കരുത്തുറ്റ യുവനിരയുമായി ലോകകപ്പിലെ ഫ്രഞ്ച് പടയോട്ടം
|ആസ്ത്രേലിയയും ഡെന്മാര്ക്കും പെറുവും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്ന് സെമി വരെയുള്ള അവരുടെ യാത്ര എങ്ങനെയാണെന്ന് നോക്കാം
കരുത്തുറ്റ യുവനിരയുമായാണ് ഫ്രാന്‍സ് ഇത്തവണ റഷ്യയിലെത്തിയത്. ആസ്ത്രേലിയയും ഡെന്മാര്ക്കും പെറുവും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്ന് സെമി വരെയുള്ള അവരുടെ യാത്ര എങ്ങനെയാണെന്ന് നോക്കാം.
ലോകകപ്പിന് മുന്‍പ് തന്നെ കിരീടമുയര്‍ത്താന്‍ സാധ്യത കല്‍പ്പിക്കപ്പെട്ട ടീമുകളിലൊന്നാണ് ഫ്രാന്‍സ്. ആസ്ത്രേലിയന്‍ വെല്ലുവിളി ഒന്നിനെതിരെ 2 ഗോളുകള്‍ക്ക് അതിജീവിച്ച് ഗ്രൂപ്പ് പോരാട്ടത്തിന് അവര്‍ തുടക്കമിട്ടു.രണ്ടാം മത്സരത്തില്‍ പെറുവിന്റെ പോരാട്ടവീര്യത്തിന് മുന്നിലും പരീക്ഷിക്കപ്പെട്ടു ഫ്രാന്‍സ്. എന്നാല്‍ എംബാപെ നേടിയ ഒറ്റ ഗോളിന്റെ ഭാഗ്യത്തില്‍ പെറുവിനെതിരെയും ജയം അവര്‍ക്കൊപ്പം നിന്നു.
ഡെന്മാര്ക്കിനെതിരായ മൂന്നാം അങ്കം ഗോള്‍രഹിത സമനില. 2 ജയവും ഒരു സമനിലയുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ ഫ്രാന്‍സ് പ്രീ ക്വാര്‍ട്ടറിലേക്ക്. പ്രീ ക്വാര്‍ട്ടറില്‍ കാത്തിരുന്നത് അര്‍ജന്റീന.അര്‍ജന്റീനക്കെതിരായ മത്സരവും എളുപ്പമായിരുന്നില്ല കരുത്തര്‍ക്ക്. അടിക്ക് തിരിച്ചടി കണ്ട പോരാട്ടത്തില്‍ ആദ്യ ഗോളടിച്ച് മുന്നിലെത്തിയെങ്കിലും തുടരെ 2 ഗോളടിച്ച് അര്‍ജന്റീന ലീഡെടുത്തു.
എന്നാല്‍ പത്തൊന്‍പതുകാരനായ എംബാപെ ഫ്രാന്‍സിന്റെ വിജയതാരമായി. ഇരട്ട ഗോള്‍ നേടിയ എംബാപെ ഫ്രാന്‍സിന് മൂന്നിനെതിരെ 4 ഗോളുകളുടെ വിജയം സമ്മാനിച്ചു. ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനെ നേരിടാനെത്തിയത് യൂറുഗ്വേയ്. കവാനിയില്ലാത്ത യൂറുഗ്വായ്ക്കെതിരെ അധികം വിയര്‍പ്പൊഴുക്കേണ്ടി വന്നില്ല ഫ്രാന്‍സിന്. ഏകപക്ഷീയമായ 2 ഗോളുകള്‍ക്കായിരുന്നു അവരുടെ ജയം. ബെല്‍ജിയത്തിനെതിരെ മരണപോരാട്ടത്തിനിറങ്ങുകയാണ് ഫ്രാന്‍സ്.ജയിച്ചാല്‍ ലോകകപ്പെന്ന സ്വപ്നത്തിന്റെ ഏറ്റവുമരികിലെത്തും അവര്‍.