മെസിയും പെനാല്‍റ്റിയും
|അര്‍ജന്‍റീനന്‍ ഫുട്ബോള്‍ ആരാധകര്‍ക്ക് മെസി, മിശിഹായെങ്കിലും പെനാല്‍റ്റിയുടെ കാര്യത്തിലും ലോകകപ്പിലും ഏറ്റവും നിര്‍ഭാഗ്യവാനായ താരമായിരിക്കും ഈ കുറിയ മനുഷ്യന്‍.
അര്‍ജന്‍റീനന്‍ ഫുട്ബോള്‍ ആരാധകര്‍ക്ക് മെസി, മിശിഹായാണെങ്കിലും പെനാല്‍റ്റിയുടെ കാര്യത്തിലും ലോകകപ്പിലും ഏറ്റവും നിര്‍ഭാഗ്യവാനായ താരമായിരിക്കും ഈ കുറിയ മനുഷ്യന്‍. കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ടുപോയ കിരീടങ്ങള്‍ അനവധി. നിര്‍ണായക ഘട്ടങ്ങളില്‍ തുലച്ചുകളയുന്ന പെനാല്‍റ്റികള്‍. നേട്ടങ്ങളുടെ പുസ്തകത്തില്‍ മെസിയുടെ പേരിന് നേരെ ഒട്ടേറെ വിജയങ്ങള്‍ എഴുതിച്ചേര്‍ത്തിട്ടുണ്ടെങ്കിലും നഷ്ടങ്ങളുടെ പുസ്തകത്തിലെ അടയാളപ്പെടുത്തലുകളും ചെറുതല്ല.
കോപ്പ അമേരിക്ക ഫൈനലില്‍ പെനാല്‍റ്റി പുറത്തേക്ക് അടിച്ചുപറപ്പിച്ച് തല കുനിച്ച് വിഷണ്ണനായി നടന്നുനീങ്ങിയ മെസിയെ ആരും മറന്നിട്ടുണ്ടാകില്ല. ഇതുപോലൊരു പിഴവ് മെസി ആവര്‍ത്തിച്ചിരിക്കുന്നു. അതും റഷ്യന്‍ ലോകകപ്പിലെ അര്‍ജന്‍റീനയുടെ ആദ്യ മത്സരത്തില്‍. ഒരുപാടൊന്നും ചരിത്രവും നേട്ടവും പെരുമയുമൊന്നും അവകാശപ്പെടാനില്ലാതെ കന്നിയങ്കത്തിനിറങ്ങിയ ഐസ്‍ലന്‍ഡിനെതിരെ. കോപ്പയില്‍ തല കുമ്പിട്ടിരുന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷം കളിക്കളത്തിലേക്ക് തിരിച്ചുവന്ന മെസി ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെയാണ് പെനാല്‍റ്റി നഷ്ടപ്പെടുത്തിയിരിക്കുന്നത്. മുമ്പൊരിക്കല്‍ താന്‍ പെനാല്‍റ്റി കിക്കെടുക്കുന്നതില്‍ അത്ര കേമനല്ല എന്ന് മുന്‍കൂര്‍ ജാമ്യമെടുത്തിട്ടുള്ള മെസി അത് ആവര്‍ത്തിച്ച് തെളിയിക്കുമ്പോള്‍ അര്‍ജന്‍റീനയുടെ സ്വപ്നങ്ങള്‍ക്ക് മേലാണ് കരിനിഴല്‍ വീഴ്‍ത്തുന്നത്. ഐസ്‍ലന്‍ഡിനെതിരെ 64 ാം മിനിറ്റിലായിരുന്നു മിശിഹായുടെ ആ പിഴവ് സംഭവിച്ചത്. മെസിയുടെ ഇടങ്കാലന്‍ ഷോട്ടിന്‍റെ ദിശ മുന്‍കൂട്ടി കണ്ട ഹാള്‍ഡോര്‍സണ്‍ ഗോള്‍ പോസ്റ്റിന്‍റെ ഇടതുമൂലയിലേക്ക് ചാടി തന്‍റെ ദൌത്യം വിജയകരമാക്കി. അതോടെ പെനാല്‍റ്റി പാഴാക്കുന്ന താരമെന്ന വിളിപ്പേര് മെസിക്ക് ഒരിക്കല്‍ കൂടി ചാര്‍ത്തിക്കിട്ടുകയായിരുന്നു.
വെറും പതിനൊന്ന് മീറ്റര്‍ അകലം മാത്രം ഗോള്‍ പിറവിക്കുള്ളപ്പോള്‍, തടയാന്‍ ഒരാള്‍ മാത്രം മുന്നില്‍ നില്‍ക്കുമ്പോള്‍, ആവോളം ക്ഷമയോടെ തന്ത്രത്തോടെ ഷോട്ട് ഉതിര്‍ക്കാന്‍ കഴിയുമ്പോള്‍, മെസിക്ക് സമ്മര്‍ദത്തെ അതിജീവിക്കാന്‍ കഴിയുന്നില്ല എന്നത് തന്നെയാണ് ഇന്നും തെളിയിക്കപ്പെട്ടത്. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ പെനാല്‍റ്റി പാഴാക്കിയ താരവും മെസിയാണ്. ഇന്നത്തേത് അടക്കം ഏഴു പെനാല്‍റ്റികളാണ് മെസിക്ക് ലഭിച്ചത്. ഇതില്‍ നാലെണ്ണവും മെസി തുലച്ചുകളഞ്ഞു. ഇന്ന് ഐസ്‍ലന്‍ഡിന്‍റെ ഗോള്‍കീപ്പറുടെ കൈകളിലേക്ക് മെസി അടിച്ചുനല്‍കിയ പന്ത്, വിജയം നിര്‍ണയിക്കുന്നതായിരുന്നു. ഇതുവരെ 107 പെനാല്‍റ്റികള്‍ക്കാണ് മെസി കിക്കെടുത്തിട്ടുള്ളത്. ഇതില്‍ 82 എണ്ണം വലയ്ക്കുള്ളില്‍ എത്തിയപ്പോള്‍ 25 എണ്ണം ലക്ഷ്യം തെറ്റി. നിര്‍ണായക നിമിഷങ്ങളില്‍ മെസി പാഴാക്കുന്ന പെനാല്‍റ്റികള്‍, ടീമിന്‍റെ വിജയപ്രതീക്ഷകളെ കൂടിയാണ് ബാധിക്കുന്നത്.
#Messi has missed four of the last seven penalties he has taken for Barcelona and Argentina combined. #ARGISL #WorldCup2018 pic.twitter.com/HAkf6P3kEB
— Subin Dennis (@subindennis) June 16, 2018