Sports
കണക്കുകളിലെ മുന്‍തൂക്കവുമായി അര്‍ജന്റീന, ചരിത്രം മാറ്റിയെഴുതാന്‍ ഫ്രാന്‍സ്
Sports

കണക്കുകളിലെ മുന്‍തൂക്കവുമായി അര്‍ജന്റീന, ചരിത്രം മാറ്റിയെഴുതാന്‍ ഫ്രാന്‍സ്

Web Desk
|
30 Jun 2018 2:38 AM GMT

ലോകകപ്പില്‍ രണ്ട് തവണ ഏറ്റുമുട്ടിയപ്പോള്‍ രണ്ടിലും അര്‍ജന്റീനക്കായിരുന്ന ജയം

കണക്കുകളിലെ മുന്‍തൂക്കവുമായാണ് അര്‍ജന്റീന ഇന്ന് ഫ്രാന്‍സിനെതിരെ ഇറങ്ങുന്നത്. ലോകകപ്പില്‍ രണ്ട് തവണ ഏറ്റുമുട്ടിയപ്പോള്‍ രണ്ടിലും അര്‍ജന്റീനക്കായിരുന്ന ജയം. പതിനൊന്ന് തവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ആറിലും ജയം അര്‍ജന്റീനക്കൊപ്പമായിരുന്നു.

ഫുട്ബോളില്‍ അര്‍ജന്റീനയും ഫ്രാന്‍സും തമ്മില്‍ ആദ്യമായി മാറ്റുരക്കുന്നത് 1930ല്‍ നടന്ന ആദ്യ ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തിലായിരുന്നു. അന്ന് എതിരില്ലാത്ത ഒരു ഗോളിന് അര്‍ജന്റീന ജയിച്ചു. ലോകകപ്പില്‍ ഇരുവരും പിന്നെ നേര്‍ക്കുനേര്‍ വന്നത് 1978ലെ ഗ്രൂപ്പ് റൌണ്ടില്‍. സ്വന്തം നാട്ടില്‍ നടന്ന മത്സരത്തില്‍ മിഷേല്‍ പ്ലാറ്റിനിയുടെ സംഘത്തെ 2-1ന് അര്‍ജന്റീന തോല്‍പ്പിച്ചു.

ഇതിന് ശേഷം ആദ്യമായാണ് ലോകകപ്പില്‍ ഫ്രാന്‍സും അര്‍ജന്റീനയും മുഖാമുഖം വരുന്നത്.അതും നോക്കൌട്ട് റൌണ്ടില്‍. ലോകകപ്പിന് പുറമെ ഒമ്പത് സൌഹൃദ മത്സരങ്ങളില്‍ ഇരു രാജ്യങ്ങളും ഏറ്റുമുട്ടി. നാല് തവണ അര്‍ജന്റീനയും രണ്ട് തവണ ഫ്രാന്‍സും ജയിച്ചു. മൂന്ന് മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു. അവസാനമായി ഇരു രാജ്യങ്ങളും ഏറ്റുമുട്ടിയത് 2009 ഫെബ്രുവരിയിലായിരുന്നു. ലിയോണല്‍ മെസ്സി ഗോളടിച്ച മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് ഡിയാഗോ മറഡോണ പരിശീലിപ്പിച്ച അര്‍ജന്റീന ഫ്രാന്‍സിനെ തോല്‍പ്പിച്ചു. അന്ന് കളിച്ചവരില്‍ മെസ്സിക്ക് പുറമെ മഷറാണോ, അഗ്യൂറോ, ഡീ മരിയ എന്നിവര്‍ ഇന്നും അര്‍ജന്റീന ലൈനപ്പില്‍ ഉണ്ടാകും. ഗോളി ഹ്യൂഗോ ലോറിസല്ലാതെ മറ്റൊരു താരവും ഇന്ന് ഫ്രഞ്ച് ടീമില്‍ ഇല്ല. ചരിത്രം നല്‍കുന്ന ഈ മുന്‍തൂക്കം ഇന്ന് അര്‍ജന്റീനക്ക് കരുത്ത് പകരുമോ...? അതോ കണക്കുകളുടോയെ ചരിത്രത്തിന്റെയോ ഭാരമില്ലാത്ത യുവനിര ഫ്രാന്‍സിന് വേണ്ടി പുതിയ ചരിത്രം സൃഷ്ടിക്കുമോ...? കാത്തിരുന്നു കാണാം.

Similar Posts