ഗിമന്‍സിന്‍റെ മിന്നല്‍ ഗോളും; സലായുടെ നിരാശയും
|ഒരു നിമിഷത്തെ അശ്രദ്ധ മതി ഫുട്ബോളില്‍ എത്ര കരുത്തന്‍മാരുടെ പ്രതിരോധവും തകര്‍ന്നുപോകാന്‍.
ഒരു നിമിഷത്തെ അശ്രദ്ധ മതി ഫുട്ബോളില്‍ എത്ര കരുത്തന്‍മാരുടെ പ്രതിരോധവും തകര്‍ന്നുപോകാന്‍. പ്രത്യേകിച്ചും ഫ്രീ കിക്ക് സമയത്ത്. ഇതുപോലൊരു പിഴയ്ക്ക് ഈജിപ്തിന് നല്‍കേണ്ടി വന്നത് വലിയ വിലയാണ്.
89 മിനിറ്റ് വരെ സുവാരസും കവാനിയും അടങ്ങുന്ന കുന്തമുനകള്‍ക്ക് മുന്നില്‍ ഉരുക്കു പ്രതിരോധം തീര്‍ത്ത ഈജിപ്തിന് പക്ഷേ ഹോസെ ഗിമന്‍സ് എന്ന പ്രതിരോധതാരത്തിന്‍റെ ബുള്ളറ്റ് ഹെഡ്ഡര്‍ അപ്രതീക്ഷിതമായിരുന്നു. വലതുവശത്തെ കോര്‍ണറില്‍ നിന്ന് ലഭിച്ച ഫ്രീ കിക്കില്‍ നിന്നായിരുന്നു ഗിമന്‍സിന്‍റെ സുവര്‍ണ ഗോള്‍ പിറന്നത്. കാര്‍ലോസ് സാഞ്ചസ് ചെത്തിമിനുക്കി വിട്ട പന്തില്‍ ഗിമന്‍സ് ചാടിയുയര്‍ന്ന് തൊടുത്ത ഹെഡ്ഡറിനെ നോല്‍ക്കിനില്‍ക്കാന്‍ മാത്രമെ ഈജിപ്ഷ്യന്‍ ഗോള്‍കീപ്പര്‍ക്ക് കഴിഞ്ഞുള്ളു. മിന്നല്‍ ഗോളുമായി ഗിമന്‍സ് തലയുയര്‍ത്തിയപ്പോള്‍ സൈഡ് ബെഞ്ചില്‍ ഇരിക്കുകയായിരുന്ന മിസ്റിന്‍റെ രാജകുമാരന്‍ മുഹമ്മദ് സാലെയുടെ തല താഴ്‍ന്നു. അവസാനം വരെ പൊരുതിയിട്ടും കുറഞ്ഞപക്ഷം സമനിലയെന്ന മോഹം പോലും പൂവണിയിക്കാന്‍ കഴിയാതെ പോയതിന്‍റെ നിരാശ മുഴുവനുമുണ്ടായിരുന്നു സാലെയുടെ മുഖത്ത്.