Sports
പോര്‍ച്ചുഗല്‍ ഇന്ന് യുറൂഗ്വായെ നേരിടും
Sports

പോര്‍ച്ചുഗല്‍ ഇന്ന് യുറൂഗ്വായെ നേരിടും

Web Desk
|
30 Jun 2018 2:22 AM GMT

മൂന്ന് മത്സരങ്ങളും ജയിച്ച ഗ്രൂപ്പ് എ ചാമ്പ്യന്മാരാണ് യുറൂഗ്വെ

ലോകകപ്പ് രണ്ടാം പ്രീ ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗല്‍ ഇന്ന് യുറൂഗ്വായെ നേരിടും. റൊണാള്‍ഡോയും സുവാരസും നേര്‍ക്കുനേര്‍ വരുന്ന മത്സരം രാത്രി 11.30 ന് സോച്ചിയിലെ ഫിഷ്റ്റ് ഒളിമ്പിക് സ്റ്റേഡിയത്തിലാണ്.

മൂന്ന് മത്സരങ്ങളും ജയിച്ച ഗ്രൂപ്പ് എ ചാമ്പ്യന്മാരാണ് യുറൂഗ്വെ. പോര്‍ച്ചുഗലാകട്ടെ ഒരു ജയവും രണ്ട് സമനിലയുമായി ഗ്രൂപ്പ് ബിയില്‍ രണ്ടാമതും. രണ്ട് ടീമിനും ഗ്രൂപ്പ് ഘട്ടത്തില്‍ പ്രതീക്ഷക്കൊത്ത് ഉയരാനായില്ല. ചുരുക്കം ചില താരങ്ങളുടെ പ്രകടനം മാത്രമായിരുന്നു എടുത്തുപറയേണ്ടത്. നാല് ഗോളുകളുമായി ഗോള്‍ഡന്‍ ബൂട്ടിനായി മത്സരിക്കുന്ന റൊണാള്‍ഡോയുടെ സാന്നിധ്യമായിരുന്നു പോര്‍ച്ചുഗലിനെ പ്രീ ക്വാര്‍ട്ടര്‍ വരെ എത്തിച്ചത്. ഒരു ടീമായി കളിക്കാന്‍ പലപ്പോഴും കഴിയാതെ വരുന്നതാണ് പറങ്കിപ്പടക്ക് തിരിച്ചടി. ഫെര്‍ണാണ്ടോ സാന്റോസ് അണിയിച്ചൊരുക്കുന്ന ടീം ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഇറാനെതിരെ ആയാസകരമായാണ് സമനില പിടിച്ചത്.

യുറൂഗ്വെക്കെതിരെ മികച്ച കളി പുറത്തെടുത്തില്ലെങ്കില്‍ എല്ലാം ഇതോടെ അവസാനിക്കും. യുറൂഗ്വയെ സംബന്ധിച്ചും ഏറെ വ്യത്യസ്തമല്ല സ്ഥിതി. ലൂയിസ് സുവാരസ്,എഡിസണ്‍ കവാനി എന്നീ മുന്നേറ്റ താരങ്ങളാണ് അവരുടെ കരുത്ത്. പക്ഷെ, ഗ്രൂപ്പില്‍ വലിയ മാര്‍ജിനില്‍ എതിരാളികളെ മറികടക്കാനായില്ല എന്നത് അവരുടെ ദൌര്‍ഭല്യത്തെയും കാണിക്കുന്നു. സ്പാനിഷ് ലീഗില്‍ സുവാരസും റൊണാള്‍ഡോയും പലതവണ നേര്‍ക്കുനേര്‍ വന്നെങ്കിലും ലോകകപ്പില്‍ നേര്‍ക്കുനേര്‍ എത്തുന്നതിന്റെ ആവേശവും ഇന്ന് കാണാം.

Similar Posts