പരന്പര പാതിവഴിയിലായിരിക്കെ വിശ്രമത്തിനായി ഓസീസ് നായകന്‍റെ മടക്കം ചര്‍ച്ചയാകുന്നു
|ഐപിഎല്‍ മത്സരങ്ങളില്‍ കളിക്കുകയും ദേശീയ മത്സരങ്ങളില്‍ വിശ്രമത്തിന്‍റെ പേരില്‍ മാറി നില്‍ക്കുകയും ചെയ്യുന്ന സമീപനത്തിനെതിരെ
ശ്രീലങ്കന്‍ പര്യടനം പൂര്‍ത്തിയാക്കുന്നതിന് മുന്പ് ആസ്ത്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത് നാട്ടിലേക്ക് മടങ്ങുന്നു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്നോടിയായി വിശ്രമം ആവശ്യമായതിനാലാണ് സ്മിത്തിന്‍റെ മടക്കം,. പരന്പരയിലെ അവശേഷിക്കുന്ന മൂന്ന് ഏകദിനങ്ങളിലും രണ്ട് ട്വന്‍റി20 മത്സരങ്ങളിലും ഡേവിഡ് വാര്‍ണറാകും ഓസീസിനെ നയിക്കുക.
ലോക ഒന്നാം നന്പര്‍ ടീമായി എത്തിയ കംഗാരുക്കള്‍ ടെസ്റ്റ് പരന്പരയിലെ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ടിരുന്നു. പിന്നിട്ട രണ്ട് ഏകദിന മത്സരങ്ങളില്‍ ഇരുടീമുകളും ഓരോ ജയത്തോടെ നില്‍ക്കുന്പോഴാണ് സ്മിത്തിന്‍റെ മടക്കം. ഇതാദ്യമായാണ് ഒരു പരന്പരക്കിടെ ഓസീസ് ടീമിന്‍റെ നായകന്‍ പരിക്കോ മറ്റ് കാരണങ്ങളോ ഇല്ലാതെ വിശ്രമം ലക്ഷ്യം വച്ച് നാട്ടിലേക്ക് മടങ്ങുന്നത്. നേരത്തെ തീരുമാനിച്ച പ്രകാരമാണ് സ്മിത്തിന്‍റെ മടക്കമെന്ന് ഓസീസ് പരിശീലകന്‍ ലേമാന്‍ പറഞ്ഞു. ശ്രീലങ്കന്‍ പരന്പരയിലെ ഇതുവരെയുള്ള ഫലങ്ങളുമായി തീരുമാനത്തിന് ബന്ധമില്ലെന്ന് സ്മിത്തും പ്രതികരിച്ചു.
ഐപിഎല്‍ മത്സരങ്ങളില്‍ കളിക്കുകയും ദേശീയ മത്സരങ്ങളില്‍ വിശ്രമത്തിന്‍റെ പേരില്‍ മാറി നില്‍ക്കുകയും ചെയ്യുന്ന സമീപനത്തിനെതിരെ ഇതിനിടെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഒരു ക്രിക്കറ്ററെന്ന നിലയില്‍ കൂടുതല്‍ മെച്ചപ്പെടാന്‍ ഐപിഎല്‍ തന്നെ സഹായിച്ചിട്ടുണ്ടെന്നാണ് സ്മിത്തിന്‍റെ അവകാശവാദം. ഓസീസ് നായകനെന്നത് വലിയ വെല്ലുവിളിയാണെന്നും ഏറെ സമയം ഇതിനായി വിനിയോഗിക്കേണ്ടതുണ്ടെന്നും സ്മിത്ത് ചൂണ്ടിക്കാട്ടി.