ബ്ലാസ്റ്റേഴ്‌സിന് സമനില ശാപം
|ബ്ലാസ്‌റ്റേഴ്‌സിനായി മാര്‍ക്കസ് സിഫ്‌നിയോസ് ഗോള്‍ നേടിയപ്പോള്‍ പഞ്ചാബി താരം ബല്‍വന്ത് സിംങാണ് മുംബൈയുടെ സമനില ഗോള്‍ നേടിയത്...
ഐഎസ്എല്ലില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്‌സിന് സമനില. മുംബൈ സിറ്റിക്കെതിരായ മത്സരം ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടിയതോടെയാണ് സമനിലയിലായത്. ബ്ലാസ്‌റ്റേഴ്‌സിനായി മാര്‍ക്കസ് സിഫ്‌നിയോസ് സീസണിലെ ആദ്യ ഗോള്‍ നേടിയപ്പോള്‍ പഞ്ചാബി താരം ബല്‍വന്ത് സിംങാണ് മുംബൈയുടെ സമനില ഗോള്‍ നേടിയത്.
ആരാധകര്‍ കാത്തിരുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ പതിനാലാം മിനുറ്റിലാണ് പിറന്നത്. മുംബൈ സിറ്റി എഫ്‌സിക്കെതിരെ മാര്‍ക്കസ് സിഫ്‌നിയോസാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനായി ഗോള്‍ നേടിയത്. ആദ്യ രണ്ട് മത്സരങ്ങളിലും ഗോള്‍ രഹിത സമനിലയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ വിധി.
The lanky Sifneos with a well-taken finish to give @KeralaBlasters the lead!#LetsFootball #KERMUM pic.twitter.com/dLZg20bJgp
— Indian Super League (@IndSuperLeague) December 3, 2017
വലതുവിങ്ങില്‍ നിന്നും മലയാളി റിനോ ആന്റോ നല്‍കിയ പാസാണ് ഗോളായി മാറിയത്. ഉയര്‍ന്നു വന്ന പന്ത് നിലം തൊടും മുമ്പേ ബോക്‌സിനുള്ളിലെ ക്ലിനിക്കല്‍ ഫിനിഷിംങിലൂടെ സിഫ്‌നിയോസ് വല ചലിപ്പിച്ചു. മുംബൈ ഗോളി അമരീന്ദറിനെ കാഴ്ച്ചക്കാരനാക്കിക്കൊണ്ടായിരുന്നു ബ്ലാസ്റ്റേഴ്‌സ് താരത്തിന്‍റെ ഗോള്‍. കാത്തു കാത്തിരുന്ന ഗോള്‍ മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ പിറന്നതോടെ ആരാധകര്‍ ആവേശത്തിലായി.
എഴുപത്തേഴാം മിനുറ്റിലാണ് മഞ്ഞപ്പടയെ നിശബ്ദരാക്കിയ മുംബൈ എഫ്‌സിയുടെ ഗോള്‍ പിറന്നത്. ബ്രസീലിയന്‍ താരം എവര്‍ട്ടണ്‍ സാന്റോസിന്റെ കൗണ്ടര്‍ അറ്റാക്ക് ബല്‍വന്ത് സിംങ് മനോഹരമായ ഷോട്ടിലൂടെ റെച്ചൂക്കയേയും കീഴടക്കി. മത്സരത്തിന്റെ അവസാന മിനുറ്റുകളില്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ കിതച്ചുപോയപ്പോള്‍ തുടര്‍ച്ചയായി മുന്നേറ്റം നടത്തുന്ന മുംബൈ സിറ്റി എഫ്‌സിയെയാണ് കണ്ടത്.
മത്സരത്തില്‍ മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും മലയാളി താരം സികെ വിനീത് അവസാന മിനുറ്റുകളില്‍ നിറം മങ്ങി. മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തേക്ക് പോകാനായിരുന്നു വിനീതിന്റെ വിധി. എണ്‍പത്തെട്ടാം മിനുറ്റില്‍ അനാവശ്യമായി വീണ സികെ വിനീതിന് രണ്ടാമത്തെ മഞ്ഞക്കാര്‍ഡ് നല്‍കി റഫറി പുറത്താക്കി. അവസാന മിനുറ്റുകള്‍ പത്തുപേരുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് പിടിച്ചു നിന്നത്.
Hit low, and hit hard by Everton Santos - and @Balwant_Singh17 finishes well!#LetsFootball #KERMUM pic.twitter.com/q1svFdLVBm
— Indian Super League (@IndSuperLeague) December 3, 2017
ബാറിന് കീഴില്‍ കേരള ബ്ലാസ്റ്റേഴ്‌സിനുവേണ്ടി റച്ചൂക്കയുടെ മിന്നും പ്രകടനം തുടരുകയാണ്. രണ്ടാം പകുതിയില്‍ എതിരാളിയുടെ ഗോളുറപ്പിച്ച ഷോട്ട് റച്ചൂക്കയുടെ കാലില്‍ തട്ടി ഉള്ളിലേക്ക് വന്നെങ്കിലും ക്രോസ് ബാര്‍ തുണയായി. മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ബെര്‍ബറ്റോവ് പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ നടത്തിയ മത്സരം കൂടിയാണ് കഴിഞ്ഞത്. ഇരുപകുതിയിലേക്കും പന്ത് കയറിയിറങ്ങിയ മത്സരം കാണികള്‍ക്ക് ആവേശ വിരുന്നാണ് സമ്മാനിച്ചത്. തുടര്‍ച്ചയായി മുന്നാം മത്സരത്തിലും സമനില ശാപം ബ്ലാസ്റ്റേഴ്‌സിനെ പിന്തുടരുകയാണ്.