മെസിക്കിന്ന് ജയിക്കണം, റൊണാള്‍ഡോക്കും
|ടീം പരാജയപ്പെട്ടാല്‍ ഒരു പക്ഷേ ഇതിഹാസ താരങ്ങളുടെ കരിയറിലെ അവസാന ലോകകപ്പ് മത്സരമായിരിക്കും ഇത്
ലയണല്‍ മെസിക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും ഏറെ നിര്‍ണായകമാണ് ഇന്നത്തെ മത്സരം. ടീം പരാജയപ്പെട്ടാല്‍ ഒരു പക്ഷേ ഇതിഹാസ താരങ്ങളുടെ കരിയറിലെ അവസാന ലോകകപ്പ് മത്സരമായിരിക്കും ഇത്. മെസിക്കിന്ന് ജയിക്കണം, റൊണാള്‍ഡോക്കും. ലോകകപ്പില്ലാത്ത ഇതിഹാസങ്ങളായി കരിയര്‍ അവസാനിക്കാതിരിക്കാന്‍.
കരിയറിന്റെ നല്ല കാലത്തിലെ അവസാന ലോകകപ്പിലാണ് ഇരുവരും കളിക്കുന്നത്. അടുത്ത ലോകകപ്പില്‍ കളിക്കാനായാലും പ്രായം ബാധിച്ച് തുടങ്ങും. തപ്പിതടഞ്ഞാണ് അര്‍ജന്റീന പ്രീ ക്വാര്‍ട്ടറിലെത്തിയത്. അവിടെ നേരിടേണ്ടത് ഫ്രാന്‍സിനെയാണ്. ആദ്യ രണ്ട് മത്സരങ്ങളിലും നിറം മങ്ങിയ മെസി നൈജീരിയക്കെതിരെ സ്വതസിദ്ധ കളി പുറത്തെടുത്തിരുന്നു. മനോഹരമായ ഒരു ഗോളും നേടി. അര്‍ജന്റീനയും ആരാധകരും ഈ മത്സരത്തിലും ഇത് തന്നെയാണ് പ്രതീക്ഷിക്കുന്നത്. മെസി ഫോമിലായാല്‍ മത്സരം ഒറ്റക്ക് ഗതി മാറ്റാന്‍ കഴിയും എന്നാണ് ഫ്രാന്‍സ് നായകന്‍ ഹ്യൂഗോ ലോറിസ് ഇന്നലെ പറഞ്ഞത്.
കഴിഞ്ഞ മൂന്ന് ലോകകപ്പിലുമില്ലാത്ത ഫോമിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. മൂന്ന് മത്സരങ്ങളില്‍ നിന്ന് നാല് ഗോള്‍. ഇതിലൊരു ഹാട്രികും. പന്ത് കൃത്യമായി കിട്ടിയാല്‍ ഫിനിഷ് ചെയ്യാന്‍ റൊണാള്‍ഡോക്ക് കഴിയും. ആ ഉറപ്പാണ് പോര്‍ച്ചുഗലിനെ മുന്നോട്ട് നയിക്കുന്നത്. എന്നാല്‍ രണ്ട് പേരും മത്സരത്തിനിടയില്‍ കാര്‍ഡ് വാങ്ങാതെ ശ്രദ്ധിക്കേണ്ടതും ടീമുകളെ വലക്കുന്നുണ്ട്. ഇന്ന് ഒരു മഞ്ഞകാര്‍ഡ് കിട്ടിയാല്‍ രണ്ട് പേര്‍ക്കും അടുത്ത മത്സരം നഷ്ടമാകും. അര്‍ജന്റീനയും പോര്‍ച്ചുഗലും ഇന്നത്തെ മത്സരം ജയിച്ചാല്‍ നേര്‍ക്ക് നേര്‍ ഏറ്റുമുട്ടേണ്ടി വരും എന്നതും ഇതിലൊരു ഘടകമാകും.