ജര്‍മ്മനിയെ തോല്‍പ്പിച്ച് ബ്രസീലിന് ലോകകപ്പ്, അര്‍ജന്റീന ക്വാര്‍ട്ടറില്‍ പുറത്ത്!
|2005 മുതല്‍ നടന്ന എല്ലാ യൂറോപ്യന്‍ കപ്പ് ലോകകപ്പ് മത്സരങ്ങളുടേയും വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവചനം. പത്ത് ലക്ഷം സാധ്യതകളില്‍...
ഫൈനലില്‍ ജര്‍മ്മനിയെ തോല്‍പ്പിച്ചൊരു ലോകകിരീടം. ബ്രസീല്‍ ആരാധകരുടെ ഏറ്റവും സുന്ദരമായ സ്വപ്നമാണത്. ആ സ്വപ്നം യാഥാര്‍ഥ്യമാകുമെന്ന് പ്രവചിച്ചിരിക്കുകയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് നടത്തിയ ഒരു പഠനം. അര്‍ജന്റീന സെമിപോലും കാണാതെ പുറത്താകുമെന്ന അര്‍ജന്റീന ആരാധകരുടെ ചങ്കു തകര്‍ക്കുന്ന പ്രവചനവും ഇതിനൊപ്പം വരുന്നുണ്ട്. പ്രമുഖ ആഗോള നിക്ഷേപക ബാങ്കായ ഗോള്‍ഡ്സ്മാന്‍ സാക്സാണ് നിര്‍മ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ഈ പഠനത്തിന് പിന്നില്‍.
ഗോള്‍ഡ്മാന്‍സ് സാക്സിന്റെ പ്രധാന പ്രവചനങ്ങള്‍ ഇവയാണ്. ജര്‍മ്മനിയെ തോല്പിച്ച് ബ്രസീല്‍ ആറാം തവണയും ലോകകപ്പ് ഉയര്ത്തു. സെമി ഫൈനലിലെത്തുന്ന ഫ്രാന്‍സ് ബ്രസീലിനോട് തോറ്റായിരിക്കും പുറത്താവുക. ഇംഗ്ലണ്ട് ക്വാര്‍ട്ടറിലെത്തും. ജര്‍മ്മനിയായിരിക്കും ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെ പുറത്തേക്കുള്ള വഴി കാണിക്കുക.
പ്രതീക്ഷക്കൊത്ത പ്രകടനം നടത്താതെ പുറത്താകുന്ന പ്രമുഖ ടീമുകള്‍ സ്പെയിനും അര്ജന്റീനയുമായിരിക്കും. ഇരു ടീമുകളുടേയും ലോകകപ്പിലെ ജൈത്രയാത്ര ക്വാര്‍ട്ടര്‍ ഫൈനലില്‍ അവസാനിക്കും. ആതിഥേയരായ റഷ്യ ഗ്രൂപ്പ് ഘട്ടത്തിനപ്പുറം പോലും പോകില്ല. റഷ്യയുടെ ഗ്രൂപ്പില്‍ നിന്നും കറുത്ത കുതിരകളായി സൗദി അറേബ്യ നോക്കൗട്ട് ഘട്ടത്തിലേക്ക് എത്തുമെന്നും ഗോള്‍ഡ്സ്മാന്‍ സാക്സ് പ്രവചിക്കുന്നു.
2005 മുതല്‍ നടന്ന എല്ലാ യൂറോപ്യന്‍ കപ്പ് ലോകകപ്പ് മത്സരങ്ങളുടേയും വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവചനം. പത്ത് ലക്ഷം സാധ്യതകളില്‍ നിന്നാണ് ഏറ്റവും മികച്ച സാധ്യത ഗോള്‍ഡ്മാന്‍ സാക്സിനുവേണ്ടി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രവചിക്കുന്നത്. ടീമുകളുടെയും താരങ്ങളുടേയും പ്രകടനം സമീപകാല മത്സരങ്ങള്‍ എന്നിങ്ങനെ നിരവധി വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലോകകപ്പ് ബ്രസീലിനുള്ളതാണെന്ന് നിര്‍മ്മിത ബുദ്ധി കണക്കു കൂട്ടുന്നത്. ഓരോ മത്സരങ്ങളിലും ടീമുകള്‍ക്കുള്ള ജയസാധ്യത അടക്കമാണ് പ്രവചനം.