ഞാനില്ല ഇന്ത്യയിലേക്ക്...; ഇന്ത്യയില്‍ നടക്കുന്ന സ്ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കില്ലെന്ന് സ്വിസ് താരം
|കഴിഞ്ഞ ദിവസം ചെന്നൈയില്‍ ആരംഭിച്ച ലോക ജൂനിയര്‍ സ്ക്വാഷ് ചാമ്പ്യന്‍ഷിപ്പിന് എത്തിയ സ്വിറ്റ്‍സര്‍ലന്‍ഡ് ടീമില്‍ അവരുടെ ഒന്നാം നമ്പര്‍ താരം അംബ്രേ അലിങ്ക്സില്ല.
കഴിഞ്ഞ ദിവസം ചെന്നൈയില്‍ ആരംഭിച്ച ലോക ജൂനിയര്‍ സ്ക്വാഷ് ചാമ്പ്യന്‍ഷിപ്പിന് എത്തിയ സ്വിറ്റ്‍സര്‍ലന്‍ഡ് ടീമില്‍ അവരുടെ ഒന്നാം നമ്പര്‍ താരം അംബ്രേ അലിങ്ക്സില്ല. ഇന്ത്യയിലേക്ക് വരാന്‍ ഭയമാണെന്ന് ചൂണ്ടിക്കാട്ടി സ്വിസ് അസോസിയേഷന് അംബ്രേ വിശദീകരണവും നല്‍കി. സ്ത്രീകള്‍ക്ക് ഇന്ത്യ സുരക്ഷിതമല്ലെന്നും തന്‍റെ മാതാപിതാക്കള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത് വിലക്കുകയുമായിരുന്നുവെന്ന് അംബ്രേ പറഞ്ഞു. രാജ്യത്ത് വിദേശി വനിതകള്‍ ഉള്‍പ്പെടെ ആക്രമിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതും അന്താരാഷ്ട്ര തലത്തില്‍ വാര്‍ത്തയായത് അംബ്രേയുടെ മാതാപിതാക്കള്‍ അതീവ ഗൌരവത്തോടെ കണ്ടതാണ് സ്വിസ് ടീമിന് വിനയായത്.
രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞതോടെയാണ് മകളെ ഇന്ത്യയിലേക്ക് അയക്കേണ്ടതില്ലെന്ന് അംബ്രേയുടെ മാതാപിതാക്കള്‍ തീരുമാനിച്ചത്. തങ്ങളുടെ മകളെ ഇന്ത്യയിലേക്ക് അയച്ച് സാഹസത്തിന് തുനിയാന്‍ തയാറല്ലെന്നാണ് അംബ്രേയുടെ മാതാപിതാക്കള്‍ പറഞ്ഞതെന്ന് സ്വിസ് പരിശീലകന്‍ മാധ്യമങ്ങളെ അറിയിച്ചു. ഇതേസമയം, സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ധിക്കുന്നത് ഇറാന്‍, ആസ്ട്രേലിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുടെ താരങ്ങളിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കണമെന്നും അനാവശ്യമായി പുറത്തുപോകരുതെന്നും വസ്ത്രധാരണത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്നും താരങ്ങള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. ചെന്നൈയില്‍ 11 കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ 17 പേരെ അടുത്തിടെ അറസ്റ്റ് ചെയ്ത സംഭവവും താരങ്ങളില്‍ പരിഭ്രാന്തി പടര്‍ത്തിയിട്ടുണ്ടെന്നാണ് വിവിധ ടീമുകളുടെ ഒഫീഷ്യല്‍സ് പറയുന്നത്.