ലോകകകപ്പില്‍ നിന്നും പുറത്തായെങ്കിലും കൊളംബിയന്‍ ടീമിനെ ആഘോഷത്തോടെ വരവേറ്റ് ജന്‍മനാട്
|ആയിരക്കണക്കിന് ഫുട്ബോള്‍ പ്രേമികള്‍ ഒത്തുകൂടിയാണ് തങ്ങളുടെ പ്രിയ താരങ്ങളെ സ്വീകരിച്ചത്
ലോകകപ്പില്‍ നിന്ന് പുറത്തായെങ്കിലും നാട്ടില്‍ തിരിച്ചെത്തിയ കൊളംബിയന്‍ ടീമിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ആയിരക്കണക്കിന് ഫുട്ബോള്‍ പ്രേമികള്‍ ഒത്തുകൂടിയാണ് തങ്ങളുടെ പ്രിയ താരങ്ങളെ സ്വീകരിച്ചത്.
പ്രീ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനോട് പെനാല്‍റ്റി ഷൂട്ടൌട്ടില്‍ തോറ്റതോടെ കണ്ണീരോടെയാണ് കൊളംബിയ കളം വിട്ടത്. നിര്‍ഭാഗ്യമായിരുന്നു കൊളംബിയക്ക് തിരിച്ചടിയായത്. സൈഡ് ബെഞ്ചിലിരുന്ന ഹാമിഷ് റോഡ്രിഗസിന്റെ മുഖവും ആരും മറന്നിട്ടുണ്ടാകില്ല.
എങ്കിലും മികച്ച പോരാട്ടമാണ് കൊളംബിയ നടത്തിയത്. ഗ്രൂപ്പ് എച്ച് ചാമ്പ്യന്‍മാരായി പ്രീ ക്വാര്‍ട്ടറിലെത്തി. യരി മിന എന്ന മികച്ച താരവും റെഡമേല്‍ ഫാല്‍ക്കാവോയും റോഡ്രിഗസും എല്ലാം നല്ല പിന്തുണ നല്‍കുകയും ചെയ്തു. അതുകൊണ്ട് തന്നെ പാതി വഴിയില്‍ പോരാട്ടം അവസാനിപ്പിച്ചെങ്കിലും തങ്ങളുടെ താരങ്ങളെ ആരാധകര്‍ കൈവിട്ടില്ല. മേളങ്ങളുടെ അകമ്പടിയോടെയാണ് ടീമിനെ വരവേറ്റത്. പരാജയത്തിന്റെ സങ്കടത്തില്‍ നിന്ന് മുക്തരായിട്ടില്ലെന്നും അതെല്ലാം മറന്ന് തങ്ങളെ വരവേല്‍ക്കാന്‍ വന്ന ആരാധകര്‍ക്ക് നന്ദിയുണ്ടെന്നും ഫാല്‍ക്കാവോ പറഞ്ഞു. താരങ്ങളോട് നിരാശപ്പെടേണ്ടെന്ന് പറഞ്ഞ ആരാധകര്‍ ടീമിന്റെ പ്രകടനം തൃപ്തികരമായതിനാലാണ് തങ്ങള്‍ സ്വീകരണമൊരുക്കിയതെന്നും താരങ്ങളെ ഓര്‍മപ്പെടുത്തുകയും ചെയ്തു.