Sports
5 സ്റ്റാര്‍ റഷ്യ5 സ്റ്റാര്‍ റഷ്യ
Sports

5 സ്റ്റാര്‍ റഷ്യ

Subin
|
17 Jun 2018 9:53 AM GMT

ഗസിന്‍സ്‌കി(12),ഡെനിസ് ചെറിഷെവ്(43, 92) സ്യൂബ(72), അലക്‌സാണ്ടര്‍ ഗോള്‍വിന്‍(94) എന്നിവരാണ് റഷ്യക്കുവേണ്ടി ഗോളുകള്‍ നേടിയത്. 

ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ റഷ്യക്ക് ഏകപക്ഷീയമായ അഞ്ചു ഗോളുകളുടെ തകര്‍പ്പന്‍ ജയം. ലൂറി ഗസിന്‍സ്‌കി(12),ഡെനിസ് ചെറിഷെവ്(43, 92) സ്യൂബ(72), അലക്‌സാണ്ടര്‍ ഗോള്‍വിന്‍(94) എന്നിവരാണ് റഷ്യക്കുവേണ്ടി ഗോളുകള്‍ നേടിയത്.

നാട്ടുകാര്‍ക്ക് മുന്നില്‍ അപ്രതീക്ഷിത പ്രകടനം റഷ്യ നടത്തിയപ്പോള്‍ സൗദി അറേബ്യ തീര്‍ത്തും നിറം മങ്ങിപ്പോയി. സന്നാഹമത്സരത്തില്‍ നിലവിലെ ലോകചാമ്പ്യന്മാരായ ജര്‍മ്മനിയെ വിറപ്പിച്ചു വിട്ട സൗദി അറേബ്യയുടെ നിഴല്‍ മാത്രമാണ് ലുഷ്ദിക്കി സ്റ്റേഡിയത്തില്‍ കാണാനായത്. ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മോശം റാങ്കുള്ള ടീമായ റഷ്യയുടെ മാത്രം സ്വന്തമായിരുന്നു ആദ്യപകുതി.

പൊടുന്നനെയുള്ള ആക്രമണങ്ങളെന്ന സൗദി അറേബ്യന്‍ ശൈലിക്ക് പഴുതു നല്‍കാത്ത കളിയായിരുന്നു റഷ്യ കാഴ്ചവെച്ചത്. ഇരു വശങ്ങളിലൂടെയുമുള്ള ആക്രമണമായിരുന്നു തുടക്കം മുതല്‍ റഷ്യ നടത്തിയത്. ഹൈബോളുകളിലുള്ള റഷ്യന്‍ കളിക്കാരുടെ നിയന്ത്രണവും സൌദിയുടെ താളം തെറ്റിച്ചു. തുടര്‍ച്ചയായി നടത്തിയ ആക്രമണങ്ങള്‍ക്ക് പന്ത്രണ്ടാം മിനുറ്റില്‍ ഫലം കണ്ടു. ഗൊളോവിന്‍ നല്‍കിയ ക്രോസില്‍ തലവെച്ചാണ് ഗസിന്‍സ്‌കി ചെമ്പടയുടെ ആരാധകര്‍ക്ക് ആവേശമായി ആദ്യ ഗോള്‍ നേടിയത്.

പരിക്കേറ്റ ജെഗോവിന് പകരക്കാരനായിറങ്ങിയ ചെറിഷെവ് നാല്‍പ്പത്തിമൂന്നാം മിനുറ്റില്‍ റഷ്യയുടെ രണ്ടാം ഗോള്‍ നേടി. സൗദിയുടെ രണ്ട് ഡിഫന്‍ഡര്‍മാരെ അനായാസം ഇടംകാല്‍കൊണ്ട് മറികടന്നാണ് ചെറിഷെവ് ഗോളിലേക്ക് പന്തടിച്ചുകയറ്റിയത്. ആദ്യപകുതിയില്‍ ഒരു തവണ പോലും റഷ്യന്‍ ഗോളിയെ പരീക്ഷിക്കാന്‍ പോലുമാകാതെ സൗദി അറേബ്യ നിറം മങ്ങി പോവുകയും ചെയ്തു.

എഴുപത്തിരണ്ടാം മിനുറ്റില്‍ മനോഹരമായ ഒരു ഹെഡറിലൂടെ സ്യൂബ റഷ്യന്‍ മുന്‍തൂക്കം മൂന്ന് ഗോളാക്കി ഉയര്‍ത്തി. എഴുപതാം മിനുറ്റില്‍ സ്‌മോലോവിന് പകരക്കാരനായാണ് സ്യൂബ കളത്തിലെത്തിയത്. ആറടി അഞ്ചിഞ്ചുകാരനായ സ്യൂബ മൈതാനത്തെ തന്‍റെ ആദ്യത്തെ ടച്ച് തന്നെ ഗോളാക്കി മാറ്റി റഷ്യയുടെ ഭാഗ്യതാരമായി ഉദിച്ചുയരുന്ന കാഴ്ച്ചയാണ് രണ്ട് മിനുറ്റുകള്‍ക്കകം കണ്ടത്. സോബ്‌നിന്റെ വളഞ്ഞു ക്രോസ് ബോക്‌സില്‍ ചാടിയൊരു ഹെഡ്ഡറിലൂടെ ഗോള്‍വലയുടെ വലതുമൂലയിലേക്ക് എത്തിച്ചു. ആ മനോഹരമായ ഗോളിനെ റഷ്യന്‍ പരിശീലകന്‍ സ്റ്റാനിസ്ലാവ് ചെര്‍ചെസോവ് വരെ സെല്യൂട്ട് ചെയ്താണ് സ്വീകരിച്ചത്.

മത്സരത്തിലെ ഏറ്റവും മനോഹരമായ ഗോള്‍ പിറക്കാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. മത്സരത്തിന്റെ അന്ത്യയാമത്തില്‍ തൊണ്ണൂറാം മിനുറ്റിലായിരുന്നു പകരക്കാരനായിറങ്ങിയ ഡെനിസ് ചെറിഷേവ് തന്‍റെ രണ്ടാം ഗോളും റഷ്യയുടെ നാലാം ഗോളും നേടിയത്. ബോക്‌സിന്റെ വലതുമൂലയില്‍ നിന്നും ഇടംകാലിന്റെ പുറം ഭാഗം കൊണ്ടായിരുന്നു ചെറിഷേവ് പന്ത് വലയിലെത്തിച്ചത്. ഉദ്ഘാടനമത്സരത്തിലെ ഏറ്റവും സുന്ദരനിമിഷമായി അത് മാറുകയും ചെയ്തു.

ഇഞ്ചുറി ടെയ്മിന്റെ തൊണ്ണൂറ്റിനാലാം മിനുറ്റിലായിരുന്നു റഷ്യയുടെ അവസാന ഗോള്‍. അലക്‌സാണ്ടര്‍ ഗോള്‍വിനാണ് ഫ്രീകിക്കിലൂടെ റഷ്യന്‍ സ്കോറിംങ് പൂര്‍ത്തിയാക്കിയത്. ഇഞ്ചുറി ടൈമിലെ ഇരട്ടഗോള്‍ മികവോടെ റഷ്യയുടെ ഉദ്ഘാടന മത്സരത്തിലെ ഫൈവ്സ്റ്റാര്‍ വിജയം പൂര്‍ണ്ണമായി.

Similar Posts