന്‍ കാണുന്നത് - മഹി പറയുന്നു,
തനിക്കെല്ലാം തന്ന ക്രിക്കറ്റിനെ താന്‍ വഞ്ചിക്കില്ലെന്നും തീയില്ലാതെ പുകയുണ്ടാകില്ലെന്ന മാധ്യമങ്ങളുടെ വാദം ശുദ്ധ വങ്കത്തരമാണെന്നും മുന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്ര സിങ് ധോണി. ഐപിഎല്‍ കോഴ വിവാദത്തെ കുറിച്ച് മനസ് തുറക്കവെയാണ് ധോണിയുടെ ഈ പ്രതികരണം. ഇതുകൊണ്ടുതന്നെയാണ് മാധ്യമങ്ങളോട് സംസാരിക്കാന്‍ താന്‍ ആഗ്രഹിക്കാത്തതെന്നും പ്രശസ്ത മാധ്യമ പ്രവര്‍ത്തകനായ രാജ്ദീപ് സര്‍ദേശായ് രചിച്ച ഡെമോക്രസി ഇലവനില്‍ ധോണി പറയുന്നു. ബിസിസിഐ മുന്‍ അധ്യക്ഷന്‍ എന്‍ ശ്രീനിവാസനുമായുള്ള ബന്ധത്തെയും ധോണി ന്യായീകരിക്കുന്നുണ്ട്. ആളുകള്‍ എന്ത് പറയുന്നു എന്നത് എന്റെ വിഷയമല്ല, ക്രിക്കറ്റിനെ സഹായിക്കാന്‍ എപ്പോഴും മുന്‍ പന്തിയിലുണ്ടായിരുന്ന വ്യക്തിയായാണ് ശ്രീനിവാസനെ ഞാന്‍ കാണുന്നത് - മഹി പറയുന്നു,
ശ്രീനിവാസന്റെ മരുമകനായ ഗുരുനാഥ് മെയ്യപ്പന് ഒരു ക്രിക്കറ്റ് ആരാധകനാണെന്ന് താന്‍ പറഞ്ഞതായുള്ള അവകാശവാദങ്ങളെയും ധോണി തള്ളുന്നു. മെയ്യപ്പന് ഒരു ക്രിക്കറ്റ് ഇന്തൂസിയാസ്റ്റ് മാത്രമാണെന്ന് ഞാന്‍ മൊഴി നല്‍കിയെന്നത് പച്ചക്കള്ളമാണ്. ടീം കളത്തിലെടുക്കുന്ന തീരുമാനങ്ങളില്‍ മെയ്യപ്പന് ഒരു പങ്കുമില്ലെന്ന് മാത്രമാണ് ഞാന്‍ പറഞ്ഞിരുന്നത്. ഇന്തൂസിയാസ്റ്റ് എന്ന് നേരാംവണ്ണം പറയാന്‍ പോലും എനിക്ക് കഴിയില്ല.