സിറിഞ്ച് കണ്ടെത്തി; രണ്ട് മലയാളി താരങ്ങളെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പുറത്താക്കി
|രാകേഷ് ബാബുവിനെയും കെ ടി ഇര്‍ഫാനെയുമാണ് പുറത്താക്കിയത്.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് മലയാളി താരങ്ങളായ കെ ടി ഇര്‍ഫാനെയും രാകേഷ് ബാബുവിനെയും പുറത്താക്കി. മുറിയില്‍ നിന്ന് സൂചിയും സിറിഞ്ചും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇരുവരുടെയും അംഗീകാരവും റദ്ദാക്കി.
ഈ ആഴ്ച ആദ്യം നടന്ന 20 കിലോ മീറ്റര്‍ നടത്തത്തില്‍ ഇര്‍ഫാന് 13 ആം സ്ഥാനമാണ് ലഭിച്ചത്. രാകേഷ് ഇന്ന് നടക്കുന്ന ട്രിപ്പിള്‍ ജമ്പില്‍ മത്സരിക്കാന്‍ യോഗ്യത നേടിയതായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത സംഭവങ്ങള്‍ ഉണ്ടായത്. ഗെയിംസ് വില്ലേജിലെ ഏഴാം അപ്പാര്‍ട്ട്മെന്‍റിലെ രണ്ടാം ബെഡ്റൂമില്‍ നിന്നാണ് മുറി വൃത്തിയാക്കാനെത്തിയവര്‍ സൂചി കണ്ടെടുത്തത്. ഈ മുറിയിലെ താമസക്കാരായിരുന്നു രാകേഷും ഇര്‍ഫാനും. പിന്നീട് പരിശോധനയില്‍ നിന്ന് രാകേഷ് ബാബുവിന്‍റെ ബാഗില്‍ നിന്ന് സിറിഞ്ചും കണ്ടെടുത്തു. എന്നാല്‍ വിറ്റാമിന്‍ ഇഞ്ചക്ഷനായിരുന്നു ഇതെന്നാണ് ഇരുവരുടെയും വിശദീകരണം.
സിറിഞ്ച് കണ്ടെടുത്ത പശ്ചാത്തലത്തില്‍ നടത്തിയ രക്തപരിശോധനയില്‍ ഇരുവരും ഉത്തേജക മരുന്ന് കഴിച്ചതായി തെളിഞ്ഞിട്ടില്ല. അതേസമയം ഇരുവരുടെയും അംഗീകാരം റദ്ദാക്കിയിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് ഇന്ത്യന്‍ ടീം അംഗങ്ങളില്‍ നിന്ന് സിറിഞ്ച് കണ്ടെടുക്കുന്നത്. കോമണ്‍വെല്‍ത്തിന്‍റെ ഉദ്ഘാടന വേളയില്‍ ഇന്ത്യന്‍ ബോക്സിങ് താരങ്ങളില്‍ നിന്ന് സിറിഞ്ച് കണ്ടെടുത്തിരുന്നു.