Sports
ഗ്രൂപ്പ് ഘട്ടത്തിലെ തീപാറുന്ന പോരാട്ടങ്ങള്‍ ഇവര്‍ തമ്മിലായിരിക്കും...ഗ്രൂപ്പ് ഘട്ടത്തിലെ തീപാറുന്ന പോരാട്ടങ്ങള്‍ ഇവര്‍ തമ്മിലായിരിക്കും...
Sports

ഗ്രൂപ്പ് ഘട്ടത്തിലെ തീപാറുന്ന പോരാട്ടങ്ങള്‍ ഇവര്‍ തമ്മിലായിരിക്കും...

Alwyn K Jose
|
18 Jun 2018 4:25 AM GMT

അര്‍ജന്റീനയും സ്പെയിനും പോര്‍ച്ചുഗലും അടക്കമുള്ള ടീമുകള്‍ക്ക് ഗ്രൂപ്പ് ഘട്ടത്തിലെ പരീക്ഷണങ്ങളെ അതിജീവിച്ച് വേണം അടുത്ത ഘട്ടത്തിലേക്ക് മുന്നേറാന്‍.

ക്വാര്‍ട്ടര്‍, സെമി പോരാട്ടങ്ങള്‍ക്കു മുമ്പ് , ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ആരാധകരെ കാത്തിരിക്കുന്നത് വമ്പന്‍ ടീമുകള്‍ തമ്മിലുള്ള തീപാറുന്ന പോരാട്ടം. അര്‍ജന്റീനയും സ്പെയിനും പോര്‍ച്ചുഗലും അടക്കമുള്ള ടീമുകള്‍ക്ക് ഗ്രൂപ്പ് ഘട്ടത്തിലെ പരീക്ഷണങ്ങളെ അതിജീവിച്ച് വേണം അടുത്ത ഘട്ടത്തിലേക്ക് മുന്നേറാന്‍.

ബ്രസീല്‍ ലോകകപ്പിന്റെ ഫൈനലില്‍ കൈവിട്ട കിരീടം തിരിച്ചു പിടിക്കാനെത്തുന്ന അര്‍ജന്റീന, 2010 ല്‍ മുത്തമിട്ട കിരീടം വീണ്ടും കൊതിക്കുന്ന സ്പെയിന്‍, കിരീടം തന്നെയാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ച് കരുത്തന്മാരുടെ യുവനിരയുമായെത്തുന്ന ഇംഗ്ലണ്ട്, റൊണാള്‍ഡോയുടേയും മുഹമ്മദ് സലായുടേയും ഹസാര്‍ഡിന്റേയും ചിറകിലേറി വലിയ മുന്നേറ്റം സ്വപ്നം കാണുന്ന പോര്‍ച്ചുഗലും ഈജിപ്തും. മോസ്കോയില്‍ കപ്പ് മോഹിക്കുന്ന വമ്പന്‍ ടീമുകള്‍ക്കെല്ലാം പക്ഷേ എളുപ്പമായിരിക്കില്ല ഗ്രൂപ്പ് ഘട്ടം.

ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും തീപാറുന്ന പോരാട്ടം സ്പെയിനും പോര്‍ച്ചുഗലും തമ്മില്‍. റയല്‍ മാഡ്രിഡില്‍ സഹതാരങ്ങളായ റാമോസും റൊണാള്‍ഡോയും തമ്മിലുള്ള നേര്‍ക്കു നേര്‍‍ പോരാട്ടത്തിന് വേദിയാകുക സോച്ചിയിലെ ഫിഷ്റ്റ് ഒളിമ്പിക് സ്റ്റേഡിയം. വെള്ളിയാഴ്ച രാത്രി പതിനൊന്നരക്കാണ് പോരാട്ടം. കോച്ച് ലെപറ്റേഗിയുടെ അപ്രതീക്ഷിത പുറത്താകലും പിക്വേയുടേയും ഡേവിഡ് സില്‍വയുടേയും പരിക്കും സ്പെയിനിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

അന്നേ ദിവസം തന്നെ, സലായുടെ ചിറകിലേറി റഷ്യയില്‍ മുന്നേറ്റങ്ങള്‍ പ്രതീക്ഷിക്കുന്ന ഈജിപ്തും സുവാരസിന്റേയും കവാനിയുടേയും കരുത്തിലെത്തുന്ന ഉറുഗ്വേയും തമ്മില്‍ മുഖാമുഖമെത്തും. മത്സരം വൈകീട്ട് 5.30ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍. അര്‍ജന്റീനക്കുമുണ്ട് ഗ്രൂപ്പ് ഘട്ടത്തില്‍ ബലപരീക്ഷണങ്ങള്‍. റയല്‍ മാഡ്രിഡ് താരം ലുക്ക മോഡ്രിച്ച്, ബാഴ്സലോണയുടെ ഇവാന്‍ റാക്കിറ്റിച്ച് തുടങ്ങിയ പ്രതിഭാധനരായ താരങ്ങളടങ്ങിയ ക്രൊയേഷ്യ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ അവര്‍ക്ക് വെല്ലുവിളിയുയര്‍ത്തും. 21ന് രാത്രി പതിനൊന്നരക്ക് നീഷ്നി നൊവ്ഗൊരോഡ് സ്റ്റേഡിയത്തിലാണ് മത്സരം.

ഈഡന്‍ ഹസാര്‍ഡിന്റെ നേതൃത്വത്തിലെത്തുന്ന ബെല്‍ജിയത്തിന് ആദ്യ ഘട്ടത്തില്‍ തന്നെ ഇംഗ്ലണ്ട് എതിരാളികളായുണ്ട്. ഹാരി കെയ്നും റാഷ്ഫോര്‍ഡും സ്റ്റെര്‍ലിംഗുമടങ്ങുന്ന ഇംഗ്ലണ്ടും സുവര്‍ണ തലമുറയെന്ന് വിശേഷിക്കപ്പെടുന്ന ബെല്‍ജിയവും തമ്മില്‍ അരങ്ങേറാനിരിക്കുന്നത് തുല്ല്യ ശക്തികളുടെ പോരാട്ടം. ഒരൊറ്റ ഗോളില്‍ ലോകത്തെ കൈയ്യിലെടുത്തവനാണ് റോഡ്രിഗസ്. താരത്തിന്റെ കരുത്തില്‍ ബ്രസീലില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തിയ കൊളംബിയയക്ക് പക്ഷേ എളുപ്പമാകില്ല റഷ്യയില്‍ ഗ്രൂപ്പ് ഘട്ടം. ഫാല്‍ക്കാവോ ഉള്‍പ്പടെയുള്ള താരനിരയുമായെത്തുന്ന കൊളംബിയയെ തളക്കാനെത്തുന്നത് ലെവന്‍ഡോസ്കിയുടെ പോളണ്ട്. ജൂണ്‍ 24ന് കസന്‍ അരേന സ്റ്റേഡിയത്തില്‍ രാത്രി പതിനൊന്നരക്ക് ഇരു ടീമുകളും ഏറ്റുമുട്ടും.

Similar Posts