സിദാന്റെ പരിശീലകസ്ഥാനം ചോദ്യം ചെയ്യപ്പെടുന്നു
|മെസി സുവാരസ് സഖ്യത്തെ ചെറുക്കാന്‍ റയലിന്റെ പ്രതിരോധത്തിനോ എതിരാളികളുടെ വല കുലുക്കാന്‍ റൊണാള്‍ഡോ ഉള്‍പ്പെടെയുള്ളവര്‍ക്കോ സാധിച്ചില്ല. ടീമിന്റെ തോല്‍വിയില്‍ ഏറ്റവും കൂടുതല്‍ ചോദ്യം ചെയ്യപ്പെട്ടത് പരിശീലകന്‍ സിദാനായിരുന്നു.
എല്‍ ക്ലാസിക്കോ തോല്‍വിക്ക് ശേഷം റയല്‍ മാഡ്രിഡ് പരിശീലകന്‍ സിദാന്റെ നിലനില്‍പ് ചോദ്യം ചെയ്യപ്പെടുകയാണ്. സിദാനെ പരിശീലക സ്ഥാനത്ത് നിന്ന് നീക്കാന്‍ ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ അടുത്ത വര്‍ഷം ടീം തിരിച്ചുവരുമെന്നാണ് സിദാന്‍ പറയുന്നത്.
സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ബദ്ധവൈരികള്‍ക്ക് മുന്നില്‍ മൂന്ന് ഗോളിന് തകര്‍ന്നതിന്റെ ഞെട്ടലില്‍നിന്ന് റയല്‍ ഇപ്പോഴു മോചിതമായിട്ടുണ്ടാകില്ല. മെസി സുവാരസ് സഖ്യത്തെ ചെറുക്കാന്‍ റയലിന്റെ പ്രതിരോധത്തിനോ എതിരാളികളുടെ വല കുലുക്കാന്‍ റൊണാള്‍ഡോ ഉള്‍പ്പെടെയുള്ളവര്‍ക്കോ സാധിച്ചില്ല. ടീമിന്റെ തോല്‍വിയില്‍ ഏറ്റവും കൂടുതല്‍ ചോദ്യം ചെയ്യപ്പെട്ടത് പരിശീലകന്‍ സിദാനായിരുന്നു.
ലാ ലീഗ കിരീടം നിലനിര്‍ത്തുക എന്നത് റയലിനെ സംബന്ധിച്ചിടത്തോളം അസാധ്യമായി മാറിയിരിക്കുന്നു. കാരണം ഒന്നാമതുള്ള ബാഴ്‌സയേക്കാള്‍ 14 പോയിന്റിന് പിന്നിലാണ് റയല്‍. ഇനിയുള്ള പ്രതീക്ഷ ചാംപ്യന്‍സ് ലീഗ് മാത്രമാണ്. എല്‍ ക്ലാസിക്കോ തോല്‍വിയെ തുടര്‍ന്ന് സിദാനെ പുറത്താക്കുമെന്ന തരത്തില്‍ ചില സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ക്ലബ്ബ് പ്രസിഡന്റ് ഫ്‌ലോറന്റീനോ പെരസ് ഇതിന് തയ്യാറാകുമെന്നാണ് മാധ്യമ റിപ്പോര്‍ട്ട്. എന്നാല്‍ ഇതിനിടിയിലും ടീമിന്റെ തിരിച്ചുവരവില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് സിദാന്‍.
അടുത്ത വര്‍ഷം ടീം കൂടുതല്‍ ജയം നേടുമെന്നും ഫുട്‌ബോളില്‍ ജയവും തോല്‍വിയും സാധാരണയാണെന്നും സിദാന്‍ പറയുന്നു. മറ്റെയോ കൊവിച്ചിച്ചിനെ കഴിഞ്ഞ മത്സരത്തില്‍ ഇറക്കിയത് സിദാന് തിരിച്ചടിയായിരുന്നു. കര്‍വാജല്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതും റൊണാള്‍ഡോക്ക് ഗോള്‍ നേടാനാകാത്തതും പരാജയത്തിന്റെ പ്രധാന കാരണങ്ങളായി. ഇതെല്ലാം ഉള്‍ക്കൊണ്ടാണ് സിദാന്‍ ടീമിന്റെ തിരിച്ചുവരവ് ഉണ്ടാകുമെന്ന് അറിയിച്ചത്. ഒരാള്‍ക്കും തോല്‍പ്പിക്കാനാകാത്ത വിധം ടീമിനെ വാര്‍ത്തെടുക്കുമെന്നും സിദാന്‍ വ്യക്തമാക്കി.