Sports
ആക്രമണത്തിലും പ്രതിരോധത്തിലും തുല്യര്‍; ഫ്രാന്‍സ് - യുറൂഗ്വെ പോരാട്ടം ഇന്ന് 
Sports

ആക്രമണത്തിലും പ്രതിരോധത്തിലും തുല്യര്‍; ഫ്രാന്‍സ് - യുറൂഗ്വെ പോരാട്ടം ഇന്ന് 

Web Desk
|
6 July 2018 2:55 AM GMT

സന്തുലിതമാണ് രണ്ട് സംഘങ്ങളും. ആക്രമണത്തിലും പ്രതിരോധത്തിലും ഒരേ പോലെ മികവ് പുലര്‍ത്തുന്നവര്‍.

ലോകകപ്പ് ഫുട്ബോളിന്റെ ആദ്യ ക്വാര്‍ട്ടറില്‍ ഇന്ന് ഫ്രാന്‍സും യുറൂഗ്വെയും ഏറ്റുമുട്ടും. രാത്രി ഏഴരക്കാണ് മത്സരം. പരിക്കേറ്റ എഡിന്‍സന്‍ കവാനി യുറൂഗ്വെന്‍ നിരയില്‍ കളിക്കാന്‍ ഇടയില്ല.

ലാറ്റിനമേരിക്കന്‍ കരുത്തും യൂറോപ്യന്‍ വേഗതയും. ആദ്യ ക്വാര്‍ട്ടറില്‍ തന്നെ ക്ലാസിക് പോരാട്ടത്തിന് വഴിയൊരുങ്ങും. സന്തുലിതമാണ് രണ്ട് സംഘങ്ങളും. ആക്രമണത്തിലും പ്രതിരോധത്തിലും ഒരേ പോലെ മികവ് പുലര്‍ത്തുന്നവര്‍. ആക്രമണത്തില്‍ ഫ്രാന്‍സിന് ഗ്രീസ്മാനും എംബാപ്പെയുമുണ്ട്. യുറൂഗ്വെക്ക് ലൂയിസ് സുവാരസും എഡിന്‍സന്‍ കവാനിയും. എന്നാല്‍ പരിക്കേറ്റ കവാനി കളിക്കാനിടയില്ല. പകരം സ്റ്റ്യുവാനിയായിരിക്കും യുറൂഗ്വെന്‍ മുന്നേറ്റത്തില്‍ സ്ഥാനം പിടിക്കുക.

പ്രതിരോധത്തില്‍ ഒരു പടി മുന്നില്‍ യുറൂഗ്വെയാണ്. ഡീഗോ ഗോഡിനും ഗിമിനെസും നയിക്കുന്ന പ്രതിരോധം ഇതുവരെ വഴങ്ങിയത് ഒരു ഗോള്‍ മാത്രം. എന്നാല്‍ ഗ്രീസ്മാന് അത്‍ലറ്റികോ മാഡ്രിഡില്‍ കൂടെ കളിക്കുന്ന ഡീഗോ ഗോഡിന്റെയും ഗിമിനെസിന്റെയും തന്ത്രങ്ങളും ദൌര്‍ബല്യങ്ങളും അറിയാമെന്നത് ഫ്രാന്‍സിന് ഗുണമാണ്. പോഗ്ബ നയിക്കുന്ന മധ്യനിരയുടെ പരിചയസമ്പന്നതയാണ് ഫ്രാന്‍സിന്റെ മുന്‍തൂക്കം. സസ്പെന്‍ഷനിലായ മാറ്റ്യൂഡിക്ക് പകരം ടോളീസോ ആദ്യ ഇലവനിലെത്തിയേക്കും.

ടൂര്‍ണമെന്റിലിത് വരെ തോല്‍വിയറിയാത്തവരാണ് ഇരു സംഘങ്ങളും. യുറൂഗ്വെ എല്ലാ മത്സരങ്ങളും ജയിച്ചപ്പോള്‍ ഫ്രാന്‍സ് ഒരു മത്സരം സമനിലയില്‍ അവസാനിപ്പിച്ചു. മെസിയെ നാട്ടിലേക്കയച്ചതിന്റെ ആത്മവിശ്വാസത്തില്‍ ഫ്രാന്‍സും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് അവസാനിപ്പിച്ചതിന്റെ ഊര്‍ജത്തില്‍ യുറൂഗ്വെയും ഇറങ്ങുമ്പോള്‍ കാത്തിരിക്കാം ക്ലാസിക് മത്സരത്തിനായി.

Similar Posts