ജൊഹന്നാസ്ബര്‍ഗ് ടെസ്റ്റില്‍ ഇന്ത്യ 187ന് പുറത്ത്
|അര്‍ധ സെഞ്ചുറികള്‍ നേടിയ പുജാരയും(50) കോഹ്ലിയും(54) വാലറ്റത്ത് വിലയേറിയ 30 റണ്‍ നേടിയ ഭുവനേശ്വര്‍ കുമാറും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നവര്‍.
ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ അരങ്ങുവാണ ജൊഹന്നാസ്ബര്‍ഗ് ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംങ്‌സില്‍ ഇന്ത്യ 187ന് പുറത്ത്. അര്‍ധ സെഞ്ചുറികള്‍ നേടിയ പുജാരയും(50) കോഹ്ലിയും(54) വാലറ്റത്ത് വിലയേറിയ 30 റണ്‍ നേടിയ ഭുവനേശ്വര്‍ കുമാറും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നവര്‍. ദക്ഷിണാഫ്രിക്കക്കുവേണ്ടി റബാഡ മൂന്നുവിക്കറ്റും ഫിലാണ്ടറും മോര്‍ക്കലും ഫെലുക്വായോയും രണ്ട് വീതം വിക്കറ്റുകളും വീതിച്ചെടുത്തു.
ജോഹന്നാസ്ബര്‍ഗില്‍ ആദ്യദിനം കണ്ടത് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരുടെ നിയന്ത്രണത്തിലുള്ള പ്രകടനമായിരുന്നു. കുത്തിയുയര്‍ന്ന കുത്തിയുയര്‍ പന്തുകള്‍ക്ക് മുന്നില്‍ മറുപടിയില്ലാതെയാണ് ഓരോ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരും കൂടാരം കയറിയത്. മുരളിവിജയ്, ലോകേഷ് രാഹുല്‍, ചേതേശ്വര്‍ പുജാര, പാര്‍ത്ഥിവ് പട്ടേല്‍, ഹാര്‍ദിക് പാണ്ഡ്യെ എന്നിവരെല്ലാം കീപ്പര്‍ക്ക് കാച്ച് നല്‍കിയാണ് മടങ്ങിയത്.
മൂന്നാം വിക്കറ്റില്‍ ചേതേശ്വര്‍ പുജാരയും(50) ക്യാപ്റ്റന്‍ കോഹ്ലിയും(54) നിന്നപ്പോള്‍ മാത്രമായിരുന്നു ഇന്ത്യ അല്‍പമെങ്കിലും ആത്മവിശ്വാസം പ്രകടിപ്പിച്ചത്. പരമാവധി പന്തെറിയിച്ച് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ അവശരാക്കുകയെന്ന തന്ത്രമായിരുന്നു പുജാര പയറ്റിയത്. ആദ്യ റണ്‍ പുജാര നേടിയത് നേരിട്ട 54ആമത്തെ പന്തിലായിരുന്നു. 179 പന്തുകളില്‍ നിന്നാണ് പുജാര അര്‍ധ സെഞ്ചുറി നേടിയത്. അര്‍ധ സെഞ്ചുറി നേടിയതിന് പിന്നാലെ പുജാരയെ ഒന്നാന്തരമൊരു പന്തില്‍ ഫെലുക്‌വായോ കീപ്പറുടെ കൈകളിലെത്തിച്ചു.
106 പന്തില്‍ നിന്നാണ് 9 ബൗണ്ടറികളുടെ അകമ്പടിയില്‍ കോഹ്ലി 54 റണ്‍സ് നേടിയത്. എന്‍ഗിഡിയുടെ പന്തില്‍ സ്ലിപ്പിലേക്കു വന്ന മിന്നല്‍ ഷോട്ട് കാച്ചാക്കി മാറ്റിയ ഡി വില്ലേഴ്‌സിനു കൂടി കോഹ്ലിയുടെ പുറത്താകലില്‍ തുല്യ അവകാശമുണ്ട്. അംഗീകൃത ബാറ്റ്‌സ്മാന്മാര്‍ തോറ്റുമടങ്ങിയിടത്ത് വാലറ്റത്ത് 30 റണ്ണടിച്ച് ഭുവനേശ്വര്‍ കുമാര്‍ വീരനായകനായി. മനോഹരമായ ഡ്രൈവുകള്‍ക്കൊപ്പം ഭാഗ്യത്തിന്റെ കൂടി അകമ്പടിയിലാണ് ഭുവി ഇന്ത്യന്‍ ഇന്നിംങ്‌സില്‍ ഏറെ നിര്‍ണ്ണായകമായ ഈ റണ്ണുകള്‍ നേടിയത്.
ആദ്യ ദിവസം കളി അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ആറ് റണ്‍സ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. ഓപണര്‍ മര്‍ക്രാമിനെ ഭുവനേശ്വര്‍കുമാര്‍ പാര്‍ഥിവ് പട്ടേലിന്റെ കൈകളിലെത്തിക്കുകയായിരുന്നു.