ഡിവില്ലിയേഴ്സിനെ വീഴ്ത്തി വിക്കറ്റിന് പിന്നിലെ ധോണിയുടെ മിന്നലാട്ടം
|ഓട്ടത്തില്‍ അഗ്രഗണ്യനായി അറിയപ്പെടുന്ന ഡിവില്ലിയേഴ്സ് ഡൈവ് ചെയ്തെങ്കിലും മിന്നല്‍ വേഗത്തിലാണ് ധോണി പ്രവര്‍ത്തിച്ചത്. ഒരിക്കല്‍ കൂടി പരാജിതനായി ദക്ഷിണാഫ്രിക്കന്‍ നായകന് മടങ്ങി.
കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ നിരാശ മറികടക്കാനുള്ള നിശ്ചയവുമായാണ് ദക്ഷിണാഫ്രിക്കന്‍ നായകന് എബി ഡിവില്ലിയേഴ്സ് ഇന്ന് ഇന്ത്യക്കെതിരെ ക്രീസിലെത്തിയത്. രണ്ട് മത്സരങ്ങളില്‍ നിന്നും കേവലം നാല് റണ്‍സെന്ന ഭാരം മറന്ന പോലെയാണ് ഡിവില്ലിയേഴ്സ് തുടങ്ങിയത്. തുടക്കത്തില്‍ തന്നെ താളം കണ്ടെത്തിയ സൂചന നല്കുന്ന മനോഹരമായ ഒരു ബൌണ്ടറിയും ആ ബാറ്റില്‍ നിന്നും പിറന്നു. ഇന്ത്യക്ക് ഭീഷണിയായി എബിഡി വളരുമെന്ന ഘട്ടത്തിലാണ് മനോഹരമായ ഒരു ഫീല്‍ഡിങും വിക്കറ്റിന് പിന്നിലെ മിന്നലായുള്ള ധോണിയുടെ നീക്കവും ആ ഇന്നിങ്സിന് അവസാനം കുറിച്ചത്.
ജഡേജയുടെ പന്ത് ഡ്യുപ്ലസി പോയിന്റിലേക്ക് അടിച്ചകറ്റിയപ്പോള്‍ ഒരു റണിനെ കുറിച്ച് ഡിവില്ലിയേഴ്സ് ചിന്തിച്ചിരുന്നില്ല. എന്നാല്‍ ഡ്യുപ്ലെസി ക്ഷണിച്ചപ്പോള്‍ റണ്ണിനായി കുതിച്ചു. അവസരം മണത്ത ഹാര്‍ദിക് പാണ്ഡ്യ അതിവേഗം പന്ത് കീപ്പറെ ലക്ഷ്യമാക്കി എറിഞ്ഞു. വിക്കറ്റുകള്‍ക്കിടയിലെ ഓട്ടത്തില്‍ അഗ്രഗണ്യനായി അറിയപ്പെടുന്ന ഡിവില്ലിയേഴ്സ് ഡൈവ് ചെയ്തെങ്കിലും മിന്നല്‍ വേഗത്തിലാണ് ധോണി പ്രവര്‍ത്തിച്ചത്. ഒരിക്കല്‍ കൂടി പരാജിതനായി ദക്ഷിണാഫ്രിക്കന്‍ നായകന് മടങ്ങി.