മൊറോക്കോ അത്ഭുതം കാട്ടുമോ ?
|ഗോള്‍ വഴങ്ങാന്‍ മടിയുള്ള ടീമുകള്‍ പരസ്പരം ഏറ്റുമുട്ടുന്നവെന്നതാണ് മൊറോക്കോ-ഇറാന്‍ മത്സരത്തിന്‍റെ സവിശേഷത.
ഈ ലോകകപ്പില്‍ അത്ഭുതം കാട്ടുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ടീമുകളിലൊന്നാണ് മൊറോക്കോ. ആഫ്രിക്കന്‍ കരുത്തുമായി മൊറോക്കോ ഇന്ന് കളിക്കാനിറങ്ങും. ഏഷ്യന്‍ ശക്തികളായ ഇറാനാണ് മൊറോക്കോയുടെ എതിരാളികള്‍. ഗോള്‍ വഴങ്ങാന്‍ മടിയുള്ള ടീമുകള്‍ പരസ്പരം ഏറ്റുമുട്ടുന്നവെന്നതാണ് മൊറോക്കോ-ഇറാന്‍ മത്സരത്തിന്‍റെ സവിശേഷത.
1998 ന് ശേഷം ആദ്യമായി ലോകകപ്പിനെത്തുന്ന മൊറോക്കോയും ഇറാനും തമ്മില്‍ ഇതാദ്യമായാണ് ടൂര്‍ണമെന്‍റില്‍ ഏറ്റുമുട്ടുന്നത്. ലോകകപ്പിന് പുറത്തേറ്റുമുട്ടിയപ്പോള്‍ സമനിലയായിരുന്നു ഫലം. ആഫ്രിക്കന്‍ നാഷന്‍സ് കപ്പില്‍ ഐവറി കോസ്റ്റിനേയും സാംബിയയേയും കിരീടത്തിലെത്തിച്ച ഹെര്‍വ് റെനാര്‍ഡിന്‍റെ കീഴിലാണ് മൊറോക്കോ റഷ്യയിലെത്തുന്നത്. പരിക്കേറ്റ് ചികിത്സയിലായിരുന്ന മൊറോക്കോയുടെ റൈറ്റ് ബാക്ക് നബീല്‍ ദിരാര്‍ തിരിച്ചെത്തുന്നത് അവര്‍ക്ക് ഗുണകരമാകും.
ഏഷ്യന്‍ കരുത്തുമായെത്തുന്ന ഇറാന് പ്രധാന താരങ്ങളുടെ പരിക്കും മധ്യനിര താരം സയീദ് എസത്തോലഹിയുടെ സസ്പെന്‍ഷനും തിരിച്ചടിയാകും. സ്ട്രൈക്കര്‍ മെഹ്ദി തരേമിയും ഫുള്‍ഹാമിന്‍റെയും നോട്ടിംഗ്ഹാമിന്‍റെയും താരമായിരുന്ന അഷ്ഖാന്‍ ദെജഗാഹും ഫിറ്റ്നസ് വീണ്ടെടുക്കാത്തതാണ് ഇറാനെ ആശങ്കയിലാഴ്ത്തുന്നത്. ഗോള്‍ വഴങ്ങാന്‍ പിശുക്കുള്ള ടീമുകള്‍ മുഖാമുഖമെത്തുന്നു എന്നതാണ് മൊറോക്കോ - ഇറാന്‍ മത്സരത്തിന്‍റെ സവിശേഷത. കഴിഞ്ഞ 8 യോഗ്യതാ മത്സരങ്ങളില്‍ നിന്നായി ഒരു ഗോള്‍ മാത്രമാണ് മൊറോക്കോ വഴങ്ങിയത്. ഇറാനാകട്ടെ 18 മത്സരങ്ങളില്‍ നിന്ന് വഴങ്ങിയത് 5 ഗോള്‍ മാത്രം.