നായക സ്ഥാനത്തു നിന്നും നീക്കിയത് വേദനിപ്പിച്ചതായി ദില്ഷന്
|ശ്രീലങ്കന്‍ നായകനായിരുന്ന പത്തു മാസ കാലയളവില്‍ സഹകളിക്കാരുടെ പൂര്‍ണ പിന്തുണ തനിക്ക് ലഭിച്ചിരുന്നില്ലെന്ന് തുറന്നടിച്ച ദില്ഷന് ഇപ്പോഴത്തെ
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു ശേഷം നായകസ്ഥാനത്തു നിന്നും പെട്ടെന്ന് പുറത്താക്കിയത് തന്നെ അത്യന്തം വേദനിപ്പിച്ചതായി ശ്രീലങ്കയുടെ മുന്‍ നായകന് തിലകരത്നെ ദില്ഷന്. കരിയറിലെ അവസാന ഏകദിനം കളിച്ച ശേഷമായിരുന്നു ദില്‍ഷന്റെ വെളിപ്പെടുത്തല്‍. ശ്രീലങ്കന്‍ നായകനായിരുന്ന പത്തു മാസ കാലയളവില്‍ സഹകളിക്കാരുടെ പൂര്‍ണ പിന്തുണ തനിക്ക് ലഭിച്ചിരുന്നില്ലെന്ന് തുറന്നടിച്ച ദില്ഷന് ഇപ്പോഴത്തെ നായകന് അഞ്ചലോ മാത്യൂസ് ഉള്‍പ്പെടെ പല താരങ്ങളുടെയും അന്നത്തെ പെരുമാറ്റത്തിലുള്ള സംശയവും പങ്കുവച്ചു. ഏപ്രില്‍ 2011 മുതല്‍ ജനുവരി 2012വരെയാണ് ലങ്കയുടെ നായക സ്ഥാനത്ത് ദില്ഷന് ,തുടര്‍ന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന, ടെസ്റ്റ് പരമ്പരകളില്‍ പരാജയപ്പെട്ടെങ്കിലും ചരിത്രത്തിലാദ്യമായി ഒരു ശ്രീലങ്കന്‍ ടീമിന് ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഒരു ടെസ്റ്റ് ജയിക്കാനായി.
നായക സ്ഥാനത്തു നിന്നും പുറത്താക്കിയത് വേദനിപ്പിച്ചെങ്കിലും തുടര്‍ന്ന് നടന്ന ഓസീസ് പര്യടനത്തില്‍ 500ല്‍ അധികം റണ്‍സ് നേടാനും പരമ്പരയിലെ കേമന്‍ പട്ടം സ്വന്തമാക്കാനും എനിക്ക് കഴിഞ്ഞു. നായക സ്ഥാനത്തു നിന്നും എന്നെ പുറന്തള്ളുന്നതിന് ആരാണ് ചരടുവലിച്ചതെന്നത് എന്നെ സംബന്ധിച്ചിടത്തോളം അപ്രസക്തമായിരുന്നു. ആരാണ് നായകന് എന്നത് എന്നെ സംബന്ധിച്ചിടത്തോളം അപ്രസക്തമാണ്. എന്നും രാജ്യത്തിനായാണ് കളിക്കുന്നത്. നായകനായിരിക്കെ ടീമിലേക്ക് കൊണ്ടുവന്ന യുവതാരങ്ങള്‍ ഇന്ന് ശ്രീലങ്കക്കായി മത്സരങ്ങള്‍ വിജയിക്കുന്നത് കാണുമ്പോള്‍ അഭിമാനം തോന്നാറുണ്ട്. അന്ന് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതല്‍ പ്രശ്നം സൃഷ്ടിച്ച ഒരു മേഖലയായിരുന്നു അത്. എന്തിനാണ് ഇത്രയും ചെറുപ്പക്കാര്‍ക്ക് ഇത്രമാത്രം അവസരം നല്‍കുന്നതെന്ന ചോദ്യം പതിവായിരുന്നു. ദിനേഷ് ചണ്ടിമാലിനെ പോലെയുള്ള കളിക്കാര്‍ ഇന്ന് ടീമിന്റെ മുന്‍നിര പോരാളികളാണ്.
വിരമിക്കല്‍ ചിന്തകളില്ലാതെയാണ് താന്‍ ഓസീസ് പരമ്പര തുടങ്ങിയതെന്ന് വ്യക്തമാക്കിയ ദില്ഷന് ഒരാള്‍ കളി നിര്‍ത്താന്‍ പറയുന്നതിനെക്കാള്‍ തന്നെ സംബന്ധിച്ചിടത്തോളം പ്രധാനം സ്വയം എന്ത് തോന്നുന്നു എന്നാണ്. രണ്ട് വര്‍ഷത്തോളം കളി തുടരണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ അടുത്ത ലോകകപ്പിന് മുന്നോടിയായി ഓപ്പണറായി എത്തുന്ന ,താരത്തിന് ആവശ്യമുള്ള സമയം കിട്ടുന്നതിന് ഇത് തടസമാകും. ആറു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓപ്പണറായ ശേഷം ഒരിക്കല്‍ പോലും ഒരു സ്ഥിരം പങ്കാളിയെ എനിക്ക് ലഭിച്ചിട്ടില്ല. പത്തു പേരാണ് എനിക്കൊപ്പം ഓപ്പണ്‍ ചെയ്തിട്ടുള്ളത്. ഞാന്‍ കളി തുടര്‍ന്നാല്‍ ഓപ്പണര്‍മാരായി ഒരു സ്ഥിരം ജോഡിയെ ലോകകപ്പിന് ഒരുക്കിയെടുക്കുന്നതിന് അത് തടസമാകും - ദില്ഷന് പറഞ്ഞു.